പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ്.
പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസിന് കോവിഡ് സ്ഥിരീകരിച്ചു. പതിവായി നടത്താറുള്ള പിസിആര്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഏഴ് ദിവസം ആന്റണി അല്‍ബനീസ് ക്വാറന്റീനില്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ലേബര്‍ പാര്‍ട്ടി നേതൃനിരയിലുള്ള ആന്റണി അല്‍ബനീസിന്റെ അഭാവം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ താളം തെറ്റിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് ആന്റണി അല്‍ബനീസിന് കോവിഡ് സ്ഥിരീകരിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിലിരുന്ന് ഉത്തരവാദിത്തങ്ങള്‍ തുടരുമെന്നും അല്‍ബനീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക് മക്ഗോവനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച കുട്ടിയെ ഗുരുതരാവസ്ഥയില്‍ പെര്‍ത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് പ്രീമിയര്‍ക്കും പോസിറ്റീവായത്. പ്രീമിയര്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
കുട്ടിക്ക് സമ്പൂര്‍ണ വാക്‌സിന്‍ നല്‍കിയിരുന്നെങ്കിലും കോവിഡ് ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിച്ചതായി ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മൂന്നു മക്കളാണ് മാര്‍ക് മക്ഗോവനുള്ളത്. രണ്ട് ആണ്‍മക്കളും ഒരു മകളും.
ആന്റണി അല്‍ബനീസിന് കോവിഡ് ബാധിച്ചതിന് തൊട്ടുപിന്നാലെയാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയ സംസ്ഥാനത്ത് പുതുതായി 8,777 കോവിഡ് കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 42,613 സജീവ കോവിഡ് കേസുകളുണ്ട്. 258 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. അതില്‍ ഒമ്പത് പേര്‍ ഐസിയുവിലാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അല്‍ബനീസ് അടുത്തയാഴ്ച്ച പടിഞ്ഞാറന്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരിക്കുമ്പോഴാണ് രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അദ്ദേഹം രണ്ടു തവണ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.