മിഷിഗണ്‍: രോഗം വീല്‍ചെയറിലാക്കിയ ജീവിതത്തില്‍നിന്ന് ദൈവത്തിന്റെ കരം പിടിച്ച് എഴുന്നേറ്റു നടന്ന കഥ പറയുമ്പോള്‍ ഡാനി ലോറിയോണിന്റെ മുഖത്ത് അത്ഭുതം വിരിയും. രോഗശാന്തി ഒരു അത്ഭുതമായി ജീവിതത്തില്‍ നേരിട്ടനുഭവിച്ചതിന്റെ സന്തോഷമാണ് ഈ അമേരിക്കന്‍ യുവതി പങ്കുവയ്ക്കുന്നത്.
ഈ ഏപ്രിലില്‍ താന്‍ വീല്‍ചെയറിലായതിന്റെ പതിമൂന്നാം വര്‍ഷത്തിലേക്കു കടക്കേണ്ടതായിരുന്നുവെന്ന് മിഷിഗണ്‍ സ്വദേശിനിയായ ഡാനി ലോറിയോണ്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ പുഞ്ചിരിയോടെ ഓടിനടക്കുകയാണ് ഈ 46 വയസുകാരി. ദൈവത്തിന്റെ കരസ്പര്‍ശമേറ്റ അനുഭവം ഡാനിയും ആ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച ഭര്‍ത്താവ് ഡഗ്ഗും ആ സന്തോഷം പങ്കുവച്ചു.
അമ്പതു നോമ്പിന്റെ വിശുദ്ധി നിറഞ്ഞ നാളുകളിലാണ് ആ അത്ഭുതം സംഭവിച്ചത്. മാര്‍ച്ചില്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന രോഗശാന്തി ശുശ്രൂഷയ്ക്കിടെ ഡാനി വീല്‍ചെയറില്‍നിന്ന് തനിയെ എഴുന്നേറ്റു നടന്നു. അതേ നിമിഷത്തില്‍തന്നെ, മാസങ്ങളായി ഡാനിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ശ്വസന സഹായി ഒഴിവാക്കാനും സാധിച്ചു. ഇത് ഒരു അത്ഭുതമാണെന്ന് ഡാനി പറയുമ്പോള്‍ 37 വര്‍ഷമായി നഴ്സായി ജോലി ചെയ്യുന്ന ഡഗ്ഗും അതു സമ്മതിക്കുന്നു.
ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഡാനി വളര്‍ന്നത്. പോസ്ചറല്‍ ഓര്‍ത്തോസ്റ്റാറ്റിക് ടാക്കികാര്‍ഡിയ സിന്‍ഡ്രോം' എന്ന രോഗാവസ്ഥയായിരുന്നു ഡാനിക്ക്. 2009 ഏപ്രിലിലാണ് ഈ രോഗം കണ്ടെത്തിയത്. നെഞ്ചിടിപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതായിരുന്നു രോഗം. ആരോഗ്യസ്ഥിതി വഷളായതോടെ തനിയെ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാതെയായി. ആശുപത്രിയില്‍ ദീര്‍ഘകാലം കഴിയേണ്ടി വന്നു. പിന്നീട് വീല്‍ചെയറിലായി ജീവിതം. ഈ കാലയളവിലാണ് നഴ്‌സായ ഡഗ്ഗിനെ വിവാഹം കഴിക്കുന്നത്.
രോഗാവസ്ഥ ഡാനിയുടെ ശ്വസനത്തെയും ബാധിച്ചു. തൊണ്ടയില്‍ ഒരു ദ്വാരമുണ്ടാക്കി വെന്റിലേറ്റര്‍ ഘടിപ്പിച്ചു. ശ്വസന സഹായി ഇല്ലാതെ ജീവിക്കാനാകാത്ത അവസ്ഥയിലെത്തി.
ഡാനി ആശുപത്രിക്കിടക്കയില്‍
ഡാനി സാധാരണപോലെ നടക്കാനുള്ള സാധ്യതയെക്കുറിച്ച് ഫിസിയോ തെറാപ്പിസ്റ്റിന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇതുകൂടാതെ ശ്വാസനാളത്തിലെ കോശങ്ങള്‍ കൂടുതല്‍ ദുര്‍ബലവുമായിക്കൊണ്ടിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് ഡാനിയും ഡഗ്ഗും അടുത്തുള്ള കത്തീഡ്രലില്‍ നടക്കുന്ന രോഗശാന്തി ശുശ്രൂഷയെക്കുറിച്ച് അറിഞ്ഞത്. അതില്‍ പങ്കെടുക്കാന്‍ അവര്‍ തീരുമാനിച്ചു.
ആ രാത്രിയില്‍ ഗാനശുശ്രൂഷ നടക്കുന്ന സമയം തന്റെ കാതുകളില്‍ വെള്ളം പതിക്കുന്നതു പോലെയും അത് ശരീരമാസകലം വ്യാപിക്കുന്നതു പോലെയും അനുഭവപ്പെട്ടു. ഡാനി ഹൃദയമുരുകി ദൈവത്തോടു പ്രാര്‍ഥിച്ചു. തുടര്‍ന്ന് അവള്‍ തന്നെ വെന്റിലേറ്റര്‍ മാറ്റി. സാധാരണ അതു മാറ്റുമ്പോഴുള്ള അസ്വസ്ഥതയൊന്നും ഡാനി പ്രകടിപ്പിച്ചില്ല. അവളുടെ അടുത്തു നിന്നിരുന്ന ഭര്‍ത്താവും അമ്മയും ഇതുകണ്ട് അമ്പരന്നു. ആരുടെയും സഹായമില്ലാതെ ഡാനി എഴുന്നേറ്റു നടന്നു.
പ്രാര്‍ഥനയുടെ ശക്തിയെക്കുറിച്ചാണ് ഡാനി ഇപ്പോള്‍ സംസാരിക്കുന്നത്. പ്രാര്‍ഥിക്കുമ്പോള്‍ ആവശ്യമായതെല്ലാം ദൈവത്തോടു ചോദിച്ചുകൊള്ളുക. അവിടുത്തേക്ക് അതു നല്‍കാന്‍ കഴിയും. 'ഞാന്‍ എന്റെ കൈകള്‍ ഉയര്‍ത്തി, എന്റെ കരം പിടിക്കാന്‍ ദൈവത്തോട് ആവശ്യപ്പെട്ടു. തനിക്ക് ദൈവത്തെ ആവശ്യമാണെന്നും പരിപാലിക്കണമെന്നും അവിടുത്തോട് ആവശ്യപ്പെട്ടു-ഡാനി പറഞ്ഞു.
ഇവിടെ സംഭവിച്ച അത്ഭുതം വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമാണ്. ക്രിസ്തു ഇന്നും ജീവിക്കുന്നതിന്റെ അടയാളമാണിതെന്ന് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച വൈദികന്‍ കാള്‍ പങ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.