'ഉക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തണം; അല്ലെങ്കില്‍ പ്രത്യാഘാതം പ്രവചനാതീതമാകും': യു.എസിനും നാറ്റോയ്ക്കും വീണ്ടും റഷ്യയുടെ മുന്നറിയിപ്പ്

'ഉക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തണം; അല്ലെങ്കില്‍  പ്രത്യാഘാതം പ്രവചനാതീതമാകും': യു.എസിനും നാറ്റോയ്ക്കും വീണ്ടും റഷ്യയുടെ മുന്നറിയിപ്പ്

മോസ്‌കോ: ഉക്രെയ്ന് സൈനിക സഹായം നല്‍കുന്നതിനെതിരെ അമേരിക്കയ്ക്കും നാറ്റോയ്ക്കും മുന്നറിയിപ്പുമായി വീണ്ടും റഷ്യ. അത്യാധുനിക ആയുധങ്ങളുടെ കയറ്റുമതിയുമായി മുന്നോട്ടുപോയാല്‍, 'പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്നാണ് റഷ്യയുടെ ഭീഷണിയെന്ന് വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്‌നില്‍ റഷ്യയ്ക്ക് പ്രതീക്ഷിച്ച വേഗത്തിലുള്ള മുന്നേറ്റം നടത്താനാകാത്ത സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ ഉക്രെയ്ന് ഏറ്റവും സെന്‍സിറ്റീവ് ആയുധങ്ങള്‍ നല്‍കുന്നതിനെതിരെ നയതന്ത്ര കുറിപ്പിലാണ് യുഎസിനും നാറ്റോയ്ക്കും റഷ്യ മുന്നറിയിപ്പ് നല്‍കിയത്. നിലവിലെ സാഹചര്യത്തിന് ഊര്‍ജം പകരുന്നതാണ് ഇത്തരം ആയുധ കയറ്റുമതിയെന്നും അത് 'പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്നുമാണ് മുന്നറിയിപ്പെന്നാണ് വാഷിംങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുള്ളത്.

ഹെലികോപ്ടറുകള്‍, ഹൗറ്റ്സറുകള്‍, കവചിത കാരിയറുകള്‍ ഉള്‍പ്പെടെ ഉക്രെയ്‌നിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 800 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് റഷ്യയുടെ മുന്നറിയിപ്പ്.

'റഷ്യക്കാര്‍ ഞങ്ങളോട് സ്വകാര്യമായി പറയുന്നത് ഞങ്ങള്‍ ലോകത്തോട് പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഉക്രെയ്‌ന് ഞങ്ങള്‍ നല്‍കുന്ന വന്‍തോതിലുള്ള സഹായം അസാധാരണമാം വിധം ഫലപ്രദമാണെന്നാണ് അത് തെളിയിക്കുന്നത്'- മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. അതേസമയം നയതന്ത്ര കുറിപ്പിനെക്കുറിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിസമ്മതിച്ചു.

സ്വകാര്യ നയതന്ത്ര കത്തിടപാടുകളെക്കുറിച്ച് സ്ഥിരീകരണമുണ്ടാകില്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അഭിപ്രായപ്പെട്ടത്. 'ഒരു കാര്യം ഞങ്ങള്‍ സ്ഥിരീകരിക്കാം. സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കുമൊപ്പം ഞങ്ങള്‍ ഉക്രെയ്‌ന് ബില്യണ്‍ കണക്കിന് ഡോളറിന്റെ സുരക്ഷാ സഹായം നല്‍കുന്നു. റഷ്യയുടെ പ്രകോപനമില്ലാത്ത ആക്രമണത്തിനും ഭീകരമായ അക്രമങ്ങള്‍ക്കും എതിരെ രാജ്യത്തെ പ്രതിരോധിക്കാന്‍ ഉക്രെയ്ന്‍ അസാധാരണമായ പ്രയത്നമാണ് നടത്തുന്നത്'- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, നയതന്ത്ര കുറിപ്പ് സാധാരണ ചാനലുകളിലൂടെയാണ് അയച്ചതെന്നും മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥരൊന്നും ഒപ്പിട്ടിട്ടില്ലെന്നുമാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉക്രെയ്‌നിലെ അധിനിവേശം തുടരുന്നതിനാല്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കുമെതിരെ കൂടുതല്‍ ആക്രമണാത്മക നിലപാട് സ്വീകരിക്കാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്നാണ് പരാതിയും മുന്നറിയിപ്പും അര്‍ത്ഥമാക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.