പിടിച്ചടക്കിയിട്ടും അടങ്ങാതെ റഷ്യ; മരിയുപോളില്‍ അവശേഷിക്കുന്ന സൈനീകരെകൂടി തുരത്താന്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ

പിടിച്ചടക്കിയിട്ടും അടങ്ങാതെ റഷ്യ; മരിയുപോളില്‍ അവശേഷിക്കുന്ന സൈനീകരെകൂടി തുരത്താന്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ

കീവ്: ഉക്രെയ്ന്‍ കിഴക്കന്‍ നഗരമായ മരിയുപോള്‍ പിടിച്ചടക്കിയതിനെ പിന്നാലെ അവശേഷിക്കുന്ന ഉക്രെയ്ന്‍ സൈനികരെ കൂടി തുരത്താന്‍ റഷ്യ ആക്രമണം പുനരാരംഭിച്ചു. ആയിരത്തിലേറെ സൈനികര്‍ ഒളിച്ചിരിക്കുന്ന അസോവ്സ്റ്റാള്‍ ഉരുക്കുനിര്‍മാണശാല ലക്ഷ്യമിട്ടാണ് ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്. ഫാക്ടറിയില്‍നിന്ന് ആരും പുറത്തുകടക്കാതിരിക്കാന്‍ പുറമേനിന്ന് അടച്ചുപൂട്ടാനും പുട്ടിന്‍ ഉത്തരവു നല്‍കി.

കിഴക്കന്‍ ഉക്രെയ്‌നിലെ ലുഹാന്‍സ്‌ക് മേഖലയില്‍ എല്ലാ പട്ടണങ്ങളിലും റഷ്യ രൂക്ഷമായ ഷെല്ലാക്രമണം തുടരുകയാണ്. ആള്‍നാശം ഒഴിവാക്കാന്‍ യുക്രെയ്ന്‍ സൈനികര്‍ ഈ മേഖലയില്‍ പിന്മാറ്റം ആരംഭിച്ചു. ഡോണ്‍ബാസിലെ ലുഹാന്‍സ്‌കും ഡോണെറ്റ്‌സ്‌ക് മേഖലയിലെ ചില പ്രദേശങ്ങളും റഷ്യന്‍ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലാണ്.

അതേസമയം മരിയുപോളില്‍ ഇരുന്നൂറിലേറെ കുഴിമാടങ്ങള്‍ കൂടി കണ്ടെത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. മക്‌സര്‍ ടെക്‌നോളജീസ് ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇവിടെ ഒന്‍പതിനായിരത്തിലേറെ കുഴിമാടങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

മരിയുപോളിനു സമീപമുള്ള മനുഷിലെ സെമിത്തേരിയിലാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. മരിയുപോളില്‍ നിന്ന് റഷ്യന്‍ പട്ടാളം ട്രക്കുകളില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്ന് സംസ്‌കരിക്കുന്നതായി മരിയുപോള്‍ മേയര്‍ വദിം ബൊയ്‌ചെങ്കോ ആരോപിച്ചു.

യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളാഡിമിര്‍ സെലന്‍സ്‌കി റഷ്യന്‍ പ്രസിഡന്റിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും വ്‌ളോഡിമര്‍ പുടിന്‍ തയാറായിട്ടില്ല. യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കാം എന്ന് ഉറപ്പിച്ചു കൊണ്ടാണ് സെലന്‍സ്‌കിയുടെ ക്ഷണം. ഫെബ്രുവരി 24 മുതല്‍ ആയിരുന്നു റഷ്യ - യുക്രൈന്‍ യുദ്ധം ആരംഭിച്ചിരുന്നത്.

അതേസമയം, ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും വരുന്ന ആഴ്ച കൂടിക്കാഴ്ച നടത്തും. 26 നാണു മോസ്‌കോയിലെത്തുന്നത്. 28നു യുക്രെയ്‌നിലുമെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.