കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 200 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഏപ്രില്‍ എട്ടിന് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സാമൂഹിക നീതിവകുപ്പിന്‍റെ 4/2022 ഉത്തരവ് പ്രകാരം ഇത്രയും തുക അനുവദിച്ചത്.
സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ റൈറ്റ്സ് വിക്ടിംസ് കലക്ടിവ് നേതൃത്വത്തില്‍ ഇരകളായ എട്ടുപേര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയില്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിധി നടപ്പാക്കി നാലാഴ്ചകള്‍ക്കകം മറുപടി നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
മേയ് ആറിനകം ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ മറുപടി നല്‍കേണ്ടതുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതല്ലാതെ ഇരകള്‍ക്ക് പണം കൈമാറുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടില്ല. ഫണ്ട് അനുവദിക്കുന്ന മുറക്ക് അഞ്ചുലക്ഷം വീതം നല്‍കാന്‍ 750 പേരുടെ പട്ടിക എന്‍ഡോസള്‍ഫാന്‍ സെല്‍ തയാറാക്കി.
കോടതിവിധി പ്രകാരം 3,714 പേര്‍ക്കാണ് അഞ്ചുലക്ഷം വീതം നല്‍കേണ്ടത്. ആദ്യഘട്ടത്തില്‍ 37 കോടി രൂപയെങ്കിലും ഇതിനായി നീക്കിവെക്കണം. തുക ഒറ്റയടിക്ക് ലഭിക്കില്ലെങ്കിലും ഘട്ടംഘട്ടമായി ലഭിക്കുമെന്ന വിശ്വാസമാണ് ഇരകള്‍ക്കുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.