കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തുടരുന്ന റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റേഡിയോ സ്വബോദയുടെ ജേണലിസ്റ്റായ വെറ ഗിരിച്ചാണ് കൊല്ലപ്പെട്ടത്. കീവില്‍ 25 നില അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് വെറ കൊല്ലപ്പെട്ടത്. ഈ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയായിരുന്നു വെറ.
ഉക്രെയ്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം കീവിലെ ഏറ്റവും വലിയ ഷെല്ലാക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ രണ്ട് നിലകള്‍ ലക്ഷ്യമാക്കിയായിരുന്നു മിസൈല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ 10 പേര്‍ക്കു പരുക്കേറ്റു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കീവ് സന്ദര്‍ശിക്കുന്നതിനിടെയാണ് മിസൈല്‍ ആക്രമണം ഉണ്ടായതെന്നും ശ്രദ്ധേയമാണ്.
ഉക്രെയ്‌നില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് യുദ്ധത്തില്‍ ജീവന്‍ നഷ്ടമായത്. ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ മാക്സ് ലെവിനെ ഈ മാസം ആദ്യം കീവിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
കീവിന് പുറമേ മരിയുപോളിലും ഡോണെറ്റ്‌സ്‌കിലും പൊളോണിലും ചെര്‍ണിഹീവിലും റഷ്യ കനത്ത ആക്രമണം തുടരുകയാണ്. ഉക്രെയ്‌ന് കൂടുതല്‍ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം നഷ്ടമായതായും വന്‍ നാശനഷ്ടങ്ങളാണ് ഇവിടെയൊക്കെ ഉണ്ടായതെന്നും ഉക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസിനോവ് പറഞ്ഞു.
റഷ്യ യുദ്ധം കടുപ്പിച്ചതോടെ ഉക്രെയ്ന്‍ പിന്തുണ നല്‍കി നാറ്റോ സഖ്യം രംഗത്തെത്തി. റഷ്യയെ ചെറുക്കാന്‍ നാറ്റോ മാരകശേഷിയുള്ള കൂടുതല്‍ പടക്കോപ്പുകള്‍ യുക്രെയ്‌നിനു ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിനു നാറ്റോ സൈനികര്‍ ഫിന്‍ലന്‍ഡ്, പോളണ്ട്, നോര്‍ത്ത് മാസിഡോണിയ, എസ്‌തോണിയ, ലാത്വിയ അതിര്‍ത്തിയിലേക്കു നീങ്ങി.
ഉക്രെയ്‌നു 3350 കോടി ഡോളറിന്റെ സൈനികസഹായം നല്‍കാനുള്ള നിര്‍ദേശത്തിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി. ഇതില്‍ 2000 കോടി ഡോളറിന്റെ ആയുധങ്ങളാണ്. യുദ്ധമേഖലയിലേക്ക് ഏകോപനത്തിന് സൈനിക വിദഗ്ധരെ അയയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. അതേസമയം റഷ്യയെ യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്നു പുറത്താക്കണമെന്ന പ്രമേയത്തില്‍ യുഎന്‍ പൊതുസഭ മേയ് 11ന് വോട്ടെടുപ്പ് നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.