കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ ചാവേര്‍ സ്ഫോടനം നടത്തിയത് രണ്ട് കുട്ടികളുടെ അമ്മയായ ശാസ്ത്രാധ്യാപിക; ഭര്‍ത്താവ് ഡോക്ടര്‍

കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ ചാവേര്‍ സ്ഫോടനം നടത്തിയത് രണ്ട് കുട്ടികളുടെ അമ്മയായ ശാസ്ത്രാധ്യാപിക; ഭര്‍ത്താവ് ഡോക്ടര്‍

ഇസ്ലാമാബാദ്: നാല് പേരുടെ മരണത്തനിടയാക്കിയ കറാച്ചി യൂണിവേഴ്‌സിറ്റിയിലെ കഴിഞ്ഞ ദിവസത്തെ ചാവേര്‍ സ്ഫോടനം നടത്തിയ മുപ്പതുകാരിയായ ഷാരി ബലോച്ച് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതിയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് വ്യക്തമാക്കി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) രംഗത്ത് വന്നു.

സംഘടന ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഎല്‍എയുടെ ആദ്യ വനിതാ ചാവേറുകൂടിയായ ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളുള്ളത്. ബലൂചിസ്ഥാന്‍ ടര്‍ബത്ത് പ്രവിശ്യയിലെ നിയാസര്‍ അബാദ് സ്വദേശിനിയായ ഇവര്‍ക്ക് ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്.

ഇപ്പോള്‍ അവര്‍ എം ഫില്ലിന് പഠിക്കുകയും ഒപ്പം ഒരു ശാസ്ത്രാദ്ധ്യാപികയായി ജോലി നോക്കുകയുമായിരുന്നു. മാത്രമല്ല ഇവരുടെ ഭര്‍ത്താവ് ഒരു ഡോക്ടര്‍ കൂടിയാണെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷം മുന്‍പാണ് ഷാരി ബലോച്ച് ബിഎല്‍എയുടെ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള സ്വയം ത്യാഗ സ്‌ക്വാഡില്‍ ചേര്‍ന്നത്. രണ്ട് കൊച്ചു കുട്ടികളുടെ അമ്മയായതിനാല്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കാന്‍ സംഘടന തീരുമാനിച്ചതാണ്. എന്നാല്‍ അവര്‍ ഇത് നിരസിക്കുകയും സ്‌ക്വാഡില്‍ തുടരാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു.

ബലൂചിസ്ഥാനിലെയും പാകിസ്ഥാനിലെയും ചൈനയുടെ താല്‍പര്യങ്ങളെയും ചൈനീസ് പൗരന്മാരെയും ലക്ഷ്യം വച്ചാണ് ബിഎല്‍എ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തില്‍ മൂന്ന് ചൈനീസ് പൗരന്മാരും ഒരു പാകിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം അധ്യാപകരുമായി പോകുകയായിരുന്ന വാനിലാണ് സ്ഫോടനം നടന്നത്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ഹുവാങ് ഗ്യുപിങ്, ഉദ്യോഗസ്ഥരായ ഡിങ് മുപെങ്, ചെന്‍ സായ് എന്നിവരും പാകിസ്ഥാന്‍ സ്വദേശിയായ ഡ്രൈവര്‍ ഖാലിദുമാണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.