മോദിയെ പ്രശംസിച്ച് ഹാര്‍ദിക് പട്ടേല്‍; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ്, യുവനേതാവ് ബിജെപിയിലേക്കെന്ന് സൂചന

മോദിയെ പ്രശംസിച്ച് ഹാര്‍ദിക് പട്ടേല്‍; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ്, യുവനേതാവ് ബിജെപിയിലേക്കെന്ന് സൂചന

ഗാന്ധിനഗര്‍: നേതാക്കള്‍ക്കെതിരേ കഴിഞ്ഞയാഴ്ച്ച രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ട ഗുജറാത്ത് പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലിന്റെ മോദി സ്തുതയില്‍ ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം. പട്ടേല്‍ സംവരണ സമരത്തിലൂടെ വീര പരിവേഷം ലഭിച്ച ഹാര്‍ദിക് പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഹാര്‍ദിക്കിന്റെ വരവ് കോണ്‍ഗ്രസിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിരുന്നു.

ഇപ്പോള്‍ മോദി സ്തുതിയിലൂടെ ഹാര്‍ദിക് ബിജെപിയിലേക്ക് അടുക്കുകയാണെന്ന് ഗുജറാത്തിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസില്‍ നിന്നാല്‍ ഭാവിയില്ലെന്ന തിരിച്ചറിവിലേക്ക് യുവനേതാവ് എത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തി പത്രമായ ദിവ്യ ഭാസ്റിന് ഹാര്‍ദിക് നല്‍കിയ അഭിമുഖം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു.

ബിജെപിയെയും മോദിയെയും സ്തുതിച്ചതിലൂടെ ഹാര്‍ദിക് കോണ്‍ഗ്രസിനെ വഞ്ചിച്ചെന്ന് നേതാക്കള്‍ കരുതുന്നു. രാമക്ഷേത്ര നിര്‍മ്മാണം, കശ്മീരിലെ 370-ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവയെ ഹര്‍ദിക് പിന്തുണയ്ക്കുകയും ചെയ്തു. അഭിമുഖത്തില്‍ ബിജെപിയില്‍ ചേരുമെന്ന സൂചനകള്‍ ഹാര്‍ദിക് നല്‍കിയിട്ടുണ്ട്.

വര്‍ക്കിംഗ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് യുവനേതാവ് ആരോപണമുയര്‍ത്തിയിരുന്നു. പട്ടേല്‍ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതും ഹാര്‍ദിക്കിന് രസിച്ചിട്ടില്ലെന്നാണ് വിവരം.

ഹാര്‍ദിക് പാര്‍ട്ടി വിട്ടാല്‍ ഈ വര്‍ഷം ഡിസംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാകും. നിലവില്‍ കാര്യമായ ഏകോപനമില്ലാത്ത അവസ്ഥയിലാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ്. എഎപി ഗുജറാത്ത് ലക്ഷ്യമാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.