കീവ്: ശക്തമായ സൈനീക നീക്കത്തോടെ ക്രെമിന പട്ടണം പിടിച്ചെടുത്തതായി റഷ്യ. ഉക്രെയ്‌നിലെ കൂടുതല്‍ മേഖലകളില്‍ ആധിപത്യമുറപ്പിക്കാനായി റഷ്യന്‍ സേന പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. തുറമുഖനഗരമായ മരിയുപോളും കീഴടങ്ങലിന്റെ വക്കിലാണ്. മരിയുപോളില്‍ കീഴടങ്ങാന്‍ ഉക്രെയ്ന്‍ സേനയ്ക്ക് പുതിയ അന്ത്യശാസനം ഇന്നലെ റഷ്യ നല്‍കി.
കിഴക്കന്‍ ഉക്രെയ്‌നില്‍ പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യത്തെ പട്ടണമാണ് ക്രെമിന. ഇവിടെ നിന്ന് ഉക്രെയ്ന്‍ സൈനികരെല്ലാം പിന്മാറിയതായാണ് വിവരം. ഇതോടെ ലുഹാന്‍സ്‌കും ഡോനെട്‌സ്‌കും ചേര്‍ന്നുള്ള ഡോണ്‍ബാസ് മേഖല മുഴുവന്‍ റഷ്യ കൈപ്പിടിയിലൊതുക്കി. ഭൂരിഭാഗം ജനങ്ങളും റഷ്യന്‍ ഭാഷ സംസാരിക്കുന്ന പ്രദേശമാണ് ഡോണ്‍ബാസ്.
കരിങ്കടല്‍ തീരത്തെ പരമപ്രധാന നഗരമായ മരിയുപോളില്‍ ഉക്രെയ്ന്‍ ചെറുത്തുനില്‍പ് അവസാന മണിക്കൂറുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ ഭൂരിഭാഗവും ഇതിനകം കൈവിട്ടെങ്കിലും പ്രശസ്തമായ അസോവ്സ്റ്റല്‍ ഉരുക്കുനിര്‍മാണ പ്ലാന്റ് താവളമാക്കി ഉക്രെയ്ന്‍ സൈനികര്‍ ചെറുത്തുനില്‍ക്കുന്നതാണ് റഷ്യക്ക് തലവേദനയാകുന്നത്.
1,000 ഓളം സാധാരണക്കാരും വിശാലമായ പ്ലാന്റിനുള്ളില്‍ അഭയം തേടിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഇവിടെ കഴിയുന്നതിനാല്‍ നേരിട്ട് ആക്രമണത്തിന് സാധ്യമല്ല. 14,000 റഷ്യന്‍ സൈനീകരെ നേരിടാന്‍ 3,000 താഴെ ഉക്രെയ്ന്‍ പോരാളികളെ ഇവിടുള്ളു. മരിയുപോളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാറിലായതിനാല്‍ റഷ്യന്‍ അധിനിവേശം ഏതറ്റംവരെ എത്തിയെന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമല്ല.
മാര്‍ച്ച് രണ്ടു മുതല്‍ റഷ്യ ഉപരോധമേര്‍പ്പെടുത്തിയ പട്ടണമാണ് മരിയുപോള്‍. പൂര്‍ണാര്‍ഥത്തിലല്ലെങ്കിലും ഇവിടെ നിയന്ത്രണം റഷ്യന്‍ സൈനികര്‍ക്കാണ്. ഉക്രെയ്‌ന്റെ കിഴക്ക് ഡോണ്‍ബസ് മേഖലയും 2014ല്‍ റഷ്യ പിടിച്ചടക്കിയ ക്രിമിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന നഗരമായതിനാല്‍ എന്തു വിലകൊടുത്തും മരിയുപോള്‍ പിടിക്കുമെന്ന് റഷ്യ ഉറപ്പിച്ചമട്ടാണ്.
ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ടണ്‍ ഉരുക്ക് ഉല്‍പാദിപ്പിക്കുന്ന അസോവ്സ്റ്റല്‍ പിടിച്ചാല്‍ മരിയുപോളില്‍ ഉക്രെയ്‌ന് ഒന്നും ബാക്കിയുണ്ടാവില്ല. 1990കളില്‍ അന്നത്തെ സോവിയറ്റ് റഷ്യ സ്ഥാപിച്ചതാണ് ഈ പ്ലാന്റ്. നിലവില്‍ യുക്രെയ്‌നിലെ ഏറ്റവും വലിയ സമ്പന്നന്‍ റിനത് അഖ്മദോവിന്റെ ഉടമസ്ഥതയിലാണിത്. അസോവ് കടലിന് അഭിമുഖമായി 11 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചു. സമാധാന ചര്‍ച്ചകള്‍ ഉക്രെയ്ന്‍ ഉഴപ്പുകയാണെന്ന് ആരോപിച്ച റഷ്യ, തന്ത്രപ്രധാന സൈനികകേന്ദ്രങ്ങളില്‍ ബോംബാക്രമണം രൂക്ഷമാക്കി. ഇത്തരം 16 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹര്‍കീവ്, സപോറീഷ, ഡോനെട്‌സ്‌ക്, നിപ്രോപെട്രോവ്‌സ് മേഖലകളിലും മിക്കലയേവ് തുറമുഖത്തുമാണ് ആക്രമണം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.