ജെറുസലേം: യേശു ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന ജെറുസലേമിലെ തിരുക്കല്ലറ പള്ളി എന്നറിയപ്പെടുന്ന ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ മധ്യകാല ഘട്ടത്തില്‍ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന പുരാതന അള്‍ത്താര കണ്ടെത്തി.
1244 ല്‍ ജെറുസലേം മുസ്ലീങ്ങള്‍ തിരിച്ചു പിടിക്കുന്നത് വരെ കത്തോലിക്കാ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനായി ഉപയോഗിച്ചിരുന്ന അള്‍ത്താരയാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിരിക്കുന്നതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1808 ല്‍ ഉണ്ടായ അഗ്‌നിബാധയില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ദേവാലയത്തിന്റെ പിന്‍ഭാഗത്തെ ഇടനാഴിയുടെ ഭിത്തിയില്‍ ചേര്‍ന്നിരുന്ന ശിലാപാളിയുടെ പിന്‍ഭാഗത്തായി കണ്ടെത്തിയ അലങ്കാരങ്ങളും ചമയങ്ങളുമാണ് ഈ ശിലാപാളി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വിശുദ്ധ കുര്‍ബാനക്കായി ഉപയോഗിച്ചിരുന്ന അള്‍ത്താരയുടെ മുന്‍ഭാഗമായിരുന്നുവെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചത്.
പുതിയ കണ്ടെത്തല്‍ യേശുക്രിസ്തുവിനെ അടക്കം ചെയ്യപ്പെട്ട ഈ സ്ഥലത്തിന്റെ പ്രാധാന്യം വീണ്ടും വര്‍ധിപ്പിക്കുമെന്ന് ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റിന്റെ ചീഫ് സെക്രട്ടറിയായ അരിസ്റ്റാര്‍ക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. കൗതുകകരമായ സംഭവമാണിതെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റിയിലെ ഗവേഷകനായ അമിത് റെയീം പറഞ്ഞു.
അമൂല്യമായ മാര്‍ബിള്‍ കഷണങ്ങളും ചില്ലുകഷണങ്ങളും ഉപയോഗിച്ച് ബൈസന്റൈന്‍, പുരാതന കലാശൈലികള്‍ സമന്വയിപ്പിച്ചാണ് ശിലാപാളിയിലെ അലങ്കാര പണികള്‍ നടത്തിയിരിക്കുന്നത്. ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ ഇല്യാ ബെര്‍ക്കോവിച്ചിനോടൊപ്പമാണ് റെയീം ഇവിടെ ഗവേഷണം നടത്തുന്നത്.
12, 13 നൂറ്റാണ്ടുകളിലെ സമാന ശൈലിയിലുള്ള അള്‍ത്താരകള്‍ ഇതിനു മുന്‍പ് റോമില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റെയീം പറഞ്ഞു. അതേസമയം തിരുക്കല്ലറ പള്ളിയിലെ അള്‍ത്താര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ എക്‌സ്‌പ്ലൊറേഷന്‍ സൊസൈറ്റി വൈകാതെ പുറത്തു വിട്ടേക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.