കോഴിക്കോട്: സില്‍വര്‍ലൈന്‍ സമരത്തിലെ പൊലീസ് നടപടിയെ ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ ബോധം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കണമെന്നു സിപിഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. സിപിഐയിലെ പ്രായപരിധി മാനദണ്ഡത്തിനും സില്‍വര്‍ലൈന്‍ അനുകൂല നിലപാടിനുമെതിരെ രൂക്ഷവിമര്‍ശനമാണ് വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ഉയര്‍ന്നത്.
ഇരു വിഷയങ്ങളിലും കഴിഞ്ഞ സംസ്ഥാന കൗണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം സി.എന്‍ ചന്ദ്രനാണ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മണ്ഡലം സെക്രട്ടറിമാര്‍ ഉള്‍പ്പടെ പാര്‍ട്ടി തീരുമാനത്തിലുള്ള എതിര്‍പ്പ് അറിയിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയുള്ള ബഹുജന പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കാന്‍ പാര്‍ട്ടിക്കു കഴിയുമോയെന്ന് അംഗങ്ങള്‍ ചോദിച്ചു.
ജോലി തടസപ്പെടുത്തിയതിന് ഏതെങ്കിലും പൊലീസ് ഉമ്മ വച്ചിട്ടുണ്ടോ എന്നു ചോദിച്ച കാനം രാജേന്ദ്രന്റെ പ്രസ്താവന കമ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതാണോ? സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ഹിതപരിശോധന നടത്തിയാല്‍ 90 ശതമാനം പാര്‍ട്ടി അംഗങ്ങളും അതിന് എതിരായിരിക്കും. താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ വികാരം നേതൃത്വം മനസിലാക്കുന്നില്ല. പ്രായപരിധി മാനദണ്ഡം ഭാവിയില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പുതിയ ആളുകള്‍ നേതൃത്വത്തിലേക്ക് വരാന്‍ പ്രായപരിധിയുടെ ആവശ്യമില്ല. കഴിവുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നേതൃത്വം മനസവച്ചാല്‍ മതി. പ്രായപരിധി മാനദണ്ഡം തീരുമാനിച്ചത് ദേശീയ നേതൃത്വമാണെന്നും അതു നടപ്പാക്കാന്‍ തീരുമാനിക്കുക മാത്രമാണ് സംസ്ഥാന കൗണ്‍സില്‍ ചെയ്തതെന്നും സി.എന്‍ ചന്ദ്രന്‍ വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.