സിഡ്‌നി: യാത്ര റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച ഊബര്‍ കമ്പനിക്ക് ഓസ്‌ട്രേലിയയില്‍ വന്‍ തുക പിഴ. ഓസ്ട്രേലിയന്‍ ഉപഭോക്തൃ നിയമം ലംഘിച്ചതായി കമ്പനി കുറ്റസമ്മതം നടത്തിയതിനെതുടര്‍ന്നാണ് ഫെഡറല്‍ കോടതി ഊബറിന് 26 ദശലക്ഷം ഡോളര്‍ പിഴ ചുമത്തിയത്. ഓസ്ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ (എ.സി.സി.സി) നടത്തിയ അന്വേഷണത്തിന്മേലാണ് കോടതി വിധി.
ഊബറിന്റെ നയം അനുസരിച്ച്, ഒരു യാത്രക്കാരന്‍ ഓട്ടം വിളിച്ചശേഷം അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ യാത്ര റദ്ദാക്കിയാല്‍ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ 2017 ഡിസംബറിനും 2021 സെപ്റ്റംബറിനും ഇടയിലുള്ള കാലയളവില്‍, അഞ്ച് മിനിറ്റിനുള്ളില്‍ യാത്ര റദ്ദാക്കിയ ഉപയോക്താക്കള്‍ക്കും ചെറിയ ഫീസ് ചുമത്തുമെന്ന മുന്നറിയിപ്പ് ഊബര്‍ ആപ്പ് നല്‍കി.
ഉപയോക്താക്കള്‍ റൈഡ് റദ്ദാക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം 'നിങ്ങളുടെ ഡ്രൈവര്‍ യാത്രയിലായതിനാല്‍ ചെറിയ തുക ഈടാക്കിയേക്കാം' എന്ന സന്ദേശമാണ് ലഭിച്ചതെന്ന് ഉപഭോക്തൃ റെഗുലേറ്റര്‍ ആരോപിച്ചു.
തെറ്റായി പിക്ക് അപ് പോയിന്റുകള്‍ നല്‍കുന്നവരും ഡ്രൈവര്‍ ട്രാഫിക്കില്‍ കുടുങ്ങിയാലുമൊക്കെയാണ് സാധാരണ യാത്ര കാന്‍സല്‍ ചെയ്യുന്നത്. രണ്ടു ദശലക്ഷത്തിലധികം ഓസ്ട്രേലിയന്‍ ഉപയോക്താക്കള്‍ക്കാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലഭിച്ചത്. ഏറെ വര്‍ഷങ്ങളായി ഓസ്ട്രേലിയന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായി ഊബര്‍ കോടതിയില്‍ സമ്മതിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍, സൗജന്യ റദ്ദാക്കല്‍ സമയത്തിനുള്ളില്‍ പണം ഈടാക്കില്ലെന്ന സന്ദേശം ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
ഇതിനു പുറമേ സിഡ്‌നിയില്‍ മാത്രം ലഭ്യമായിട്ടുള്ള ഊബര്‍ ടാക്‌സി റൈഡ് ഓപ്ഷനില്‍ കൃത്യമല്ലാത്തതും വളരെ ഉയര്‍ന്നതുമായ നിരക്ക് നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായും കമ്പനി സമ്മതിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.