തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയ പൊലീസുകാരന് എതിരെ അന്വേഷണം. മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിന് എതിരെയാണ് അന്വേഷണം.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സമരക്കാരെ പൊലീസുകാരന്‍ ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴക്കൂട്ടം കരിച്ചാറയില്‍ കെ റെയില്‍ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാരെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ബൂട്ടിട്ട് ചവിട്ടിയത്.
രാവിലെ പത്ത് മണിയോടെയാണ് കനത്ത പൊലീസ് കാവലില്‍ ഉദ്യോഗസ്ഥര്‍ കരിച്ചാറയില്‍ കല്ലിടല്‍ നടപടികള്‍ക്കായി എത്തിയത്. വിവരമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും അടക്കമുള്ള പ്രതിഷേധക്കാരുമെത്തി. സര്‍വേ ഉദ്യോഗസ്ഥരെയും പൊലീസിനെയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തിനിടെ ഒരാള്‍ ബോധരഹിതനായി വീണു. സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരു പൊലീസുകാരന്‍ പ്രതിഷേധക്കാരെ ചവിട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.