പാലക്കാട് കൊലപാതകം; പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി

പാലക്കാട് കൊലപാതകം; പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി

പാലക്കാട്: എലപ്പുള്ളിയില്‍ എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടി കൊലപെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോ​ഗിച്ചുവെന്ന് കരുതുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി.

കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. കെഎല്‍ 9 എക്യു 7901 എന്ന നമ്പറിലുള്ള കാറാണ് കഞ്ചിക്കോട് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഈ കാര്‍ ഇവിടെ നിര്‍ത്തിയിട്ടതെന്ന് സമീപത്തുള്ള കടക്കാരന്‍ പറയുന്നു.

രാവിലെ 11 ന് കടയടച്ച്‌ പോകുമ്പോള്‍ ഈ കാര്‍ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ച്‌ രണ്ട് മണിയോടെ കടയില്‍ എത്തിയപ്പോഴാണ് കാര്‍ കണ്ടത്. രാത്രി എട്ട് മണിയായിട്ടും ഇവിടെ നിന്ന് കാര്‍ കൊണ്ടു പോകാന്‍ ആരും എത്തിയില്ല. പിന്നാലെ പൊലീസിന് വിവരം നല്‍കുകയായിരുന്നുവെന്ന് കടക്കാരന്‍ പറയുന്നു.

സംഭവ സ്ഥലത്തു നിന്ന് ഏതാണ്ട് പത്ത് കിലോമീറ്ററിനുള്ളിലാണ് കാര്‍ കിടന്നിരുന്നത്. രണ്ട് കാറുകളാണ് അക്രമി സംഘം ഉപയോ​ഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച കാര്‍ നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതിനിടെ സുബൈറിന്റേതു രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐ‌ആര്‍.

സംഭവത്തില്‍ ആസൂത്രണമുണ്ടെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം എഫ്‌ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.