പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തിലെ സിറോ മലബാര്‍ വിശ്വാസികളുടെ ചിരകാല അഭിലാഷമായിരുന്ന സെന്റ് ജോസഫ് സിറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ കര്‍മം ഞായറാഴ്ച്ച നടക്കും. മെല്‍ബണ്‍ സിറോ മലബാര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ഉച്ചയ്ക്ക് രണ്ടിന് കൂദാശ നിര്‍വഹിക്കുന്നത്.
ഓസ്‌ട്രേലിയയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ബിഷപ്പ് ബോസ്‌കോ പുത്തൂരിന് പെര്‍ത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതിനെതുടര്‍ന്നാണ് കൂദാശ കര്‍മം നീണ്ടുപോയത്. രണ്ടു മാസം മുന്‍പ് വികാരി ഫാ. അനീഷ് ജെയിംസിന്റെ കാര്‍മികത്വത്തില്‍ പള്ളിയും പാരീഷ് ഹാളും വൈദിക മന്ദിരവും വെഞ്ചിരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍
പെര്‍ത്തിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് മലയാളി കത്തോലിക്ക കുടുംബങ്ങളുടെ സ്വന്തമായി ഒരു ദേവാലയമെന്ന നീണ്ട നാളത്തെ ആഗ്രഹമാണ് പള്ളി നിര്‍മാണത്തോടെ പൂവണിഞ്ഞത്.
പെര്‍ത്തിലെ ഓറഞ്ച് ഗ്രോവില്‍ ആറേക്കര്‍ സ്ഥലത്താണ് പുതുതായി നിര്‍മിച്ച പള്ളിയും പാരീഷ് ഹാളും വൈദിക മന്ദിരവുമുള്ളത്. വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള ദേവാലയം പെര്‍ത്തിലെ വിശ്വാസ സമൂഹത്തിന്റെ വലിയ ഐക്യത്തിന്റെയും പ്രാര്‍ത്ഥനയുടെയും അടയാളമാണ്.
പെര്‍ത്ത് അതിരൂപതയുടെ കീഴിലുള്ള മാഡിംഗ്ടണ്‍ ഹോളി ഫാമിലി ദേവാലയത്തിലായിരുന്നു കഴിഞ്ഞ 10 വര്‍ഷമായി പെര്‍ത്തിലെ മലയാളി കത്തോലിക്ക സമൂഹം ആരാധനയ്ക്കായി ഒത്തുചേര്‍ന്നിരുന്നത്. ആഗോള കത്തോലിക്ക സഭ വിശുദ്ധ യൗസേപ്പിന്റെ വര്‍ഷമായി ആചരിച്ച 2021-ല്‍തന്നെ ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് വലിയ അഭിമാനത്തോടെയാണ് ഇടവക സമൂഹം കാണുന്നത്.
ദേവാലയത്തിന്റെ അള്‍ത്താര
2015-ലായിരുന്നു ഇടവക സമൂഹം ദേവാലയം പണിയാനായി ഓറഞ്ച് ഗ്രോവില്‍ ആറേക്കര്‍ സ്ഥലം വാങ്ങിച്ചത്. 2019-ല്‍ പെര്‍ത്തിലെ അലീറ്റ കണ്‍ട്രക്ഷന്‍സ് എന്ന കമ്പനിയുമായി നിര്‍മാണ കരാര്‍ ഉണ്ടാക്കുകയും തുടര്‍ന്ന് 2020-ല്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
ഫാ. അനീഷ് ജെയിംസ് വി.സി
വികാരി അച്ചനോടും കൈക്കാരന്മാരോടും ഒപ്പം വിവിധ കമ്മിറ്റികള്‍ പള്ളി നിര്‍മാണത്തിനായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ചര്‍ച്ച് ബില്‍ഡിംഗ് കമ്മിറ്റി, ബില്‍ഡിംഗ് കോര്‍ കമ്മിറ്റി, പാരിഷ് കൗണ്‍സില്‍, ഫിനാന്‍സ് കമ്മിറ്റി, ചര്‍ച്ച് ഫര്‍ണിച്ചര്‍ കമ്മിറ്റി, ധനസമാഹരണ കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
കൂദാശയോടനുബന്ധിച്ച് ഇടവക സമൂഹം തയാറാക്കിയ വീഡിയോയും ശ്രദ്ധേയമാകുകയാണ്.
ഇടവക വികാരി ഫാ. അനീഷ് ജെയിംസ് വി.സിയുടെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ കൂദാശ കര്‍മത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
കൂദാശ കര്‍മത്തിനു ശേഷം വൈകിട്ട് 4.30-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, പെര്‍ത്ത് അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ഡൊണാള്‍ഡ് സ്‌പ്രോക്സ്റ്റണ്‍, ഡോ. ടോണി ബുട്ടി (പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ ഫിനാന്‍സ് മന്ത്രി), ജഗദീഷ് കൃഷ്ണന്‍ എം.എല്‍.എ, പീറ്റര്‍ അബെറ്റ്‌സ് (ഗോസ്‌നെല്‍സ് സിറ്റി കൗണ്‍സില്‍ അംഗം) എന്നിവര്‍ സംബന്ധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.