തകര്‍ന്ന ഹൃദയങ്ങളില്‍ പ്രത്യാശ നിറയ്ക്കുന്ന ദിവ്യകാരുണ്യം: മാര്‍പാപ്പ

തകര്‍ന്ന ഹൃദയങ്ങളില്‍ പ്രത്യാശ നിറയ്ക്കുന്ന ദിവ്യകാരുണ്യം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തു നമ്മുടെ ഭയത്തെയും അവിശ്വാസങ്ങളെയും അകറ്റുന്നുവെന്നും ഹൃദയങ്ങളെ സമാധാനത്താല്‍ നിറയ്ക്കുന്നുവെന്നും ദിവ്യകാരുണ്യ ഞായറാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. പുനരുത്ഥാനത്തിനും ശേഷവും അവിടുന്ന് മടങ്ങിവന്ന് നമ്മോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയും നാം ക്രിസ്തുവിനെ അന്വേഷിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നു. കാരണം നമ്മുടെ ഭയത്തെയും അവിശ്വാസങ്ങളെയും മറികടക്കാന്‍ അവിടുന്ന് എപ്പോഴും സന്നദ്ധനാണ്.

കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് ദിവ്യകാരുണ്യ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സാക്സണ്‍ ഡിസ്ട്രിക്ടിലെ ഹോളി സ്പിരിറ്റ് പള്ളിയിലാണ് തിരുനാള്‍ ആഘോഷിച്ചിരുന്നത്.

നവ സുവിശേഷവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിഷെല്ല കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. ഫ്രാന്‍സിസ് പാപ്പ ശുശ്രൂഷയില്‍ പങ്കെടുത്ത് വചനപ്രഘോഷണം നടത്തി.

മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ക്രിസ്തു ശിഷ്യസമൂഹത്തിന് ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അരുള്‍ ചെയ്തത്: 'നിങ്ങള്‍ക്കു സമാധാനം' എന്നായിരുന്നു. യേശു മൂന്നു തവണ ആവര്‍ത്തിച്ച ഈ വചനത്തിന്മേല്‍ ഊന്നിയായിരുന്നു പാപ്പായുടെ സന്ദേശം.

ദൈവസ്‌നേഹം പ്രകടമാക്കുന്ന ഈ വാക്കുകള്‍ മനുഷ്യരാശിക്കു സന്തോഷം നല്‍കുകയും പിന്നീട് ക്ഷമ നല്‍കുകയും ഒടുവില്‍ എല്ലാ പ്രയാസങ്ങളില്‍നിന്നും ആശ്വാസവും പ്രത്യാശയും നല്‍കുകയും ചെയ്യുന്നു.

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായനയാണ് മാര്‍പാപ്പ സന്ദേശത്തില്‍ ഉദ്ധരിച്ചത്. ഈസ്റ്റര്‍ ദിന സായാഹ്നത്തില്‍ യേശു ആദ്യമായി 'നിങ്ങള്‍ക്കു സമാധാനം' എന്ന് ഉച്ചരിപ്പോള്‍, ശിഷ്യന്മാര്‍ സന്തോഷത്താല്‍ നിറഞ്ഞതായി മാര്‍പ്പാപ്പ പറഞ്ഞു.

യേശുവിന്റെ മരണശേഷം മൂന്നു ദിവസം ഭയത്തോടെ കഴിഞ്ഞ ശിഷ്യന്മാര്‍ പരാജയബോധത്താല്‍ ഭാരപ്പെടുകയായിരുന്നു. തങ്ങളുടെ നാഥനെ ഉപേക്ഷിക്കുകയും അവിടുന്ന് കടന്നുപോയ ദാരുണമായ മണിക്കൂറില്‍ യേശുവിനെ തള്ളിപ്പറയുകയും ചെയ്തതില്‍ അവര്‍ നിരാശരായി. ഈ അവസ്ഥയില്‍ യേശുവിന്റെ മുഖം കണ്ട് അവര്‍ക്ക് ലജ്ജ തോന്നേണ്ടതായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

എന്നാല്‍, അവിടുന്ന് നല്‍കിയ സമാധാന സന്ദേശം അവരുടെ ശ്രദ്ധ തങ്ങളുടെ കുറ്റബോധത്തില്‍നിന്ന് യേശുവിങ്കലേക്കു തിരിക്കാന്‍ സഹായിച്ചു.

ശിഷ്യന്മാര്‍ ചെയ്തതിന് ക്രിസ്തു അവരെ ആക്ഷേപിച്ചില്ല, മറിച്ച് തന്റെ സ്ഥായീഭാവമായ കരുണ അവരോട് പ്രകടിപ്പിച്ചു. ഇത് അവരെ പുനരുജ്ജീവിപ്പിക്കുകയും അവര്‍ക്ക് നഷ്ടമായ മനസമാധാനത്താല്‍ അവരുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തു. അവര്‍ ഒരിക്കലും അര്‍ഹിക്കാത്ത ക്ഷമയാല്‍ ശിഷ്യന്മാരെ ശുദ്ധീകരിക്കുകയും അവരെ പുതിയ വ്യക്തികളാക്കുകയും ചെയ്തു. ഇതാണ് യേശു പ്രദാനം ചെയ്യുന്ന സന്തോഷം-മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

നമ്മുടെ വീഴ്ചകളെ അവിടുന്ന് ഇല്ലാതാക്കുകയും ദൈവത്തിന്റെ കാരുണ്യവും ക്ഷമിക്കപ്പെടുന്നതിന്റെ സന്തോഷവും സ്വീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

'നമ്മെ ആക്ഷേപിക്കാതെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന സന്തോഷം', അതാണ് യേശു വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്-മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

'നിങ്ങള്‍ക്കു സമാധാനം' എന്ന് രണ്ടാം തവണ യേശു പറഞ്ഞതിനെക്കുറിച്ചും മാര്‍പാപ്പ വിശദീകരിച്ചു. യേശു വീണ്ടും അവരോട് പറഞ്ഞു. നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്ന് കൂട്ടിച്ചേര്‍ക്കുന്നു.

ദൈവത്തിന്റെ ദിവ്യകാരുണ്യം ലഭിച്ചശേഷം അതു വിതരണം ചെയ്യാന്‍ ശിഷ്യന്മാരെ 'അനുരഞ്ജനത്തിന്റെ പ്രതിനിധികള്‍' ആക്കിത്തീര്‍ത്തുവെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

എല്ലാ ദിവസവും സഭയില്‍ ഇതുപോലെ പാപമോചനം സ്വീകരിക്കപ്പെടണം. തനിക്ക് ആദ്യം ലഭിച്ച ദിവ്യകാരുണ്യം മറ്റുള്ളവരുടെ മേല്‍ ചൊരിയുവാന്‍ നമുക്ക് സാധിക്കണം. കരുണയുടെ ഒരു വക്താവായി സ്വയം കാണുകയും കുമ്പസാരിക്കുന്നവര്‍ എളിയ നന്മയായി ഇതിനെ കരുതുകയും ചെയ്യണം.

മനുഷ്യരാശിക്ക് അനുരഞ്ജനത്തിന്റെ അടയാളവും കരുണയും പ്രദാനം ചെയ്യുന്ന സമൂഹമായി സഭയെ യേശു മാറ്റിയിരിക്കുന്നുവെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും നാം ഓരോരുത്തരും ദൈവസ്‌നേഹം ചുറ്റുമുള്ളവരിലേക്ക് പകരണമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള തന്റെ അവിശ്വാസം ശിഷ്യനായ തോമസ് പ്രകടിപ്പിച്ചപ്പോഴാണ് യേശു അവസാനമായി നിങ്ങള്‍ക്കു സമാധാനം എന്നു പറയുന്നത്.

അവനെ ശാസിക്കുന്നതിനുപകരം, യേശു തോമസിന്റെ സഹായത്തിനെത്തി. അവന്റെ പാര്‍ശ്വത്തില്‍ കൈ വയ്ക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

അവിടുന്ന് തോമസിനോട് പരുഷമായി പെരുമാറുന്നില്ല. അവിടുത്തെ ഈ ദയയാല്‍ അപ്പോസ്തലന്‍ ആഴത്തില്‍ പ്രേരിതനായി. ഒരു അവിശ്വാസിയില്‍ നിന്ന് അവന്‍ ഒരു വിശ്വാസിയായി മാറുന്നു, ഏറ്റവും ലളിതമായതും മനോഹരവുമായ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി അവന്റെ വാക്കുകള്‍ മാറുന്നു. 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ'.

തോമസിന്റെ കഥയും അവിശ്വാസവും ഓരോ വിശ്വാസിയുമായും ബന്ധപ്പെട്ടിരിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

തന്റെ കരുണയുടെ ഹൃദയസ്പര്‍ശിയായ അടയാളങ്ങളുമായി യേശു നമ്മുടെ അടുക്കല്‍ വരികയും തിരുമുറിവുകളാല്‍ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

ദൈവത്തിന്റെ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവം നമ്മുടെ സഹോദരങ്ങളുടെ മുറിവുകള്‍ കാണാന്‍ നമ്മെ സഹായിക്കുന്നുവെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

അസഹനീയമായ വേദനയും കഷ്ടപ്പാടുകളുമാണ് നാം അനുഭവിക്കുന്നതെന്ന് സ്വയം വിചാരിക്കുന്നു. എന്നാല്‍ നമുക്ക് ചുറ്റുമുള്ളവര്‍ അതിലും പ്രതികൂലമായ കാര്യങ്ങള്‍ നിശബ്ദമായി സഹിക്കുന്നുണ്ടെന്ന് കണ്ടെത്താനാകും. അയല്‍ക്കാരന്റെ മുറിവുകളിന്മേല്‍ കാരുണ്യത്തിന്റെ തൈലം ഒഴിക്കുകയും അവനെ ആശ്വാസിപ്പിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ തളര്‍ച്ചയില്‍ നമ്മെ ആശ്വസിപ്പിക്കുന്ന ഒരു പ്രത്യാശ നമ്മുടെയുള്ളില്‍ പുനര്‍ജനിക്കപ്പെടുന്നു.

എല്ലാ ക്രൈസ്തവരും ദിവ്യകാരുണ്യ ഞായര്‍ പ്രാര്‍ഥനാപൂര്‍വം ആചരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉപസംഹാരമായി ആഹ്വാനം ചെയ്തു.

'ജീവിതത്തിന്റെ പരീക്ഷണങ്ങളാല്‍ തളര്‍ന്നിരിക്കുന്ന എല്ലാവരുടെയും കണ്ണുകളിലേക്ക് അവിടുന്ന് കരുണയോടെ നോക്കി ഒരിക്കല്‍ കൂടി നമ്മോടു പറയുന്നു-'നിങ്ങള്‍ക്ക് സമാധാനം'.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.