രക്തസാക്ഷിയായ വിശുദ്ധ ആനിസെറ്റൂസ് മാര്‍പാപ്പ

രക്തസാക്ഷിയായ വിശുദ്ധ ആനിസെറ്റൂസ് മാര്‍പാപ്പ

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 17

വിശുദ്ധ പീയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായാണ് ആനിസെറ്റൂസ് 165 ല്‍ പരിശുദ്ധ സിംഹാസനത്തിലെത്തിയത്. 173 വരെ അദ്ദേഹം പാപ്പാ പദവിയില്‍ ഇരുന്നു. എമേസായില്‍ നിന്നുമുള്ള ഒരു സിറിയക്കാരനായാണ് ആനിസെറ്റൂസിനെ ചരിത്രകാരന്മാര്‍ കരുതുന്നത്.

അദ്ദേഹത്തിന്റെ ഭരണകാലം ഈസ്റ്റര്‍ ദിനത്തെക്കുറിച്ചുള്ള ചില തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരിക്കല്‍ സ്മിര്‍നായിലെ വിശുദ്ധ പോളികാര്‍പ്പ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയും ഈസ്റ്റര്‍ ദിനത്തെ കുറിച്ച് സംവദിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പേരും തമ്മില്‍ ഒരു പൊതു അഭിപ്രായത്തില്‍ എത്തിച്ചേരുവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വിശുദ്ധ പോളികാര്‍പ്പിനെ അവര്‍ക്കിഷ്ടമുള്ള ദിവസം ഈസ്റ്റര്‍ ആചരിക്കുവാന്‍ പാപ്പ അനുവദിച്ചതായി പറയപ്പെടുന്നു.

ക്രൈസ്തവ വിശ്വാസം തകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടി സാത്താന്‍ റോമിലേക്കയച്ച മതവിരുദ്ധ വാദക്കാരായ വലെന്റൈന്‍, മാര്‍സിയോണ്‍ തുടങ്ങിയവരില്‍ നിന്നും പാപ്പ തന്റെ ജനതയെ വളരെയേറെ ജാഗ്രതാപൂര്‍വ്വം സംരക്ഷിച്ചു. ഇതിനിടെ പൊന്റസിലെ സന്യാസിയായിരുന്ന മാര്‍സിയോണ്‍ ഒരു യുവതിയായ കന്യകയോടൊപ്പം തെറ്റ് ചെയ്യുവാന്‍ ഇടയായി. ഇതേ തുടര്‍ന്ന് മാര്‍സിയോണിനെ സഭയില്‍ നിന്നും പുറത്താക്കി. സഭയില്‍ തിരിച്ചെടുക്കും എന്ന പ്രതീക്ഷയില്‍ അദ്ദേഹം റോമിലെത്തി.

എന്നാല്‍ അധികാര പരിധിയിലുള്ള മെത്രാന്റെ പക്കല്‍ അനുതപിക്കുകയും പാപപരിഹാരം ചെയ്യുകയും ചെയ്താല്‍ മാത്രമേ സഭയില്‍ തിരിച്ചെടുക്കുകയുള്ളൂയെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അധികാരികള്‍ നിരാകരിച്ചു. ഇതില്‍ രോഷം പൂണ്ട അദ്ദേഹം 'മാര്‍സിയോന്‍' എന്ന പേരില്‍ മതവിരുദ്ധവാദം തുടങ്ങി. ടെര്‍ടുല്ലിയന്‍, വിശുദ്ധ എപ്പിഫാനിയൂസ് തുടങ്ങിയവര്‍ വിവരിക്കുന്നതനുസരിച്ച് താന്‍ ഒരു സമചിത്തനായ ദാര്‍ശനികനായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. മാത്രമല്ല, ഒരു പുരോഹിതനെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.

സിറിയയില്‍ നിന്നും റോമിലെത്തിയ സെര്‍ദോ എന്ന മതവിരുദ്ധ വാദിയുമൊന്നിച്ച് ഹൈജിനൂസ് പാപ്പായുടെ കാലത്ത് ആദ്യ തത്വങ്ങള്‍ സ്ഥാപിച്ചു. അവരുടെ സിദ്ധാന്ത പ്രകാരം രണ്ട് ദൈവങ്ങളുണ്ട്. ഇതില്‍ ഒരെണ്ണം എല്ലാ നല്ലതിന്റെയും സൃഷ്ടി കര്‍ത്താവും മറ്റൊരെണ്ണം എല്ലാ തിന്മകളുടേയും സൃഷ്ടി കര്‍ത്താവുമാണ്. വഴിതെറ്റിച്ചവരെ തിരിച്ചു കൊണ്ട് വരികയാണെങ്കില്‍ സഭയില്‍ തിരിച്ചെടുക്കാമെന്നുള്ള വാഗ്ദാനം വിശുദ്ധ ആനിസെറ്റൂസ് ആ മതവിരുദ്ധ വാദിക്ക് നല്‍കി.

റോമന്‍ രക്തസാക്ഷി സൂചികയിലും മറ്റുള്ള സൂചികകളിലും ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ആനിസെറ്റൂസിനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്. വിശ്വാസത്തിനു വേണ്ടി തന്റെ ചോര ചിന്തി കൊണ്ടല്ലെങ്കിലും അതികഠിനമായ പീഡനങ്ങളും വേദനകളും സഹിച്ചാണ് വിശുദ്ധന്‍ രക്തസാക്ഷി കിരീടം ചൂടിയത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. പീറ്ററും ഹെര്‍മോജെനസും

2. ഇറ്റലിയില്‍ ടോര്‍ടോണയിലെ ഇന്നസെന്റ്

3. അയിഗ് ദ്വീപില്‍ വച്ച് വധിക്കപ്പെട്ട ഡൊണ്ണാന്‍

4. ആന്റിയോക്കിലെ ഫോര്‍ത്തൂണാത്തൂസും മാര്‍സിയനും

5. കൊര്‍ഡോവായിലെ ഏലിയാസും പോളും ഇസിദോരും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.