കോവിഡിന് പിന്നാലെ എച്ച്3എന്‍8: രോഗബാധ കണ്ടെത്തിയത് ചൈനീസ് ബാലനില്‍; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോവിഡിന് പിന്നാലെ എച്ച്3എന്‍8: രോഗബാധ കണ്ടെത്തിയത് ചൈനീസ് ബാലനില്‍; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ബീജിംഗ്: കോവിഡ് മഹാമാരിക്ക് പിന്നാലെ ലോകാത്താദ്യമായി എച്ച്3എന്‍8 പക്ഷിപ്പനി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലാണ് പുതിയ ഇനം പക്ഷിപ്പനി കണ്ടെത്തിയത്. ചൈനയിലെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലുള്ള നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചൈനീസ് ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പനിയും അനുബന്ധ രോഗങ്ങളുമായി ഈ മാസമാദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ നടത്തിയ പരിശോധനയിലാണ് എച്ച്3എന്‍8 സ്ഥിരീകരിച്ചത്. കുട്ടിയുടെ വീട്ടില്‍ കോഴികളെ വളര്‍ത്തിയിരുന്നു. മാത്രമല്ല കാട്ടുതാറാവുകള്‍ ധാരാളമായി കണ്ടുവരുന്ന മേഖലയിലാണിത്.

വടക്കേ അമേരിക്കന്‍ ജല പക്ഷികളിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2002 മുതല്‍ എച്ച്3എന്‍8 രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ കുതിര, പട്ടി, പക്ഷികള്‍, സീല്‍ എന്നീ മൃഗങ്ങളിലായിരുന്നു ഈ വകഭേദം കണ്ടെത്തിയിരുന്നത്. എന്നാല്‍ രോഗം മനുഷ്യരില്‍ കണ്ടെത്തിയിരുന്നില്ല.

എന്നാല്‍ രോഗം പകരാനും പടര്‍ന്ന് പിടിക്കാനുമുള്ള സാധ്യത കുറവാണെന്നും അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ക്ലോസ് കോണ്‍ടാക്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പ്രതികരിച്ചത്.

എന്നിരുന്നാലും ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളില്‍ നിന്ന് അകന്നു നില്‍ക്കാനും പനിയും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളും ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടാനും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.