കുണ്ടുകുളം പിതാവിന്റെ ചരമ വാര്‍ഷികം ഇന്ന്; ഹൃദ്യമായ ഓര്‍മക്കുറിപ്പ് പങ്കിട്ട് ബിഷപ് ബോസ്‌കോ പുത്തൂര്‍

കുണ്ടുകുളം പിതാവിന്റെ ചരമ വാര്‍ഷികം ഇന്ന്; ഹൃദ്യമായ  ഓര്‍മക്കുറിപ്പ് പങ്കിട്ട് ബിഷപ് ബോസ്‌കോ പുത്തൂര്‍

മെല്‍ബണ്‍: തൃശൂര്‍ അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ 24-ാം ചരമ വാര്‍ഷികം ഇന്ന് ആചരിക്കപ്പെടുമ്പോള്‍ പിതാവിനെക്കുറിച്ചുള്ള ഹൃദ്യമായ ഓര്‍മക്കുറിപ്പ് പങ്കുവച്ച് മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍. തന്റെ ബാല്യകാലം മുതല്‍ കണ്ടുതുടങ്ങിയ കുണ്ടുകുളം പിതാവിന്റെ ധീരമായ ജീവിതവും അവസാന കാലഘട്ടത്തിലെ ഓര്‍മകളുമാണ് ബോസ്‌കോ പുത്തൂര്‍ പിതാവ് പങ്കുവയ്ക്കുന്നത്.

ഏതു വിഷയത്തിലും കൃത്യമായ നിലപാടുകള്‍ ഉറക്കെ പറഞ്ഞിരുന്ന ആര്‍ച്ച് ബിഷപ്പിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍, ആ കാലയളവില്‍ അതിരൂപതാ വികാരി ജനറാളായിരുന്ന ബിഷപ് ബോസ്‌കോ പുത്തൂരിന്റെ മനസില്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നുണ്ട്. മാര്‍ ജോസഫ് കുണ്ടുകുളത്തെക്കുറിച്ച് ബിഷപ് ബോസ്‌കോ പുത്തൂര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഓര്‍മക്കുറിപ്പ് ചുവടെ:

പാവങ്ങളുടെ പിതാവിന്റെ
ആഫ്രിക്കന്‍ മിഷനില്‍ നിന്നുള്ള സ്വര്‍ഗയാത്ര

അനുഗ്രഹീതനായ ദൈവദാസനാണ് തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന ജോസഫ് കുണ്ടുകുളം പിതാവ്. ഞങ്ങള്‍ പറപ്പൂക്കാരായിരുന്നെങ്കിലും വെളുത്തു മെലിഞ്ഞ കുണ്ടുകുളം അച്ചനെ എന്റെ ബാല്യകാലത്ത് ഞാന്‍ വല്ലപ്പോഴുമേ അടുത്തു കണ്ടിട്ടുള്ളു. 1962-ല്‍ മൈനര്‍ സെമിനാരിയില്‍ ഞാന്‍ ചേരുന്നതിനു മുന്‍പുള്ള ദൈവവിളി ധ്യാനത്തിന്റെ ഗുരുവായി വന്നപ്പോളാണ് അച്ചനെ അടുത്തറിയുന്നത്. ഞങ്ങളെ ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന സരളവും ആകര്‍ഷകവുമായ പ്രസംഗശൈലി. 1970-ല്‍ ജോര്‍ജ് ആലപ്പാട്ട് പിതാവിന്റെ പിന്‍ഗാമിയായി, ഇന്ത്യയിലെ ഏറ്റവും അംഗസംഖ്യയുള്ള രൂപതയുടെ മെത്രാനായി കുണ്ടുകുളം അച്ചന്‍ നിയമിക്കപ്പെടുമ്പോള്‍ ഞാന്‍ റോമില്‍ അവസാനവര്‍ഷ സെമിനാരി പരിശീലനം പൂര്‍ത്തിയാക്കുകയായിരുന്നു.

ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളം

പിതാവ് സ്ഥാപിച്ച നിര്‍മ്മലദാസി സന്യാസിനീ സമൂഹം സേവനം ചെയ്യുന്ന കെനിയയിലെ മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന അവസരത്തില്‍ വാമ്പ എന്ന ഉള്‍പ്രദേശത്തു വച്ചാണ് ഹൃദയസ്തംഭനം മൂലം 1998 ഏപ്രില്‍ 26-ന് അതിരാവിലെ പിതാവ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്.

അന്നത്തെ സംഭവവികാസങ്ങള്‍ ഞാന്‍ ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. 26-നു നടക്കാനിരിക്കുന്ന എന്റെ ചേട്ടന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ 25-ന് രാത്രി ഞാന്‍ വീട്ടില്‍ പോയിരിക്കുകയായിരുന്നു. കുണ്ടുകുളം പിതാവിന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പാലത്തിങ്കല്‍ വര്‍ഗീസച്ചന്റെ ഫോണ്‍ ഞായറാഴ്ച്ച പുലര്‍ച്ചെ കിട്ടിയത് തൂങ്കുഴി പിതാവിനായിരുന്നു. അന്ന് അതിരൂപതാ വികാരി ജനറാളായിരുന്ന ഞാന്‍ ഉടനടി ബിഷപ്‌സ് ഹൗസിലേക്ക് എത്തണമെന്ന സന്ദേശം കിട്ടി. ഭാവിപരിപാടികള്‍ വേണ്ട സമിതികള്‍ കൂടിയാലോചിച്ചു.

കെനിയന്‍ തലസ്ഥാനമായ നൈറോബിയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെയുള്ള വാമ്പയില്‍ നിന്ന് എത്രയും വേഗം നാട്ടിലെത്തിക്കുക ശ്രമകരമാണെന്ന് ഏവര്‍ക്കും ബോധ്യമായി. ദൈവാനുഗ്രഹത്താല്‍ ചൊവ്വാഴ്ച കാലത്തുതന്നെ മൃതദേഹം മുംബൈ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങാന്‍ ദൈവം എല്ലാം ക്രമീകരിച്ചു. അതിന് പ്രത്യേകമായി സഹായിച്ചത് രണ്ടു പേരാണ്:

ഒന്ന് അന്ന് തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന രാജു നാരായണ സ്വാമിയും മറ്റേത്, കെനിയയിലെ സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായിരുന്ന തൃശൂര്‍ക്കാരന്‍ തന്നെയായ അച്ചനും. കലക്ടര്‍ രാജു നാരായണ സ്വാമി വാര്‍ത്ത കേട്ട ഉടനെ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വരികയും തന്റെ സഹപാഠികളാണ് ഡല്‍ഹിയില്‍ കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ ചുക്കാന്‍ പിടിക്കുന്നതെന്നും മറ്റൊരു സഹപാഠിയാണ് നൈറോബിയിലെ ഇന്ത്യന്‍ എംബസിയിലെ സെക്രട്ടറി എന്നും അവര്‍ വഴി എല്ലാം പെട്ടെന്ന് തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തത് തൂങ്കുഴി പിതാവിനും അതിരൂപതാ ചാന്‍സലര്‍ ആയിരുന്ന റാഫേല്‍ തട്ടില്‍ പിതാവിനും എനിക്കും വലിയ ആശ്വാസമായി.

മൃതദേഹം കെനിയയിലെ പോലീസ് നടപടികള്‍ക്കു ശേഷം എംബാം ചെയ്യാനും ഹെലികോപ്റ്ററില്‍ നൈറോബി വിമാനത്താവളത്തിലെത്തിക്കാനും അവിടത്തെ മലയാളി സലേഷ്യന്‍ വൈദികര്‍ സഹായിച്ചു.


ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍

ഞായറാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ച ശേഷം ചൊവ്വാഴ്ച്ച മൃതദേഹം തൃശൂര്‍ വ്യാകുലമാതാവിന്റെ ബസിലിക്കയിലെത്തിക്കാനും അവിടെ നിന്ന് ആഘോഷമായ നഗരി പ്രദക്ഷിണത്തിനു ശേഷം കത്തീഡ്രല്‍ പള്ളിയിലെത്തിക്കാനും അവിടെ പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷം ബുധനാഴ്ച അര്‍ഹമായ ബഹുമതികളോടെ സംസ്‌കരിക്കാനും സാധിച്ചു.

കുണ്ടുകുളം പിതാവ് ആഗ്രഹിച്ചതുപോലെ ഓടിനടന്നു മരിക്കാനായി പിതാവിന്! പിതാവിന്റെ ദൈവചൈതന്യം നിറഞ്ഞ വ്യക്തിത്വം പിതാവിനെ പരിചയമുള്ള എല്ലാവരുടെയും ഹൃദയത്തില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ഇടിമുഴക്കം പോലെയായിരുന്നു ചിലപ്പോള്‍ പിതാവിന്റെ പ്രസംഗം. മൂര്‍ച്ചയും തീര്‍ച്ചയുമുള്ള വാക്കുകള്‍. കത്തോലിക്കാ വിശ്വാസത്തില്‍ മായം ചേര്‍ക്കുന്നവരെ വെല്ലവിളിക്കുന്ന ധീരത. കുറിക്കുകൊള്ളന്ന ഫലിതം. നാടകീയവും അര്‍ത്ഥഗര്‍ഭവുമായ സംഭവവിവരണങ്ങള്‍. കേള്‍വിക്കാരെ വെല്ലുവിളിക്കുന്ന ആശയസംവേദനം. പ്രത്യേകിച്ച് പാവങ്ങളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പ്രതിബദ്ധത ജനിപ്പിക്കുന്ന അവതരണശൈലി. ചുരുക്കിപ്പറഞ്ഞാല്‍, സാധാരണക്കാരന്റെ മനസറിയുന്ന അജപാലകന്‍. അതായിരുന്നു കുണ്ടുകുളം പിതാവ്.

പിതാവിന്റെ 26 വര്‍ഷത്തെ രൂപതാ ഭരണം സംഭവബഹുലമായിരുന്നു! അക്കാലത്താണ് തൃശൂര്‍ രൂപത വിഭജിച്ച് 1974-ല്‍ പാലക്കാട്ടും 1978-ല്‍ ഇരിഞ്ഞാലക്കുടയിലും രൂപതകള്‍ ഉണ്ടായത്. എഴുപതുകളില്‍ കേരളത്തില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരേ കോളജ് സമരത്തിന് നേതൃത്വം കൊടുത്ത് ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്താനായത് രാഷ്ട്രീയമേഖലയില്‍ പിതാവിനെ ശക്തനാക്കി.

അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന, കോളജ് ദേശസാല്‍ക്കരണാനുകൂലിയായിരുന്ന ശ്രീ എ.കെ ആന്റണി പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍, തൃശൂര്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ട അവസരത്തില്‍, തന്റെ നിലപാട് മാറ്റിയെന്നും സ്വകാര്യമേഖലയുടെ സഹകരണമില്ലാതെ കേരളത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ മുന്നേറാനാവില്ലെന്നും പ്രഖ്യാപിച്ചത് നിറഞ്ഞ കയ്യടികളോടെയാണ് ശ്രോതാക്കള്‍ സ്വീകരിച്ചത്.

1980-ല്‍ അവതരിപ്പിക്കപ്പെട്ട, ക്രിസ്തുവിനെ അവഹേളിക്കുന്ന 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ' എന്ന നാടകം ക്രൈസ്തവ സമൂഹത്തെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. കുണ്ടുകുളം പിതാവിന്റെ നേതൃത്വത്തില്‍ നടന്ന ശക്തമായ ഇടപെടലുകള്‍ വഴി മുഖ്യമന്ത്രി ഇ.കെ നായനാര്‍ നാടകത്തിന് അവതരണാനുമതി തടയുകയും കോടതി ആ നിലപാട് ശരിവയ്ക്കുകയും ചെയ്തപ്പോള്‍ കുണ്ടുകുളം പിതാവ് കേരള ക്രൈസ്തവ സമൂഹത്തിന്റെ അനിഷേധ്യ നേതാവായി അംഗീകരിക്കപ്പെട്ടു.

1980-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശനത്തില്‍ തൃശൂര്‍ കൂടി ഉള്‍പ്പെടുത്തിയത് അന്നത്തെ കേരളാ മുഖ്യമന്ത്രി ശ്രീ കെ. കരുണാകരന്‍ വഴി കുണ്ടുകുളം പിതാവ് നടത്തിയ ധീരമായ നീക്കങ്ങള്‍ വഴിയായിരുന്നു.

1958 മുതല്‍ 1970-ല്‍ മെത്രാനാകുന്നതുവരെ തൃശൂര്‍ പടിഞ്ഞാറേക്കോട്ട സെന്റ് ആന്‍സ് പള്ളി വികാരിയും ഓര്‍ഫനേജ് ഡയറക്‌റുമായിരുന്ന കാലഘട്ടം പാവങ്ങളോടുള്ള പ്രതിബദ്ധതയില്‍ പിതാവ് ആഴപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു. അതുകൊണ്ടാണ് മുന്‍ഗാമിയായ ജോര്‍ജ് ആലപ്പാട്ട് പിതാവ് തന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ ഇപ്രകാരം പറഞ്ഞത്:

'പാവങ്ങളുടെ പിതാവ്' എന്ന് പരക്കെ അറിയപ്പെടുന്ന ബഹുമാനപ്പെട്ട ജോസഫ് കുണ്ടുകുളം അച്ചനെ തൃശൂര്‍ രൂപതയുടെ പുതിയ മെത്രാനായി പരിശുദ്ധ സിംഹാസനം നിയമിച്ചിരിക്കുന്നു എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.''

സഭയുടെ ഉത്തമതാല്‍പര്യങ്ങളെ സംരക്ഷിക്കാനും അനീതിക്കെതിരെ ശക്തമായ നിലപാടുകളെടുക്കാനും അശരണര്‍ക്ക് ആശ്രയമേകാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും ജീവിച്ച ജോസഫ് കുണ്ടുകുളം പിതാവ് ആവേശം ജനിപ്പിക്കുന്ന അജപാലകനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.