കുട്ടികള്‍ വീണ്ടും കൂട്ടമായി പഠനത്തിലേക്കും കളികളിലേക്കും തിരിയുമ്പോള്‍ മാതാപിതാക്കളുടെ മനസില്‍ ആധിയാണ്. കോവിഡില്‍ നിന്നും പൂര്‍ണമായി മോചിപ്പിക്കപ്പെടാത്ത സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. ഈ ഘട്ടത്തില്‍ കുട്ടികളുടെ ആരോഗ്യത്തെ ചൊല്ലി ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്.
ഇതിനിടെ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനും എത്തിയിരുന്നു. എന്നാലിപ്പോഴും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ മടിക്കുന്നവരും കുറവല്ല. ഇക്കാര്യത്തില്‍ പ്രത്യേകിച്ച് പേടിക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
അതുപോലെ കുട്ടികളിലെ കോവിഡ് വിഷയത്തിലും അത്രമാത്രം ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കുട്ടികളില്‍ മിക്കപ്പോഴും കോവിഡ് നേരിയ രീതിയിലാണ് പിടിപെടുക. ഇതുവരെയുള്ള അനുഭവങ്ങള്‍ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ കാര്യമായ ചികിത്സയും അവര്‍ക്കാവശ്യമായി വരില്ല.
എന്നാല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും രോഗവ്യാപനത്തെക്കുറിച്ച് ശ്രദ്ധയുള്ളവരും ആയിരിക്കണം. ഇവയെല്ലാം തന്നെ മാതാപിതാക്കളാണ് കാര്യമായും ശ്രദ്ധിക്കേണ്ടത്. ഇപ്പോള്‍ ധാരാളം പേര്‍ മാസ്‌ക് ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ കുട്ടികളുടെ കാര്യം വരുമ്പോള്‍ ഈ അലംഭാവം നല്ലതല്ല. അവരെ വിഷയത്തിന്റെ ഗൗരവം സ്നേഹത്തോടെ പറഞ്ഞു മനസിലാക്കുകയും വേണം.
സ്‌കൂളിലെത്തിയാല്‍ മറ്റുള്ള സമയത്തെ അപേക്ഷിച്ച് ഭക്ഷണ സമയത്താണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. കാരണം ആ സമയത്ത് എല്ലാ കുട്ടികളും മാസ്‌ക് മാറ്റിവയ്ക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ അധിക സമയം കളയാതെ കൂടുതല്‍ പേരുമായി ഇടപെടാതെ പെട്ടെന്ന് തന്നെ കഴിച്ച് തിരിച്ച് മാസ്‌ക് ധരിക്കേണ്ടതുണ്ടെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം.
കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ വച്ച് നോക്കുകയാണെങ്കില്‍ കുട്ടികളുടെ കാര്യത്തില്‍ അത്ര പേടിക്കാനൊന്നുമില്ല. അവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ പോലും അത് ഗൗരവമായ അവസ്ഥകളിലേക്ക് എത്തിക്കാണുന്നത് അപൂര്‍വ്വമാണ്. രോഗത്തിന്റെ ഭാഗമായി വരുന്ന ലക്ഷണങ്ങള്‍ ഗൗരവമാണെങ്കില്‍ അതിന് തക്ക ചികിത്സ മാത്രം നല്‍കിയാല്‍ മതിയാകും.
അനാവശ്യമായ ആശങ്ക കുട്ടികള്‍ക്കോ, മാതാപിതാക്കള്‍ക്കോ ഇക്കാര്യത്തില്‍ വേണ്ടെന്ന് ഡല്‍ഹി എയിംസ് ഡയറക്ടറും കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തി വരികയും ചെയ്യുന്ന ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു.
കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം വിദഗ്ധരെല്ലാം തന്നെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. വാക്സിന്‍ നല്‍കും മുമ്പ് ആവശ്യമെങ്കില്‍ കുട്ടികളെ പീഡിയാട്രീഷ്യനെ കാണിക്കാം. വാക്സിന് മുമ്പ് അവര്‍ക്ക് മരുന്നുകളോ ഗുളികകളോ ഒന്നും നല്‍കേണ്ടതില്ല. എന്നാല്‍ വാക്സിന് ശേഷം പനിയോ മറ്റോ അനുഭവപ്പെട്ടാല്‍ പാരസെറ്റമോള്‍ പോലുള്ള ( കുട്ടികള്‍ക്ക് നല്‍കാവുന്നത്) പരിഹാരങ്ങള്‍ തേടാം.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി തന്നെ 70 മുതല്‍ 90 ശതമാനം വരെയും ഉള്ള കുട്ടികള്‍ക്ക് പലരീതിയില്‍ കോവിഡ് പിടിപെട്ടിരിക്കാം എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ സ്‌കൂള്‍ ഒരു പ്രധാന രോഗവ്യാപന കേന്ദ്രമായി കണക്കാക്കേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്. കോവിഡ് ബാധിച്ച കുട്ടിയാണെങ്കില്‍ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിന്‍ നല്‍കാവൂ. ഇക്കാര്യവും മാതാപിതാക്കള്‍ പ്രത്യേകം ഓര്‍മ്മിക്കണമെന്ന് വിദഗ്ദര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.