പാരിസ്: ലോകത്തിലെ പ്രായംകൂടിയ വ്യക്തി ഇനി ഫ്രാന്‍സില്‍ നിന്നുള്ള കന്യാസ്ത്രീ. 119 വയസുണ്ടായിരുന്ന ജാപ്പനീസ് വനിത കെയ്ന്‍ തനകയുടെ മരണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ഡോട്ടര്‍ ഓഫ് ചാരിറ്റി സന്ന്യാസ സഭാംഗമായ സിസ്റ്റര്‍ ആന്ദ്രെയുടെ പേര് കഴിഞ്ഞ ദിവസം ഗിന്നസ് ബുക്കില്‍ ചേര്‍ക്കപ്പെട്ടു. 118 വയസുള്ള ആന്ദ്രെയായിരിക്കും ജീവിച്ചിരിക്കുന്നവരില്‍ ഇനി ഏറ്റവും പ്രായം കൂടിയ വ്യക്തി.
കഴിഞ്ഞ വര്‍ഷം കോവിഡ് ബാധയില്‍ നിന്ന് മുക്തയായ സിസ്റ്റര്‍ ആന്ദ്രെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വൈറസിനെ അതിജീവിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പേരിലാണ് ആന്ദ്രെ അന്ന് ശ്രദ്ധേയമായത്.
മറ്റുള്ളവരെ സേവിക്കാനുള്ള ദൗത്യം ജീവിത വൃതമാക്കിയ ആന്ദ്രെ ഇന്ന് പ്രാര്‍ത്ഥനയിലൂടെയാണ് സഹജീവികളോടുള്ള സ്‌നേഹവും കരുതലും പങ്കുവയ്ക്കുന്നത്. കണ്ണിലെ കാഴ്ച്ച മങ്ങിയെങ്കിലും ആന്ദ്രയുടെ ഓരോ വാക്കുകളും സന്ന്യാസ സഭയിലെ സഹോദരിമാര്‍ക്ക് ജീവിത വെളിച്ചമാണ്.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുകയെന്നതാണ് ദിവസേനയുള്ള തന്റെ സന്തോഷമെന്ന് ആന്ദ്രെ പറയുമായിരുന്നു. ആ സന്തോഷം സമ്മാനിക്കാന്‍ സന്ന്യാസസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കന്യാസ്ത്രീകള്‍ മുതല്‍ 89 വയസുള്ള സിസ്റ്റര്‍ തെരേസ് വരെ ആന്ദ്രേയെ വീല്‍ച്ചെയറില്‍ ചാപ്പലില്‍ കൊണ്ടുപോകും. പ്രാര്‍ത്ഥനയും ചോക്ലേറ്റും ആണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യം എന്നാണ് ആന്ദ്രെ പറയുന്നത്.
തെക്കന്‍ ഫ്രാന്‍സിലെ ഓക്സിറ്റാനി മേഖലയിലെ അലസ് എന്ന പട്ടണത്തില്‍ പത്താം പീയൂസ് മാര്‍പ്പാപ്പയുടെ കാലത്ത് 1904 ഫെബ്രുവരി 11 നാണ് ആന്ദ്രെ ജനിച്ചത്. 19-ാം വയസില്‍ കത്തോലിക്കാ മതം സ്വീകരിക്കുന്നതിനു മുന്‍പ് ഒരു പ്രൊട്ടസ്റ്റന്റ് സഭ വിശ്വാസി ആയിരുന്നു. 28 വര്‍ഷം ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് 40-ാം വയസില്‍ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്ന്യാസ സഭയില്‍ ചേര്‍ന്നു. ആന്ദ്രേ ഇക്കാലത്തിനിടെ 10 മാര്‍പാപ്പാമാരെ കണ്ടിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായതിന്റെ സന്തോഷം ചോക്ലേറ്റ് നല്‍കിയാണ് സഹപ്രവര്‍ത്തകര്‍ ആന്ദ്രെയെ അറിയിച്ചത്. പ്രായമായത് അത്ര സുഖകരമായ കാര്യമല്ലന്ന് ചോക്ലേറ്റ് നുണഞ്ഞ് ആന്ദ്രെ പറഞ്ഞു. ''മറ്റുള്ളവരെ പരിപാലിക്കാനും നൃത്തം ചെയ്യാനും എനിക്ക് ഇഷ്ടമാണ്, എന്നാല്‍ ഇപ്പോള്‍ എനിക്കതിന് സാധിക്കുന്നില്ല. പ്രാര്‍ത്ഥിക്കാന്‍ പോകുന്നു എന്നത് മാത്രമാണ് ഇപ്പോഴുള്ള ഏക സന്തോഷം''. ആന്ദ്രെ പറഞ്ഞു.
ആളുകളെ വെറുക്കുന്നതിന് പകരം പരസ്പരം സഹായിക്കുകയും സ്‌നേഹിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ കുറേക്കൂടി മെച്ചമാകുമെന്നും തനിക്ക് ആശംസകള്‍ നേരാന്‍ എത്തിയവരോടായി സിസ്റ്റര്‍ ആന്ദ്രെ പറഞ്ഞു. ടൗലോണ്‍ മേയര്‍ ഹ്യൂബര്‍ട്ട് ഫാല്‍ക്കോ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് നൂറു കണക്കിനാളുകള്‍ നേരിട്ടെത്തി സിസ്റ്റര്‍ ആന്ദ്രെയ്ക്ക് ആശംസകള്‍ നേര്‍ന്നു.
1997 ല്‍ തെക്കന്‍ ഫ്രാന്‍സിലെ ആര്‍ലെസില്‍ 122-ാം വയസില്‍ അന്തരിച്ച ജീന്‍ കാല്‍മെന്റിന്റെ റിക്കാര്‍ഡ് മാറ്റിയെഴുതാന്‍ ആന്ദ്രെയ്ക്ക് കഴിയട്ടെ എന്ന് ആശംസിച്ചാണ് എല്ലാവരും മടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.