മാര്‍പാപ്പാമാരായ വിശുദ്ധ ക്ലീറ്റസ് ഒന്നാമനും വിശുദ്ധ മാര്‍സെല്ലിനൂസും

  മാര്‍പാപ്പാമാരായ വിശുദ്ധ ക്ലീറ്റസ് ഒന്നാമനും വിശുദ്ധ മാര്‍സെല്ലിനൂസും

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 26

വിശുദ്ധ ക്ലീറ്റസ് ഒന്നാമന്‍

വിശുദ്ധ പത്രോസിന്റെ രക്തസാക്ഷിത്വത്തിനു ശേഷം പരിശുദ്ധ സിംഹാസനത്തിലെത്തിയത് ലീനസ് മാര്‍പാപ്പയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയാണ് ക്ലീറ്റസ് ഒന്നാമന്‍ മാര്‍പാപ്പ. അദ്ദേഹം തിരുസഭയുടെ നേതൃത്വം ഏല്‍ക്കുമ്പോള്‍ വെസ്പിയന്‍ ചക്രവര്‍ത്തിയായിരുന്നു റോം ഭരിച്ചിരുന്നത്.

ചില ചരിത്രകാരന്മാര്‍ വിശുദ്ധനെ അനാ ക്ലീറ്റസ് അഥവാ അനെന്‍ ക്ലീറ്റസ് എന്ന് പരാമര്‍ശിച്ചിട്ടുള്ളതായി കാണാം. ഗ്രീക്ക് പദമായ ഈ പേരിനര്‍ത്ഥം 'കുറ്റമറ്റവന്‍' എന്നാണ്. ഐതിഹ്യമനുസരിച്ച് വിശുദ്ധന്‍ 25 ഓളം പുരോഹിതന്‍മാരെ റോമില്‍ നിയമിക്കുകയും വിശുദ്ധ പത്രോസിന്റെ കല്ലറയുടെയടുത്ത് ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു.

വിശുദ്ധ ക്ലീറ്റസ് ഒന്നാമന്‍ ഡോമീഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ ഒരു രക്തസാക്ഷിയായിട്ടാണ് മരണപ്പെട്ടതെന്നു പറയപ്പെടുന്നു. വത്തിക്കാന്‍ ഹില്ലിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്.

വിശുദ്ധ മാര്‍സെല്ലിനൂസ്

എ.ഡി 296-304 കാലയളവില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്തായിരുന്നു വിശുദ്ധ മാര്‍സെല്ലിനൂസ് മാര്‍പാപ്പായായിരുന്നത്. അധികാരം ലഭിച്ച ഉടനെ മാര്‍സെല്ലിനൂസ് പാപ്പാ ശവകല്ലറകളോട് ചേര്‍ന്ന് ആരാധനാപരമായ ഉപയോഗങ്ങള്‍ക്കായി വലിയ മുറികള്‍ പണിയണമെന്ന് ഉത്തരവിട്ടു. ഇന്നും അവശേഷിക്കുന്ന കാല്ലിസ്റ്റസ് ശവകല്ലറകളിലെ മുറികള്‍ വിശുദ്ധന്റെ ആ പ്രവര്‍ത്തികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്.

എട്ടു വര്‍ഷവും മൂന്നു മാസവും 25 ദിവസവുമാണ് മാര്‍സെല്ലിനൂസ് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്നത്. രക്തം ചിന്തിയല്ല അദ്ദേഹം മരിച്ചതെങ്കിലും രക്തസാക്ഷിയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. റോമിലെ പ്രസില്ലാ സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. വിശുദ്ധ മാര്‍സെല്ലിനൂസിന്റെ ശവകല്ലറ ഇന്നും ഏറെ ആദരിക്കപ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ എക്‌സുപെരാന്‍സിയാ

2. വീയെന്‍ ബിഷപ്പായ ക്ലരെന്‍സിയൂസ്

3. വെറോണാ ബിഷപ്പായ ലൂസിഡിയൂസ്

4. പിറ്റോളി മഠത്തിലെ ഫ്രാങ്കോ വിസാള്‍ട്ടാ

5. പോന്തൂസിലെ അമാസെയ ബിഷപ്പായ ബസിലേയൂസ്.

'അനുദിന വിശുദ്ധര്‍'എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.