പസഫിക് തീരത്ത് ചൈനയുടെ സൈനീക താവള കരാര്‍; രാജ്യസുരക്ഷാ ഭീഷണിയില്‍ ആശങ്കയോടെ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും

പസഫിക് തീരത്ത് ചൈനയുടെ സൈനീക താവള കരാര്‍; രാജ്യസുരക്ഷാ ഭീഷണിയില്‍ ആശങ്കയോടെ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും

ബയ്ജിങ്: രാജ്യ സുരക്ഷയ്ക്ക് കടുത്ത ഭീഷണ ഉയര്‍ത്തി പസഫിക് തീരത്ത് സൈനീക താവളം സ്ഥാപിക്കാനുള്ള കരാറില്‍ സോളമന്‍ ദ്വീപുകളുമായി ചൈന ഒപ്പുവച്ചതോടെ ആശങ്കയുടെ മുള്‍മുനിയിലായി ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും.

ഓസ്‌ട്രേലിയയില്‍ നിന്ന് വെറും 2000 കിലോമീറ്റര്‍ മാത്രം മാറിയാണ് കിഴക്കന്‍ പസഫിക് അതിര്‍ത്തിയില്‍ സൈനീക താവളത്തിനുള്ള സുരക്ഷാ കരാറില്‍ സോളമന്‍ ദ്വീപുമായി ചൈന ഒപ്പുവച്ചത്.

പുതിയ പസഫിക് സഖ്യസേനയ്ക്ക് സൈന്യത്തെയും യുദ്ധ സാമഗ്രഹികളും അയയ്ക്കാനും ദ്വീപുകളില്‍ നാവിക കപ്പലുകള്‍ താവളമിടാനും അനുവദിക്കുന്ന സുരക്ഷാ കരാറില്‍ ഒപ്പിട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൊവാഴ്ച വൈകിയാണ് പ്രഖ്യാപിച്ചത്. ചൈനയും പസഫിക്കിലെ ഒരു രാജ്യവും തമ്മിലുള്ള ആദ്യത്തെ അറിയപ്പെടുന്ന ഉഭയകക്ഷി സുരക്ഷാ കരാറാണിത്.

ഇതുവഴി ചൈനയ്ക്ക് സോളമന്‍ ഐലന്റിലെ കിഴക്കന്‍ അതിര്‍ത്തിയില്‍ സൈനിക താവളം സ്ഥാപിക്കാന്‍ സൗകര്യമൊരുങ്ങും. ഓസ്‌ട്രേലിയന്‍ തീരത്ത് നിന്ന് വെറും 2,000 കിലോമീറ്ററില്‍ താഴെ മാത്രമെ ഇവിടേക്ക് അകലമുള്ളു. ചൈനീസ് യുദ്ധക്കപ്പലുകള്‍ തെക്കന്‍ പസഫിക് മേഖലയയില്‍ നങ്കൂരമിടുന്നത് ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ കരാര്‍ സംബന്ധിച്ച് ചൈനയും സോളമന്‍ ദ്വീപുകളും ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് 2021 ല്‍ സോളമന്‍ ദ്വീപിലെ പ്രതിപക്ഷ നേതാവായ മാത്യു വാലെയാണ് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി മനശെ സോഗവാരെയുടെ വിശ്വസ്തര്‍ മാത്രം ഉള്‍പ്പെട്ട ചെറിയ സംഘമാണ് കരാര്‍ ചര്‍ച്ച ചെയ്തത്.



രഹസ്യം പുറത്തുവന്നതോടെ രാജ്യാന്തര നയതന്ത്രജ്ഞര്‍ ആശ്ചര്യം രേഖപ്പെടുത്തുകയും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ആശങ്ക അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. കരാറിനെതിരെ വിമര്‍സനം ഉന്നയിച്ച് യുഎസും രംഗത്തെത്തിയിരുന്നു.

പസഫിക് മേഖലയില്‍ സ്വാധീനം ശക്തമാക്കുകയെന്ന ചൈനയുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് സുരക്ഷാ കരാര്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ന്യൂസിലന്‍ഡ് അടക്കമുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടത്തി. ചൈനയുടെ സൈനിക സാന്നിധ്യം ഓസ്ട്രേലിയന്‍ തീരത്തിന് അടുത്തേക്കു വരുന്നത് ഏറെ ഗൗരവത്തോടെയാണ് അമേരിക്ക അടക്കമുള്ള രാജ്യാന്തര സമൂഹം കാണുന്നത്.

ചൈന ഉയര്‍ത്തുന്ന ഭീഷണി പുതിയതല്ലെങ്കിലും തങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കുടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് സ്‌കോട്ട് മോറിസണ്‍ ചൂണ്ടിക്കാട്ടി.

ഇതൊരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല, മേഖലയിലെ ആഭ്യന്തര സുരക്ഷയുടെ പ്രശ്നമാണ്. സോളമന്‍ ദ്വീപുകളില്‍ ചൈനയുടെ സൈനിക സാന്നിധ്യം ഉണ്ടാകുന്നത് ഏറെ ആശങ്കാജനകമാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസിന്ദ ആര്‍ദ്രനും പറഞ്ഞു.

എന്നാല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഉയര്‍ത്തിയ ആശങ്കകളെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ തള്ളിക്കളഞ്ഞു. തങ്ങളുമായുള്ള സഹകരണത്തെ സോളമന്‍ ദീപുകളുടെ ഭരണകൂടവും ജനങ്ങളും ഏറെ ഊഷ്മളമായാണ് സ്വീകരിച്ചതെന്നാണ് ചൈനയുടെ നിലപാട്.

രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുമായുള്ള ധാരണയെന്നാണ് സോളമന്‍ ദ്വീപ് ഭരണാധികാരി മനാസെ സൊഗാവാരെ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.