പാലക്കാട്: രാജ്യത്ത് ആദ്യമായി കണക്ക് പറഞ്ഞു പൈസ വാങ്ങാൻ കണ്ടക്ടറില്ലാതെ യാത്രക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന ബസ്. ഈ സൗകര്യം ലഭിക്കുന്നത് മറ്റെവിടെയുമല്ല ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ പാലക്കാട് ജില്ലയിലാണ്.
35 വർഷത്തോളമായി വ്യത്യസ്തമായ രീതിയിൽ ബസ് സർവീസ് നടത്തുന്ന വടക്കാഞ്ചേരിയിലെ തോമസ് മാത്യുവിന്റെ കടങ്കാവിൽ ബസിലാണ് യാത്രക്കാരെ അത്ഭുതപ്പെടുത്തുന്ന അനുഭവം സമ്മാനിക്കുന്നത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിൽ നിന്ന് ഗ്രാമ പ്രദേശങ്ങളിലൂടെ താലൂക്ക് ആസ്ഥാനമായ ആലത്തൂരിലേക്കാണ് ഈ ബസ് സർവീസ് നടത്തുന്നത്. ആലത്തൂർ എംഎൽഎ പി.പി സുമോദ് ആണ് ബസിന്റെ ആദ്യ യാത്ര ഉദ്ഘാടനം ചെയ്തത്.
സിഎൻജി ഇന്ധനമായി ഉപയോഗിക്കുന്ന പാലക്കാട് ജില്ലയിലെ ആദ്യ ബസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാക്കുന്നത് കടങ്കാവിൽ ബസിൽ പൈസ വാങ്ങൻ കണ്ടക്ടർ ഇല്ലാത്തത് തന്നെയാണ്. ജനങ്ങളെ പൂർണമായും വിശ്വസിച്ചുകൊണ്ട് യാത്രക്കാർക്ക് പണം നിക്ഷേപിക്കുവാൻ വേണ്ടി മുന്ന് ബോക്സുകൾ ബസിൽ വെച്ചിട്ടുണ്ട്. ആ ബോക്സിൽ യാത്ര ചെയ്യുന്നത് അനുസരിച്ചുള്ള തുക നിക്ഷേപിക്കാം. കൂടാതെ ഫോണിലൂടെ ഗൂഗിൾ പേ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
യാത്ര ചെയ്യുന്നവർ എത്ര ദൂരം പോകുന്നു എന്ന് കണക്കാക്കി തുക ഈ ബോക്സ് നിക്ഷേപിക്കാം. എന്നാൽ ഒരു നേരം യാത്രചെയ്യാൻ കയ്യിൽ പൈസയില്ലാ എന്ന് ഓർത്തു വിഷമിക്കേണ്ട അവസ്ഥ കടങ്കാവിൽ യാത്ര ചെയ്യുന്നവർക്കില്ല.
സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഇന്ധന വില കയറ്റം വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും സ്വകാര്യ ബസുടമകളും തൊഴിലാളികളും പറയുമ്പോൾ ഈ ബസിന്റെ സർവീസ് എങ്ങനെ ലാഭകരമാകും എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ അയ്യായിരത്തോളം ബസുകൾ ഉണ്ടായിട്ടും ജീവനക്കാർ ദിനംപ്രതി 210 കോടിയിൽ അധികം രൂപ കളക്ഷനായി കൊണ്ടുവന്നിട്ടും ജീവനക്കാർക്ക് കൃത്യമായി ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത കെഎസ്ആർടിസിക്കുമെല്ലാം മാതൃകയാവുകയാണ് തോമസ് മാത്യുവിന്
കടങ്കാവിൽ ബസ്.
തൃശൂർ-പാലക്കാട് റൂട്ടിലൂടെ ആദ്യമായി സാധാരണ ചാർജിൽ എസി ബസിൽ സഞ്ചരിക്കാൻ യാത്രക്കാർക്ക് സൗകര്യമൊരുക്കിയ വ്യക്തിയാണ് കടങ്കാവിൽ ബസിന്റെ ഉടമസ്ഥനായ തോമസ് മാത്യു. വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ചുകൊണ്ട് സർവീസ് നടത്തിയ പാരമ്പര്യവും ഇദ്ദേഹത്തിന്റെ വ്യവസായ സംരംഭത്തിലുണ്ട്.
ഇപ്പോൾ കണ്ടക്ടറോ ക്ലീനറോ ഇല്ലാതെ ഡ്രൈവർ മാത്രമായി ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് പാലക്കാട്- ആലത്തൂർ റൂട്ടിൽ ബസ് സർവീസ് നടത്തുമ്പോൾ ജനങ്ങളെ എങ്ങനെ വിശ്വസിക്കാമെന്ന് ബസിന്റെ ഉടമ തെളിയിക്കുകയാണ്. ''ജനങ്ങളിൽ എല്ലാം നന്മയുണ്ട്. ആ നന്മയുള്ള എല്ലാ മനുഷ്യരും സത്യസന്ധരാണ്. അവർക്ക് സത്യസന്ധത പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുക. ഒരു പരീക്ഷണം അത്രേയുള്ളൂ എന്ന് തോമസ് മാത്യു പറഞ്ഞു. സംരംഭം നൂറ് ശതമാനം വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.