കൊളംബോ: ലോക മനസാക്ഷിയെ ഞെട്ടിച്ച ശ്രീലങ്കയിലെ 2019 ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങള്‍ നടന്ന് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഇരകള്‍ക്ക് നീതി ലഭ്യമായില്ല. ശ്രീലങ്കന്‍ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ സഭയ്ക്കും ഇരകള്‍ക്കും നീതി ലഭ്യമാക്കാനുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. അന്നത്തെ ശ്രീലങ്കന്‍ സര്‍ക്കാരിനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് കര്‍ദ്ദിനാളിന്റെ വാദം.
അന്വേഷണത്തില്‍ ഇതിനോടകം 735 പേരെ പ്രതി ചേര്‍ത്തെങ്കിലും ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അന്വേഷണത്തെക്കുറിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും കാര്യമായ അന്വേഷണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് ശ്രീലങ്കന്‍ ക്രൈസ്തവരുടെ നീതിക്കു വേണ്ടി പോരാടുന്ന സുരിനി നിരോഷനി പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച മുന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ ശിക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചാവേര്‍ ബോംബര്‍മാരാണ് ആക്രമണം നടത്തിയത്. മൂന്നു പള്ളികള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്‌ഫോടനങ്ങളില്‍ 37 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 269 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഭീകരാക്രമണം നടന്ന് ഏകദേശം മൂന്നു വര്‍ഷം തികയുന്നതിന് തൊട്ടു മുമ്പാണ് സംഭവത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. കമ്മീഷന്റെ കണ്ടെത്തലുകളും നിഗമനങ്ങളും പുറത്തുവിടാന്‍ നിരവധി തവണ അഭ്യര്‍ത്ഥന നടത്തിയിട്ടും സഭയ്ക്ക് ഇവ ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ കമ്മീഷനിലും സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.