കൊളംബിയയില്‍ തെരുവുകളും വീടുകളും പൊതിഞ്ഞ് വിഷപ്പത; നദിയില്‍നിന്നുള്ള പ്രതിഭാസത്തില്‍ വലഞ്ഞ് നാട്ടുകാര്‍

കൊളംബിയയില്‍ തെരുവുകളും വീടുകളും പൊതിഞ്ഞ് വിഷപ്പത; നദിയില്‍നിന്നുള്ള പ്രതിഭാസത്തില്‍  വലഞ്ഞ് നാട്ടുകാര്‍

ബൊഗോട്ട: കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ ഒരു നദിയില്‍നിന്നും വിഷപ്പത ഉയരുന്നു. പ്രദേശത്തെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും പൊതിഞ്ഞാണ് വിഷപ്പത വ്യാപിക്കുന്നത്. മലിനമായ നദിയില്‍നിന്നും നുരഞ്ഞു പൊങ്ങുന്ന കടുത്ത ദുര്‍ഗന്ധത്തോടെയുള്ള പത മേഘം പോലെ പറന്നു നീങ്ങിയാണ് വീടുകള്‍ക്കുള്ളില്‍ നിറഞ്ഞിരിക്കുന്നത്.

ബൊഗോട്ടയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള മോസ്‌ക്വറ എന്ന പട്ടണത്തിലെ ഒരു നദിയാണ് ജനജീവിതം ദുസഹമാക്കുന്നത്. മലിനമായ ഈ നദിയില്‍ നിന്നും താനെ ഉയരുന്ന പതയാണ് ഏവരെയും ഞെട്ടിക്കുന്നത്. പ്രദേശവാസികളുടെ വീടുകളുടെ വാതിലുകളിലും ജനലുകളിലുമെല്ലാം ഇവ പറ്റിപ്പിടിച്ചിരിക്കുകയാണ്. ഈ അത്ഭുത പ്രതിഭാസത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഏറെ ദുരിതത്തിലാണ്.


നദിയില്‍നിന്നുള്ള വിഷപ്പത വീടുകളിലേക്കു വ്യാപിച്ച നിലയില്‍

നദിയില്‍നിന്നും പുറത്തേക്കു വരുന്ന പതയ്ക്ക് കടുത്ത ദുര്‍ഗന്ധമാണുള്ളത്. കാറ്റ് മൂലം ഈ പത സമീപ പ്രദേശങ്ങളിലേക്കു വളരെ വേഗം എത്തുന്നു. അടുത്തിടെ പെയ്ത കനത്ത മഴയും നദികളിലേക്ക് ഒഴുകുന്ന മറ്റ് ജലസ്രോതസുകളുടെ സ്വാധീനത്താലും മാലിന്യങ്ങളും രാസവസ്തുക്കളും ഡിറ്റര്‍ജന്റുകളും തള്ളുന്നതിനാലും മലിനമായ നുരയുടെ അളവ് വര്‍ദ്ധിക്കുന്നതായി പ്രദേശത്തെ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. മലിനമായ നുരയുമായി ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് പരിസ്ഥിതി അതോറിറ്റി നിര്‍ദ്ദേശിച്ചു.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ചര്‍മ്മത്തില്‍ ചൊറിച്ചിലിനും ഈ പത കാരണമായേക്കാം.

എന്നാല്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ നദിയില്‍നിന്നും പത ഉയരുന്നതെന്ന് ചിലര്‍ പറയുന്നു. ഇതിന് മുന്‍പ് ചെറിയ തോതില്‍ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ടെന്നും അന്ന് പതയുടെ അളവ് കുറവായിരുന്നെന്നും ആളുകള്‍ പറയുന്നു. മലിനീകരണത്തിന്റെ തോത് വര്‍ധിച്ചപ്പോള്‍ പതയുടെ അളവ് വര്‍ദ്ധിച്ച് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.

2020 മുതല്‍ മോസ്‌ക്വറയില്‍ ഒരു മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് ചില അപകടകാരികളായ രാസവസ്തുക്കള്‍ നദിയിലേക്ക് ഒഴുകുന്നുണ്ട്. അതാണ് നദിയില്‍ നടക്കുന്ന ഈ പ്രതിഭാസത്തിന് കാരണമെന്നാണ് ചിലര്‍ പറയുന്നത്. ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനായി നദിയിലെ ജലവും പതയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മോസ്‌ക്വറ മേയറുടെ ഓഫീസ് വിഷപ്പതയുടെ ഫോട്ടോകള്‍ ട്വീറ്ററില്‍ പങ്കുവച്ചു. നദിയിലെ ചെടികള്‍ മൂലമുണ്ടാകുന്ന തടസമാണ് മലിനീകരണത്തിന് കാരണമെന്ന് മേയര്‍ ജിയാന്‍ ജെറോമെറ്റ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.