കീവ്: റഷ്യ അതിരൂക്ഷമായ ആക്രമണം അഴിച്ചുവിടുന്ന മരിയുപോളിലെ അസോവ്സ്റ്റല്‍ ഉരുക്ക് ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളും കുട്ടികളും രക്ഷയ്ക്കായി അപേക്ഷിക്കുന്ന വീഡിയോ നൊമ്പരമാകുന്നു. ഫാക്ടറിയുടെ ടണലില്‍(ഭൂഗര്‍ഭ അറ) കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി കുട്ടികളാണ് കഴിയുന്നത്. ഫാക്ടറി തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കുടുങ്ങിപ്പോയതാണിവര്‍. ഇവിടെനിന്ന് എത്രയും വേഗം ഉക്രെയ്‌ന്റെ അധീനതയിലുള്ള നഗരത്തിലേക്ക് ഒഴിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സൈനികരും സ്ത്രീകളും കുട്ടികളും ഭൂഗര്‍ഭ അഭയകേന്ദ്രത്തിലെ പരിമിതമായ സ്ഥലത്ത് തിങ്ങിക്കഴിയുന്നത് വീഡിയോയില്‍ കാണാം. റഷ്യ കനത്ത വ്യോമാക്രമണം തുടരുമ്പോഴും പ്രദേശം വിട്ടുകൊടുക്കാതെ കൈവശം വച്ചിരിക്കുന്ന ഉക്രെയ്ന്‍ സൈനിക വിഭാഗങ്ങളിലൊന്നായ അസോവ് ബറ്റാലിയനാണ് വീഡിയോ പുറത്തുവിട്ടത്.
ഭൂഗര്‍ഭ അഭയകേന്ദ്രത്തില്‍ തിങ്ങിനിറഞ്ഞിരിക്കുന്നവര്‍ക്ക് സൈനികര്‍ ഭക്ഷണം നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം.
തനിക്ക് പുറത്തു പോകണമെന്നും സൂര്യവെളിച്ചം കാണണമെന്നും ശുദ്ധവായു ശ്വസിക്കണമെന്നും ഒരു കുട്ടി വീഡിയോയില്‍ ആവശ്യപ്പെടുന്നു. അകത്ത് മങ്ങിയ വെളിച്ചം മാത്രമേയുള്ളൂ. നമ്മുടെ വീടുകള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ സമാധാനത്തോടെ ഇവിടെ ജീവിക്കാം. ഉക്രെയ്ന്‍ ജയിക്കട്ടെ, കാരണം ഉക്രെയ്ന്‍ ഞങ്ങളുടെ ജന്മനാടാണ്-അവന്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു.
കൂട്ടിയിട്ട വസ്ത്രങ്ങള്‍ക്കും ബെഡുകള്‍ക്കും അരികിലിരുന്ന് ഹോംവര്‍ക്ക് ചെയ്യുകയാണ് ഒരു കുട്ടി. ആഴ്ചകളായി ടണലിലെ ഇരുട്ടിലാണവര്‍. അതേസമയം യുദ്ധത്തിന്റെ ഗൗരവമോ പ്രത്യാഘാതമോ ഒന്നും തിരിച്ചറിയാതെ കുട്ടികള്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
50 ദിവസമായി ഭൂഗര്‍ഭ അറയിലാണ് കഴിയുന്നതെന്ന് ഇവര്‍ക്ക് കൂട്ടിരിക്കുന്ന സ്ത്രീ വെളിപ്പെടുത്തി. റഷ്യന്‍ സൈന്യം പാര്‍പ്പിടങ്ങള്‍ക്കു ബോംബിട്ടതോടെ മാര്‍ച്ചില്‍ നിരവധി പേര്‍ ടണലില്‍ അഭയം തേടി. കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീരാറായി. പലരും പട്ടിണിയുടെ വക്കിലാണ്. ഏതുവിധേനയും കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്തണമെന്നാണ് സ്ത്രീ അപേക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.