എയ്ഞ്ചല്‍ വോയ്സ് ഡയറക്ടർ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു

എയ്ഞ്ചല്‍ വോയ്സ് ഡയറക്ടർ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു

മൂവാറ്റുപുഴ: കലാപ്രവര്‍ത്തന രംഗത്തെ സജീവ പ്രവർത്തകനായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം (79) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12.45ന് എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് പാലാരിവട്ടത്തുള്ള സഹോദരിയുടെ വസതിയിൽ എത്തിച്ചശേഷം ഭൗതികശരീരം മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റൽ എത്തിക്കും. ഏപ്രിൽ 25ന് മൂവാറ്റുപുഴ ഹോളി മാഗി ദേവാലയത്തിൽ രാവിലെ പതിനൊന്നിന് പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

പേരുകേട്ട ഗാനമേള സമിതിയായ മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ കലാരംഗത്തെ സേവനങ്ങളും നിസ്തുലമാണ്. അയ്യായിരത്തിലേറെ വേദികളിൽ ഇതിനോടകം അദേഹം ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

1943 ഒക്‌ടോബർ 18-ന് പാലാ രാമപുരം കച്ചിറമറ്റത്തില്‍ വീട്ടിൽ പരേതനായ കുര്യന്റെയും കുഞ്ഞമ്മയുടെയും 10 മക്കളില്‍ നാലാമനായി ഫാ. കുര്യാക്കോസ് ജനിച്ചു. രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് പ്രൈമറി സ്കൂള്‍, കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കോതമംഗലം മൈനര്‍ സെമിനാരി, മംഗലാപുരം കങ്കനാടി സെന്റ് ജോസഫ് മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍നിന്ന് വൈദിക പഠനവും പൂര്‍ത്തിയാക്കി.


കോതമംഗലം കത്തീഡ്രലില്‍ 1967ല്‍ സഹവികാരിയായി പൗരോഹിത്യ ജീവിതം തുടങ്ങി. കേരളത്തിൽ ആദ്യമായിത്തന്നെ ക്രിസ്മസ് കരോൾ ടാബ്ലോ സംഘം രൂപീകരിച്ച് ക്രിസ്മസ് രാത്രിയിൽ പരിപാടികൾ അവതരിപ്പിച്ചതും ഫാ. കുര്യാക്കോസ് കച്ചിറമറ്റമാണ്. ആ പതിവ് ഇന്നും മുടക്കമില്ലാതെ തുടരുന്നുണ്ട്. കത്തീഡ്രൽ ദൈവാലയത്തിലെ ശുശ്രൂഷാകാലഘട്ടം തന്നെയാണ് അദ്ദേഹത്തിന്റെ കലാജീവിതത്തിന് അടിത്തറ പാകിയത്.

കോതമംഗലം പള്ളി കേന്ദ്രീകരിച്ച് റൈസിങ് സ്റ്റാര്‍ എന്ന സമിതി രൂപീകരിച്ച് ഗാനമേള, നാടകം എന്നിവ അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനത്തില്‍ സജീവമായത്. മൂവാറ്റുപുഴ കെ എം ജോര്‍ജ് ഐടിസിയുടെ സ്ഥാപക പ്രിന്‍സിപ്പലായ അദ്ദേഹം 1978 ല്‍ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് എയ്ഞ്ചല്‍ വോയ്സ് ഗാനമേള ട്രൂപ്പും നാടകസമിതിയും രൂപീകരിച്ചു.

സംസ്ഥാനത്തെ പ്രമുഖ ഗാനമേള ട്രൂപ്പായി വളര്‍ന്ന എയ്ഞ്ചല്‍ വോയ്സ് വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഉള്‍പ്പെടെ ആയിരക്കണക്കിന് വേദികളില്‍ ഗാനമേള അവതരിപ്പിച്ചു.  എം ജി ശ്രീകുമാര്‍, മിന്‍മിനി, റിമി ടോമി, ചില്‍പ്രകാശ്, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, രേണുക, മനീഷ, യമുന, ചലച്ചിത്രനടന്‍ എന്‍ എഫ് വര്‍ഗീസ് എന്നിവര്‍ എയ്ഞ്ചല്‍ വോയ്സിന്റെ മുന്‍കാല പാട്ടുകാരാണ്.

1991ല്‍ എയ്ഞ്ചല്‍ വോയ്സ് മ്യൂസിക് സ്കൂള്‍ തുടങ്ങി. ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ പൂർണമായി നിറവേറ്റിക്കൊണ്ട് ആ അനുഗ്രഹ കലാകാരൻ കലാപ്രവർത്തനങ്ങളിലൂടെയും വചന പ്രഘോഷണത്തിലൂടെയും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.