77 വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഷ്ടിച്ചെടുത്ത ജന്‍മദിന കേക്ക് ഇറ്റാലിയന്‍ വനിതയ്ക്ക് തിരിച്ചുനല്‍കി യുഎസ് സൈനികര്‍

77 വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഷ്ടിച്ചെടുത്ത ജന്‍മദിന കേക്ക് ഇറ്റാലിയന്‍ വനിതയ്ക്ക് തിരിച്ചുനല്‍കി യുഎസ് സൈനികര്‍

വിസന്‍സ(ഇറ്റലി): അത്യപൂര്‍വമായ ഒരു ജന്മദിന സമ്മാനം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഇറ്റലിയിലെ 90 വയസുകാരിയായ മെറി മിയോണ്‍. 77 വര്‍ഷം മുന്‍പുള്ള ഒരു ജന്മദിനത്തില്‍ താന്‍ കരഞ്ഞതിനുള്ള മറുപടിയായിരുന്നു 90-ാം ജന്മദിനത്തില്‍ ലഭിച്ച സമ്മാനം. ഒരു കേക്കാണ് മെറി മിയോണിന് സമ്മാനമായി ലഭിച്ചത്. എന്നാല്‍ ആ കേക്കിനു പിന്നിലെ വലിയൊരു ചരിത്രം കൂടിയുണ്ട്.

വടക്കു കിഴക്കന്‍ ഇറ്റലിയിലെ വിസന്‍സയിലുള്ള ജിയാര്‍ദിനി സാല്‍വി ഗ്രാമത്തിലാണ് ഇന്നലെ മെറി മിയോണിന്റെ ജന്‍മദിനാഘോഷ ചടങ്ങ് നടന്നത്. ആ കേക്ക് ഒരു യുദ്ധകാലത്തിന്റെ ഓര്‍മ കൂടിയായിരുന്നു. 77 വര്‍ഷം മുമ്പ് 1945-ല്‍ അമേരിക്കയും ജര്‍മനിയും തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മകള്‍ ആ ജന്‍മദിനാഘോഷത്തില്‍ നിറഞ്ഞുനിന്നു.



അമേരിക്കന്‍ സൈനികര്‍ അന്ന് ഒരു ഇറ്റാലിയന്‍ ഗ്രാമത്തിലെ വീട്ടില്‍നിന്നും മോഷ്ടിച്ച് കഴിച്ച കേക്കിന് പകരമായാണ് ഇന്നലെ പുതുപുത്തന്‍ കേക്ക് മെറി മിയോണിന് കൈമാറിയത്. അന്ന് 13 വയസായിരുന്നു മെറി മിയോണിന്. ജന്മദിനത്തില്‍ അമ്മ ഉണ്ടാക്കിയ കേക്ക് സാന്‍ പിയത്രോയിലെ വീടിന്റെ ജനാലയ്ക്കല്‍ തണുക്കാന്‍ വെച്ചു. യുദ്ധത്തിനിടെ, വിശന്നു വലഞ്ഞ അമേരിക്കന്‍ സൈനികര്‍ യാദൃശ്ചികമായി വീടിന്റെ ജനാലയ്ക്കടുത്ത് കണ്ട കേക്ക് മോഷ്ടിച്ച് കഴിക്കുകയായിരുന്നു. തന്റെ ജന്‍മദിന കേക്ക് കാണാതെ പോയതിന് കരഞ്ഞ മെറി മിയോണിന്റെ ആ സങ്കടം മാറ്റാനാണ് 77 വര്‍ഷത്തിനു ശേഷം യു.എസ്. സൈനികര്‍ നേരിട്ടെത്തി രുചിയേറിയ വലിയ സ്‌ട്രോബറി കേക്ക് സമ്മാനിച്ചത്.



അമേരിക്കയില്‍നിന്നും ഈ ചടങ്ങിനു മാത്രമായി എത്തിയ സൈനിക ഉദ്യോഗസ്ഥരുടെയും മുന്‍ സൈനികരുടെയും സംഘമാണ് ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകളില്‍ ഹാപ്പി ബര്‍ത്ഡേ എന്ന് എഴുതിയ മനോഹരമായ ജന്‍മദിന കേക്ക് മെറി മിയോണിന് സമ്മാനിച്ചത്. ഇറ്റാലിയന്‍ സൈനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

യു.എസ് സൈന്യവും ജര്‍മന്‍ സൈന്യവും തമ്മില്‍ നടന്ന ഘോരയുദ്ധത്തിന് സാക്ഷിയായിരുന്നു മെറി മിയോണ്‍. യുദ്ധത്തിനിടെ വന്ന ജന്‍മദിനം കേക്ക് മുറിച്ച് ആഘോഷിക്കാനായിരുന്നു മെറിയുടെ അമ്മ തീരുമാനിച്ചതെങ്കിലും അത് നടക്കാതെ പോയി. ഇരു സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് ഭയന്നുവിറച്ച കുടുംബം വീടുപേക്ഷിച്ച് ഗ്രാമത്തിലെ കൂടുതല്‍ സുരക്ഷിതമായ ഒരിടത്തിലേക്ക് താമസം മാറ്റുകയായിരുന്നു. ഇരു സൈന്യങ്ങളും തമ്മില്‍ നടന്ന യുദ്ധത്തില്‍ അന്ന് 19 യു എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.



അതു കഴിഞ്ഞ് 77 വര്‍ഷങ്ങള്‍. അതിനിടെ, മെറി മിയോണിന്റെ അമ്മ മരിച്ചു. ആ യുദ്ധത്തിന് ഉത്തരവിട്ട ഭരണത്തലവന്‍മാര്‍ മരിച്ചു. യുദ്ധത്തിന് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥരും യുദ്ധം ചെയ്ത സൈനികരുമെല്ലാം ഓര്‍മ്മകള്‍ മാത്രമായി. ഇന്നലെ തൊണ്ണൂറ് വയസു പൂര്‍ത്തിയായ മെറി മിയോണിന് ആ യുദ്ധത്തിന്റെ ബാക്കിപത്രമാണ്.



ഇരു രാജ്യങ്ങളിലെയും സൈനികരും പ്രാദേശിക ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്ത ചടങ്ങിലാണ് മെറി മിയോണന് കേക്ക് കൈമാറിയത്. ഇത്തിരി വിചിത്രമായ കാര്യമാണെങ്കിലും കേക്ക് കൈമാറുന്നതില്‍ ഏറെ സന്തോഷമുള്ളതായി മെറി മിയോണിന് ഉപഹാരം കൈമാറിയ അമേരിക്കന്‍ സര്‍ജന്റ് പീറ്റര്‍ വാലിസ് പറഞ്ഞു. ഇറ്റലിയിലെ ഗാരിസണിലെ യു.എസ് ആര്‍മി കമാണ്ടര്‍ കേണല്‍ മാത്യു ഗോംലാക് ചടങ്ങില്‍ സംസാരിച്ചു. അന്ന് നാട്ടുകാരായ ഇറ്റലിക്കാരില്‍ പലരും യു.എസ് സൈനികര്‍ക്ക് ഭക്ഷണവും വീഞ്ഞും നല്‍കിയതായി അദ്ദേഹം പറഞ്ഞു. ആ ഊഷ്മളമായ സ്വീകരണം തന്നെയാണ് ഇന്നും ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.