കാഠ്മണ്ഡു: ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നേപ്പാളും. വിദേശ നാണയ കരുതല്‍ ശേഖരം ഇടിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. ശ്രീലങ്കയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിന്ധിക്കും കാരണമായതും കരുതല്‍ ശേഖരം ഇടിഞ്ഞതാണ്.
രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ധനക്കമ്മി രണ്ട് ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ സ്ഥിതിയില്‍ മുന്നോട്ട് പോകുന്നത് ഒട്ടും ആശാവഹമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ സ്ഥിതി രൂക്ഷമല്ലെങ്കിലും ശ്രീലങ്കയ്ക്ക് സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന സൂചനകളും ഇവര്‍ നല്‍കുന്നു.
7.14 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. കഴിഞ്ഞ 67 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിദേശനാണ്യ ശേഖരത്തില്‍ 20 ശതമാനത്തിലേറെ ഇടിവും ഉണ്ടായി. കോവിഡ് മഹാമാരിയും ഉക്രെയ്ന്‍, റഷ്യ യുദ്ധവും തുടരുന്നതിനാല്‍ ഈ സ്ഥിതിയില്‍ നിന്ന് അടുത്തിടയെങ്ങും ഉയര്‍ച്ച ഉണ്ടാകാനും ഇടയില്ല.
രാജ്യത്തെ പ്രധാന വരുമാന മാര്‍ഗമായ ടൂറിസം കോവിഡിനെ തുടര്‍ന്ന് തകര്‍ന്ന് കിടക്കുകയാണ്. ടൂറിസം വഴിയാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ വിദേശ ധനം എത്തിയിരുന്നത്. മാത്രമല്ല കയറ്റുമതി കുറയുകയും ഇറക്കുമതി അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ചെയ്തത് രാജ്യത്തെ വിദേശ കറന്‍സി കരുതല്‍ ശേഖരം അതിവേഗം കുറയാന്‍ ഇടയായി.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധന വിലയില്‍ കാര്യമായ വര്‍ധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായി. കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണ്. 400 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാളില്‍ പ്രതിദിനം വേണ്ടത്. ഇതില്‍ 300 മെഗാവാട്ടും ഇന്ത്യയില്‍ നിന്ന് കിട്ടുന്നതാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാള്‍ ഗവണ്‍മെന്റ്. രാജ്യത്തേക്ക് കാറുകളും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതതിന് നേപ്പാള്‍ വാണിജ്യ കാര്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി മാത്രം വിദേശനാണ്യം ചെലവഴിക്കാനാണ് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ ഇന്ധന ഉപഭോഗം മൊത്തത്തില്‍ 20 ശതമാനം കുറയ്ക്കാനും തീരുമാനമെടുത്തു.
രാജ്യത്തെ ഇറക്കുമതിയുടെ 14 ശതമാനവും പെട്രോളിയം ഉല്‍പ്പനങ്ങളാണ്. റഷ്യയും ഉക്രെയ്ന്‍ യുദ്ധം കാരണം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചെലവ് വര്‍ധിച്ചു. വരുന്ന ആറു മാസത്തേക്ക് ആവശ്യ സ്ഥാനങ്ങള്‍ മാത്രം ഇറക്കുമതി ചെയ്യാനുള്ള കരുതല്‍ ശേഖരമേ ഇപ്പോള്‍ നേപ്പാളിനുള്ളു. പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താനായില്ലേല്‍ ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക കുരുക്കിലേക്കാകും നേപ്പാളും എത്തിച്ചേരുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.