'ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ നിയമങ്ങള്‍ മാറില്ല; ഇന്ത്യക്കാരേ, ഇതിലേ... ഇതിലേ'; വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജര്‍മനി

'ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ നിയമങ്ങള്‍ മാറില്ല; ഇന്ത്യക്കാരേ, ഇതിലേ... ഇതിലേ'; വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജര്‍മനി

ന്യൂഡല്‍ഹി: ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജര്‍മനി. ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ ആണ് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജര്‍മനിയിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.

സാമൂഹിക മാധ്യമമായ എക്സില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദേഹം ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ വിശദീകരിച്ചത്.

'ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത് വിശ്വസനീയവും ആധുനികവുമാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെ ഒരു നേര്‍ രേഖയില്‍ പോകും.

ഉയര്‍ന്ന വേഗത്തില്‍ പോകുമ്പോള്‍ ബ്രേക്കിടേണ്ടി വരുമെന്ന് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഒരു രാത്രികൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ നിയമങ്ങള്‍ മാറ്റില്ല. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങള്‍ ജര്‍മനിയിലേക്ക് സ്വാഗതം ചെയ്യുന്നു'- ഡോ. ഫിലിപ്പ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

എച്ച് 1 ബി വിസാ ഫീസ് അമേരിക്ക ഉയര്‍ത്തിയതിന് പിന്നാലെയാണ് ജര്‍മന്‍ നയന്തന്ത്ര നീക്കം. സ്ഥിരതയാര്‍ന്ന കുടിയേറ്റ നയങ്ങള്‍ കൊണ്ടും ഐടി, മാനേജ്‌മെന്റ്, സയന്‍സ്, ടെക് മേഖലകളില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ കൊണ്ടും ജര്‍മനി വേറിട്ടു നില്‍ക്കുന്ന രാജ്യമാണെന്ന് അദേഹം എക്സില്‍ കുറിച്ചു.

ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെക്കുറിച്ച് സംസാരിക്കാനുള്ള നല്ല നിമിഷമാണിത്. ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നവരില്‍ ഇന്ത്യക്കാരുമുണ്ട്. ജര്‍മനിയില്‍ ജോലി ചെയ്യുന്ന ശരാശരി ഇന്ത്യക്കാരന്‍ ശരാശരി ജര്‍മന്‍ തൊഴിലാളിയെക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു.

നമ്മുടെ സമൂഹത്തിനും അതിന്റെ ക്ഷേമത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവന നല്‍കുന്നു എന്നതാണ് ഈ ഉയര്‍ന്ന ശമ്പളം വാങ്ങുന്നതിന്റെ അര്‍ഥം. കഠിനാധ്വാനത്തിലും മികച്ച ആളുകള്‍ക്ക് മികച്ച ജോലികള്‍ നല്‍കുന്നതിലും തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.