ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരുമെന്നു സുപ്രീം കോടതി. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. നടപടി നിര്‍ത്തി വയ്ക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അനധികൃത കയ്യേറ്റമെന്ന പേരില്‍ ഇടിച്ചുനിരത്തല്‍ തുടര്‍ന്നത് ഗൗരവകരമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എല്‍.എന്‍.റാവു, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സംഭവത്തില്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടക്കം എതിര്‍ സത്യവാങ്മൂലം നല്‍കണം. സംഘര്‍ഷമുണ്ടാക്കിയവരുടെ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്താന്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത മേയര്‍ക്കു കത്തയച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തൊട്ടുപിന്നാലെയുള്ള നടപടി സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരില്‍ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് ആരോപണം.
ഇന്നലെ രാവിലെ 10 മുതലാണ് ഇടിച്ചുനിരത്തല്‍ തുടങ്ങിയത്. 10.30നു സുപ്രീം കോടതി ചേര്‍ന്ന ഉടന്‍ മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ പി.വി.സുരേന്ദ്രനാഥ് എന്നിവര്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ചില്‍ വിഷയം അവതരിപ്പിക്കുകയും തുടര്‍ന്നു കോടതി നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതു പാലിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ കോടതി വീണ്ടും ഇടപെട്ട് ഇടിച്ചു നിരത്തല്‍ നിര്‍ത്തിവയ്പിക്കുമ്പോഴേക്കും രണ്ട് മണിക്കൂറിലേറെ പിന്നിട്ടിരുന്നു. അനധികൃത കയ്യേറ്റമല്ലെന്നു തെളിയിക്കാനുള്ള സാവകാശം അനുവദിക്കാതെയായിരുന്നു ഇടിച്ചു നിരത്തലെന്നു നടപടിക്ക് ഇരയായവര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.