അഡ്ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയ തലസ്ഥാനമായ അഡ്ലെയ്ഡില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് 13 പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ അഡ്ലെയ്ഡ് സിബിഡിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് 12 പുരുഷന്മാരെയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തത്.
അഡ്ലെയ്ഡിലെ നോര്‍ത്ത് ടെറസിലാണ് വിക്ടോറിയ സ്വദേശിയായ 25 വയസുകാരന്‍ പുലര്‍ച്ചെ രണ്ടു മണിയോടെ കുത്തേറ്റു മരിച്ചത്. യുവാവിന്റെ നെഞ്ചില്‍ ഒന്നിലധികം കുത്തേറ്റിരുന്നു. നടുറോഡില്‍ ജീവനു വേണ്ടി പിടഞ്ഞ യുവാവിനെ കണ്ട വഴിയാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയതിന് തൊട്ടുപിന്നാലെ യുവാവ് മരണത്തിനു കീഴടങ്ങി.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് കൊലപാതകം സംഭവിച്ചതെന്നാണു പ്രാഥമിക വിവരം. യുവാവിനെ തെരുവിലൂടെ ഏറെ ദൂരം ഓടിച്ചിട്ടാണ് അക്രമികള്‍ കുത്തിയതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ജോണ്‍ വെന്‍ഡിറ്റോ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പതിമൂന്ന് പേര്‍ അറസ്റ്റിലായെങ്കിലും ആര്‍ക്കെതിരേയും കൊലക്കുറ്റം ചുമത്തിയിട്ടില്ല. ആയുധങ്ങള്‍ സൂക്ഷിച്ചതിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമാണ് നിലവില്‍ 13 പേര്‍ക്കെതിരെ കേസെടുത്തത്.
ആക്രമണം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും ആസൂത്രിതമാണെന്നും പോലീസ് അറിയിച്ചു. പോലീസ് ഡിറ്റക്ടീവുകളും ഫോറന്‍സിക് വിദഗ്ധരും അന്വേഷണം ആരംഭിച്ചതായി സൗത്ത് ഓസ്ട്രേലിയ പോലീസ് വക്താവ് പറഞ്ഞു.
സംഭവത്തിനു പിന്നാലെ പോലീസ് നടത്തിയ വ്യാപക തെരച്ചിലിലാണ് 13 പേര്‍ അറസ്റ്റിലായത്. പ്രതികളെ പിടികൂടാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഫ്രാങ്ക്‌ലിന്‍ സ്ട്രീറ്റിലെ ഒരു ഹോട്ടലിലാണ് എത്തിച്ചേര്‍ന്നത്. അവിടെ നടത്തിയ റെയ്ഡില്‍ ഏഴുപേരെ ആദ്യം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അല്‍പസമയത്തിനകം കാറില്‍ ആയുധങ്ങളുമായി അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. കാറില്‍നിന്ന് വെട്ടുകത്തികളും പണവും കണ്ടെത്തി.
അറസ്റ്റിലായവര്‍ക്ക് യുവാവിന്റെ മരണവുമായി നേരിട്ടു ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതിനാലാണ് കൊലപാതകക്കുറ്റം ചുമത്താത്തത്. 16 വയസുകാരനും പതിനെട്ടു വയസുള്ള രണ്ട് പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഫോറന്‍സിക് പരിശോധനയ്ക്കായി വാഹനം കസ്റ്റഡിയിലെടുത്തു.
ഒരു മണിക്കൂറിന് ശേഷം പിരീ സ്ട്രീറ്റില്‍ ഒരു കാര്‍ പോലീസ് തടയുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ 19 വയസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നഗരമധ്യത്തില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പോലീസിനെ അധികമായി വിന്യസിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ ചൊവ്വാഴ്ച്ച അഡ്ലെയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അടുത്തിടെ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.