കൊളബോ: കടക്കെണിയിലായ ശ്രീലങ്കയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. കഴിഞ്ഞ മാസത്തെ ഇന്‍ഡക്‌സില്‍ രാജ്യത്തെ പണപ്പെരുപ്പം 29.8 ശതമാനമായി ഉയര്‍ന്നു. ഈ മാസം ആദ്യപാതത്തില്‍ തന്നെ അത് 30 ശതമാനത്തിനു മുകളിലേക്ക് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. മാര്‍ച്ച് മാസത്തില്‍ ഇത് 18.7 ശതമാനമായിരുന്നു.
രാജ്യം സ്വതന്ത്രമായ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പമാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യമാകട്ടെ 60 ശതമാനം ഇടിഞ്ഞു. മരുന്നുകള്‍ ഉള്‍പ്പടെ ആവശ്യ വസ്തുക്കളുടെ ക്ഷാമം രാജ്യമെങ്ങും രൂക്ഷമായി തുടരുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാര്‍ച്ചിലെ 30.21 ശതമാനത്തില്‍ നിന്ന് 46.6 ശതമാനമായി ഉയര്‍ന്നു. മിക്ക ഭക്ഷ്യവസ്തുക്കള്‍ക്കും റിക്കാര്‍ഡ് വിലയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ 400 കോടി ഡോളര്‍ ആവശ്യമാണ്. രാജ്യാന്തര നാണ്യനിധിയുടെ വായ്പ്പയ്ക്കായി ശ്രമം തുടരുന്നുണ്ട്. വിദേശനാണ്യം ഇല്ലാത്തതിനാല്‍ വിദേശ കടങ്ങളുടെ തിരിച്ചടവ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
1948 ലെ അവസ്ഥയിലേക്കാണ് ശ്രീലങ്ക കടന്നിരിക്കുന്നത്. ഇന്ത്യ അടക്കം മിക്ക രാജ്യങ്ങളോടും സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, നിര്‍മ്മാണ സാമഗ്രികള്‍, മൃഗങ്ങള്‍ക്കായുള്ള ഭക്ഷ്യവസ്തുക്കള്‍, വ്യവസായങ്ങള്‍ക്കാവശ്യമുള്ള അസംസ്‌കൃത വസ്തുക്കള്‍ എന്നിവ അടക്കം പ്രധാനമായും ഏഴ് സാമഗ്രികളാണ് ഇന്ത്യയോട് അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഏഴ് ലക്ഷം കോടി രൂപയുടെ അടിയന്തരസഹായം ഇന്ത്യ ഇതുവരെ നല്‍കി കഴിഞ്ഞു. ഇതുകൂടാതെ 3800 കോടി രൂപയുടെ പെട്രോളിയം നല്‍കി. ഇതിന് പുറമെ ശ്രീലങ്ക ആവശ്യപ്പെട്ട അടിയന്തിര സഹായങ്ങള്‍ കടമായി കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. വ്യവസായ വകുപ്പില്‍ നിന്ന് അനുമതി കിട്ടുന്ന മുറയ്ക്ക് സാധനങ്ങള്‍ ഘട്ടംഘട്ടമായി കയറ്റുമതി ചെയ്യും.
ഇതിനിടെയും സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം രാജ്യത്ത് വ്യാപകമായി നടക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ കൊളംബോയില്‍ കൂറ്റന്‍ റാലി നടത്തി. പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ രാജിക്കായുള്ള മുറവിളി തുടരുന്നു. പ്രാധാനമന്ത്രി മഹീന്ദ രാജപക്‌സെയെ നീക്കി സര്‍വകക്ഷി ദേശീയ സര്‍ക്കാരിനുള്ള ശ്രമം നടക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.