ആദ്യ സ്വകാര്യ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ മടങ്ങി എത്തി

ആദ്യ സ്വകാര്യ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ മടങ്ങി എത്തി

ഫ്‌ളോറിഡ: ഐ.എസ്.എസിലേക്ക് ബഹരാകാശ യാത്രികരെ എത്തിക്കുന്ന ആദ്യ സ്വകാര്യ ദൗത്യത്തിലെ സഞ്ചാരികള്‍ ഭൂമിയില്‍ മടങ്ങിയെത്തി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാത്രി 10.37 (ഫ്‌ളോറിഡ സമയം ഉച്ചയ്ക്ക് 1.07) ഓടെയാണ് ഫ്‌ളോറിഡ തീരത്ത് നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഫാല്‍ക്കണ്‍ 9 എന്ന ബഹിരാകാശ പേടകം ലാന്റ് ചെയ്തത്.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഏഴ് ഇടങ്ങളായി റിക്കവറി ടീം സജ്ജമായിരുന്നു. പേടകം പതിക്കുന്ന സ്ഥലം കണക്കാക്കി സമീപത്തെ റിക്കവറി ടീം ക്രൂ അംഗങ്ങളെ പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കടലില്‍ ആടിയുലയുകയായിരുന്ന പേടകത്തെ കയറുപയോഗിച്ച് ബന്ധിച്ച് റിക്കവറി ബോട്ടിന് സമീപം എത്തിക്കുന്നതായിരുന്നു ആദ്യഘട്ടം. 20 മിനിറ്റ് സമയം ഇതിനായി വേണ്ടിവന്നു.



രണ്ടാഘട്ടത്തില്‍ പേടകത്തെ റിക്കവറി വെസലിലേക്ക് വലിച്ചു കയറ്റി. വെസലില്‍ പ്രത്യേകം സജീകരിച്ച സൈഡ് ഹാഷിലേക്ക് പേടകത്തെ എത്തിച്ചശേഷം വാതിലുകള്‍ തുറന്ന് ക്രൂ അംഗങ്ങളെ പുറത്തിറക്കി. പേടകം സമുദ്രത്തില്‍ പതിച്ച് 45 മിനിറ്റ് നീണ്ട റിക്കവറി നടപടികള്‍ക്കൊടുവിലാണ് ക്രൂ അംഗങ്ങളെ പേടകത്തിനുള്ളില്‍ നിന്ന് പുറത്തിറക്കിയത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറിനായിരുന്നു സംഘത്തിന്റെ മടക്കയാത്ര ആരംഭിച്ചത്. ഭൂമിയിലേക്കുള്ള യാത്രയ്ക്ക് 16 മണിക്കൂര്‍ എടുത്തു. ശൂന്യാകാശത്ത് ഇന്ധനത്തിന്റെ ശക്തിയിലും തുടര്‍ന്ന് ഗുരുത്വാകര്‍ഷണത്തിലുമായിരുന്നു പേടകത്തിന്റെ ഭൂമിയിലേക്കുള്ള യാത്ര.

സമുദ്രനിരപ്പില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മുകളില്‍ എത്തിയപ്പോള്‍ പേടകത്തിന്റെ വേഗത നിയന്ത്രിക്കുന്നതിനായി രണ്ട് പാരഷ്യൂട്ടുകള്‍ വിടര്‍ത്തി. ദുരം ഒരു കിലോമീറ്റര്‍ മാത്രമായപ്പോള്‍ ശേഷിച്ച രണ്ട് പാരഷ്യൂട്ടുകളും പ്രവര്‍ത്തിപ്പിച്ചു. ഒരു കിലോമീറ്ററിനുള്ളില്‍ മൂന്ന് മിനിറ്റ് സമയം എടുത്താണ് പേടകം കടലില്‍ പതിച്ചത്.



ബഹിരാകാശ പേടക നിര്‍മാണ കമ്പനിയായ സ്‌പേസ് എക്‌സും ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്ന ആക്‌സിയോം സ്‌പേസും സഹകരിച്ച് നടപ്പാക്കുന്ന ദൗത്യത്തില്‍ മുതിര്‍ന്ന ബഹിരാകാശയാത്രികനും ആക്‌സിയോമിന്റെ ബിസിനസ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ്കൂടിയായ ലോപസ് അലെഗ്രിയ, യുഎസ്, കാനഡ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ശതകോടീശ്വര സംരംഭകരായ ലാറി കോര്‍ണര്‍, എയ്തന്‍ സ്റ്റിബ്ബെ, മാര്‍ക്ക് പാത്തി എന്നിവരാണ് ഉണ്ടായാരുന്നത്.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ഈ മാസം എട്ടിനാണ് ഫാല്‍ക്കണ്‍ 9 ബഹിരാകാശ പേടകം യാത്ര ആരംഭിച്ചത്. വിക്ഷേപണം നടന്ന് 20 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ പേടകം ഐ.എസ്.എസില്‍ എത്തിച്ചേര്‍ന്നു. 15 ദിവസം ഇവര്‍ ഐ.എസ്.എസില്‍ ചെലവഴിച്ചു. ആകെ 17 ദിവസമാണ് ദൗത്യത്തിനായി വേണ്ടിവന്നത്.



വീണ്ടും വിക്ഷേപണത്തിന് പുനരുപയോഗിക്കാന്‍ കഴിയും എന്നതാണ് സ്‌പേസ് എക്‌സ് നിര്‍മിച്ച ഫാല്‍ക്കണ്‍ 9 ന്റെ പ്രത്യേകത. 5.49 ലക്ഷം കിലോ ഭാരമുള്ള പേടകത്തിന് 229 അടി ഉയരവും 12 അടി വ്യാസവും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.