ഗുജറാത്തിനെ കേരളം മാതൃകയാക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ഗുജറാത്തിനെ കേരളം മാതൃകയാക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി സജി ചെറിയാന്‍

പത്തനംതിട്ട: ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനത്തെപറ്റി പഠിക്കാന്‍ ചീഫ് സെക്രട്ടറി അവിടം സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. ഗുജറാത്തില്‍ ഒരു നല്ല കാര്യം നടന്നാല്‍ അത് കേരളം മാതൃകയാക്കുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു സജി ചെറിയാന്റെ ചോദ്യം. മുഖ്യമന്ത്രിക്ക് എല്ലാ പദ്ധതികളും നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനം ആവശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന സംഘം ഗുജറാത്ത് സന്ദര്‍ശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പില്‍ കേരളത്തേക്കാളും ഏറെ മുന്നിലുള്ള തെലങ്കാനയില്‍ അതിനെക്കുറിച്ച് പഠിക്കാന്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസറായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍ എസ് കെ ഉമേഷുമാണ് ഗുജറാത്തില്‍ നേരിട്ടെത്തി ഡാഷ് ബോര്‍ഡ് സംവിധാനത്തെ കുറിച്ച് മനസിലാക്കിയത്. വന്‍കിട പദ്ധതികളുടെയും മറ്റും പുരോഗതി വിവര ശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന സംവിധാനമാണ് ഡാഷ്‌ബോര്‍ഡ്.

വികസന പുരോഗതി വിലയിരുത്താന്‍ ഇത് ഏറെ കാര്യക്ഷമമാണെന്നും ഈ സംവിധാനത്തെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വി.പി ജോയ് സന്ദര്‍ശനത്തിന് ശേഷം പറഞ്ഞിരുന്നു. 2019ല്‍ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണു ഗുജറാത്തില്‍ ഇതു നടപ്പാക്കിയത്. മുന്‍പ് ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സിപിഎം ഇപ്പോള്‍ അവരുടെ ഭരണം മാതൃകയായി സ്വീകരിച്ച് അതു പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ നേരിട്ടയച്ചതു വിവാദമായിരുന്നു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നാണ് പ്രതിപക്ഷ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.