കീവ്: യുദ്ധത്തില്‍ ഉക്രെയ്‌ന് സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരേ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യയെ പരാജയപ്പെടുത്താമെന്ന ധാരണയില്‍ ഉക്രെയ്നെ സഹായിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പ്രത്യാഘാതം നേരിടുമെന്നും വന്‍ ആണവായുധ ശേഖരം റഷ്യയുടെ കൈവശമുണ്ടെന്നും പുടിന്‍ സൂചന നല്‍കി.
റഷ്യയെ ഭീഷണിപ്പെടുത്തുന്നവരോടുള്ള പ്രതികരണം മിന്നല്‍ വേഗത്തിലും മാരകവുമായിരിക്കുമെന്ന് പുടിന്‍ പറഞ്ഞു. തങ്ങളുടെ പക്കലുള്ള ആയുധങ്ങളെക്കുറിച്ച് വീമ്പിളക്കുകയില്ല, പക്ഷേ വേണ്ടി വന്നാല്‍ പ്രയോഗിക്കും.
ആണവായുധങ്ങള്‍ എന്ന് പുടിന്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യ ആദ്യമായി പരീക്ഷിച്ച സര്‍മാറ്റ് 2 ആണവ മിസൈലിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.
പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍ സര്‍മാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ (ഐസിബിഎം) സാത്താന്‍ 2 എന്നാണ് വിശേഷിപ്പിച്ചത്.
200 ടണ്ണിലധികം ഭാരമുള്ള മിസൈലാണ് സര്‍മാറ്റ്. 16,000 മൈല്‍ വേഗതയില്‍ പായാനുള്ള ശേഷി ഈ മിസൈലിനുണ്ട്. ഒരു മിസൈലില്‍ തന്നെ പത്തോ അതിലധികമോ പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും എന്നാണ് റഷ്യ അവകാശപ്പെടുന്നത്. ബ്രിട്ടന്റെ ഇരട്ടി വലിപ്പമുള്ള പ്രദേശം നശിപ്പിക്കാന്‍ ഈ ആയുധത്തിന് കഴിയുമെന്നാണ് പറയപ്പെടുന്നത്.
ഉക്രെയ്ന് ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജര്‍മനിയില്‍ നടന്ന ഉച്ചകോടിയിലാണ് ഉക്രെയ്നിന് അനുകൂലമായ തീരുമാനമെടുത്തത്. യുദ്ധ വിമാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള അമ്പത് ടാങ്കുകള്‍ കൈമാറുമെന്ന് ജര്‍മനി അറിയിച്ചുരുന്നു.
കഴിഞ്ഞയാഴ്ച ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് പിന്‍വാങ്ങിയ റഷ്യന്‍ സൈന്യം ഡോണ്‍ബാസ് മേഖല പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഉക്രെയ്ന്‍ സൈന്യത്തിന്റെ പ്രതിരോധത്തെ മറികടക്കാന്‍ റഷ്യക്ക് സാധിക്കുന്നില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, മോസ്‌കോയില്‍ നിന്ന് പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം നിര്‍ത്തിയ ശേഷം അവരെ ഭീഷണിപ്പെടുത്തിയതിനെതിരെ യൂറോപ്യന്‍ കമ്മിഷന്‍ രംഗത്തു വന്നിരുന്നു. വിതരണക്കാര്‍ എന്ന നിലയില്‍ റഷ്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.
പോളണ്ടിനോടും ബള്‍ഗേറിയയോടും റഷ്യന്‍ റൂബിളില്‍ പണം നല്‍കാനാണ് പുടിന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്യാസ്പ്രോമില്‍ നിന്നുള്ള വിതരണം വെട്ടിക്കുറച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക മേഖലയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.