വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറിന്‍

വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറിന്‍

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 29

റ്റലിയിലെ സിയന്നായില്‍ 1347 ല്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ അറ് മക്കളിലൊരുവളായാണ് കാതറിന്‍ ജനിച്ചത്. സമര്‍ത്ഥയും ഭക്തയുമായിരുന്ന അവള്‍ കന്യകയായി ജീവിക്കാന്‍ ഒരു സ്വകാര്യ വ്രതമെടുത്തു. ഒരു കൊച്ചു മുറിയില്‍ താമസിക്കാന്‍ ഭക്തനായ പിതാവ് അവള്‍ക്ക് അനുവാദം നല്‍കി. അമ്മ അവളെ വിവാഹത്തിന് പ്രേരിപ്പിച്ചെങ്കിലും കാതറിന്‍ നിരസിച്ചു.

പന്ത്രണ്ട് വയസുള്ളപ്പോള്‍ വന്ന ഒരു വിവാഹാലോചന തടസപ്പെടുത്തുന്നതിനായി അവള്‍ തന്റെ മുടി മുറിച്ചു കളഞ്ഞു. ഒരിക്കല്‍ തന്റെ സഹോദരിമാരുടേയും കൂട്ടുകാരികളുടേയും നിര്‍ബന്ധത്തിനു വഴങ്ങി വിശുദ്ധ പരിഷ്‌കൃതമായ വസ്ത്രം ധരിച്ചു. എന്നാല്‍ പിന്നീട് തന്റെ ജീവിതകാലം മുഴുവനും അതില്‍ പശ്ചാത്തപിച്ചെന്നും പറയപ്പെടുന്നു.

പരുക്കന്‍ രോമക്കുപ്പായമായിരുന്നു അവളുടെ വസ്ത്രം. വേവിച്ച വെറും ഇലകളായിരുന്നു ഭക്ഷണം. പാവങ്ങളെ സഹായിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും തടവ് പുള്ളികളെ സന്ദര്‍ശിക്കുകയും ചെയ്യുക പതിവായിരുന്നു. 1365 ല്‍ തന്റെ 18-മത്തെ വയസില്‍ കാതറിന്‍ വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ ചേര്‍ന്ന് സന്യാസ വസ്ത്രം സ്വീകരിച്ചു. മൂന്ന് വര്‍ഷത്തോളം ദൈവത്തോടും തന്റെ കുമ്പസാരകനോടുമൊഴികെ ആരുമായും അവള്‍ സംസാരിച്ചിരുന്നില്ല.

ഇതിനിടെ കുഷ്ഠരോഗം ബാധിച്ച ടോക്കാ എന്ന് പേരായ ഒരു പാവപ്പെട്ട സ്ത്രീയെ വസ്ത്രം ധരിപ്പിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തതിനാല്‍ മജിസ്‌ട്രേറ്റ് കാതറിനെ നഗരത്തില്‍ നിന്നും പുറത്താക്കുവാന്‍ ഉത്തരവിട്ടു. എന്നാല്‍ അതൊന്നും അവളുടെ ശുശ്രൂഷാ തീഷ്ണതയെ തളര്‍ത്തിയില്ല. മറ്റൊരവസരത്തില്‍ വിശുദ്ധ ഒരു കാന്‍സര്‍ രോഗിയുടെ വൃണം വൃത്തിയാക്കുകയും നീണ്ടകാലത്തോളം അവരെ ശുശ്രൂഷിക്കുകയും ചെയ്തു.

വിശുദ്ധയുടെ അസാധാരണമായ കാരുണ്യം നിരവധി പാപികളെ മാനസാന്തരപ്പെടുത്തുവാന്‍ കാരണമായി. ഒരിക്കല്‍ നാന്നെസ് എന്ന് പേരായ കുഴപ്പക്കാരനായിരുന്ന ഒരു പുരുഷനെ വിശുദ്ധയുടെ പക്കല്‍ കൊണ്ടുവന്നു. ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ പറ്റി അയാളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് അവള്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഉടന്‍ തന്നെ ആ മനുഷ്യനില്‍ പരിപൂര്‍ണമായ മാറ്റം സംഭവിച്ചു.

ഇത്തരത്തില്‍ നിരവധി ആളുകള്‍ക്ക് വിശുദ്ധ കാതറിന്‍ ശാരീരികമായ ആരോഗ്യവും ആത്മീയ സൗഖ്യവും നല്‍കി. വിശുദ്ധ മാനസാന്തരപ്പെടുത്തിയ ആളുകളെ ഒരു നല്ല ജീവിതത്തിലേക്ക് കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ അവരെ കുമ്പസാരിപ്പിക്കുന്നതിനായി ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പാ കാപുവായിലെ വിശുദ്ധ റെയ്മണ്ടിനേയും മറ്റ് രണ്ട് ഡൊമിനിക്കന്‍ സന്യാസിമാരേയും സിയന്നായില്‍ നിയമിക്കുകയുണ്ടായി.

നല്ലൊരു ജീവിത മാതൃക നല്‍കിയതിനു പുറമേ സംവാദ രൂപത്തിലുള്ള ആറോളം പ്രബന്ധങ്ങള്‍ വിശുദ്ധ എഴുതിയിട്ടുണ്ട്. മാത്രമല്ല, ഏതാണ്ട് 364 ഓളം കത്തുകളില്‍ നിന്നും വിശുദ്ധ കാതറിന്‍ ഒരു അസാധാരണ പ്രതിഭയായിരുന്നുവെന്ന് വ്യക്തമാകും. 1380 ഏപ്രില്‍ 29ന് 33-മത്തെ വയസില്‍ റോമില്‍ വെച്ച് മരണമടഞ്ഞ വിശുദ്ധയെ മിനര്‍വായിലെ കത്തീഡ്രലിലാണ് അടക്കം ചെയ്തിട്ടുള്ളത്.

അവിടത്തെ ഒരു അള്‍ത്താരയില്‍ ഇപ്പോഴും വിശുദ്ധയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നു. സിയന്നായിലെ ഡൊമിനിക്കന്‍ ദേവാലയത്തിലാണ് വിശുദ്ധയുടെ തലയോട്ടി സൂക്ഷിച്ചിരിക്കുന്നത്. 1461 ല്‍ പിയൂസ് രണ്ടാമന്‍ പാപ്പായാണ് കാതറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അയര്‍ലന്‍ഡിലെ ഡിച്ചു

2. ഹയിനോള്‍ട്ടിലെ അവാ

3. സ്‌പെയിനിലെ ഡാനിയല്‍, ജെറോണ

4. നുമീഡിയായിലെ അഗാപിയൂസ്, സെക്കുന്തിനൂസ്, എമിലിയാന്‍, ടെര്‍ള്ളാ അന്റോണിയാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26