സി.ബി.ഐ 5 ദി ബ്രെയിനിന് തിയേറ്ററുകളിൽ വൻ വരവേൽപ്പ്. സി.ബി.ഐയിലെ ബുദ്ധിരാക്ഷസനായ ഉദ്യോഗസ്ഥന്‍ സേതുരാമയ്യര്‍ അങ്ങനെ വീണ്ടും ജന ഹൃദയം കീഴടക്കാൻ എത്തി. ഒരേ സംവിധായകന്‍, നായകന്‍, തിരക്കഥാകൃത്ത് എന്നിവര്‍ ഒരേ ചിത്രത്തിന്റെ അഞ്ചു ഭാഗങ്ങളില്‍ ഒന്നിച്ചു എന്നത് തന്നെയാണ് സി.ബി.ഐ സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത.
സീരീസിലെ ആദ്യ ചിത്രമിറങ്ങി മൂന്നുപതിറ്റാണ്ട് ശേഷമാണ് അഞ്ചാം ഭാഗം പുറത്തുവന്നത്. 1988 ല്‍ റിലീസ് ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സി.ബി.ഐ സീരിസിന്റെ തുടക്കം. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നിവയും പുറത്തിറങ്ങി. സീരീസിലെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ വിക്രം എന്ന ഉദ്യോഗസ്ഥനായെത്തിയ ജഗതി ശ്രീകുമാര്‍ ഇത്തവണയും സി.ബി.ഐ 5 ദി ബ്രെയിനില്‍ ഉണ്ടായിയെന്നത് സവിശേഷതയായി.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രത്തില്‍ സേതുരാമയ്യരുടെ കേസന്വേഷണം അവതരിപ്പിച്ചിരിക്കുന്നത്. സി.ബി.ഐയെ ഏറ്റവും കുഴപ്പിച്ച ഒരു കേസ് ഏങ്ങനെ സേതുരാമയ്യരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു എന്നതിനെ മുന്‍നിര്‍ത്തിയാണ് കഥ പുരോഗമിക്കുന്നത്. പ്രേക്ഷകര്‍ക്ക് അധികം സുപരിചിതമല്ലാത്ത ബാസ്‌കറ്റ് കില്ലിംഗ് ആണ് ചിത്രത്തിന്റെ പ്രമേയം. സംസ്ഥാനത്തെ മന്ത്രിയുടെ മരണവും പിന്നാലെയുണ്ടാകുന്ന കൊലപാതകങ്ങളും പൊലീസിനെ കുഴയ്ക്കുന്നു.
ഇതിലൂടെ സി.ബി.ഐയുടെ വരവിന് വഴിയൊരുങ്ങുകയാണ്. സി.ബി.ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ എത്തുന്നതോടെ അന്വേഷണം ചൂടുപിടിക്കുന്നു.രണ്ടാം പകുതിയില്‍ കേസന്വേഷണം പുരോഗമിക്കുന്തോറും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ചിത്രത്തിനായി. സീരിസിലെ മുന്‍ ചിത്രങ്ങള്‍ക്ക് സമാനമായ രീതിയില്‍ തന്നെയാണ് കഥയുടെ മുന്നേറ്റം. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സേതുരാമയ്യരായി വീണ്ടും മമ്മൂട്ടി എത്തിയത്.
എന്നാല്‍ മാനറിസങ്ങളിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മമ്മൂട്ടി മികവ് പുലര്‍ത്തിയതിനാല്‍ ഇത്രയും വര്‍ഷത്തെ ഇടവേള പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. നെറ്റിയില്‍ കുങ്കുമക്കുറിയുമായി കൈകള്‍ പിറകില്‍ കെട്ടി ഫാഫ് സ്ലീവ് ഷര്‍ട്ടുമിട്ട് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയെത്തുന്ന സേതുരാമയ്യരെ തിലശീലയില്‍ വീണ്ടും കാണാനായത് ആരാധകരെ ആവേശത്തിലാക്കി. ഇത്തവണ വളരെയധികം പ്രാധാന്യമുള്ള കേസായതിനാല്‍ തന്നെ സേതുരാമയ്യരുടെ അന്വേഷണ സംഘത്തില്‍ അംഗസംഖ്യയും കൂടുതലാണ്. അയ്യരുടെയൊപ്പം ചിത്രത്തില്‍ വനിതാ ഉദ്യോഗസ്ഥരെത്തുന്നു എന്നതും പ്രത്യേകതയാണ്.
മുകേഷ്, രഞ്ജി പണിക്കര്‍, ജഗതി ശ്രീകുമാര്‍, ആശാ ശരത്ത്, അന്‍സിബ, രമേശ് പിഷാരടി, സുദേവ്, സായ് കുമാര്‍, സൗബിന്‍, സുരേഷ് കുമാര്‍, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, കൊല്ലം രമേശ് എന്നിവരടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
അന്വേഷണ സംഘത്തിലുള്ള രഞ്ജി പണിക്കര്‍, പിഷാരടി, അന്‍സിബ തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങള്‍ ഭദ്രമായി കെെകാര്യം ചെയ്‌തു. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ ആശാ ശരത്തിനും സായ് കുമാറിനുമായി. സത്യദാസ് എന്ന പൊലീസുകാരനായെത്തിയ സായ് കുമാറിന് സീരിസിലെ മുന്‍ ചിത്രത്തിലെ കഥാപാത്രത്തെ അതേ മികവോടെ തന്നെ പുനരവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ചിത്രത്തിലെ ഹെെലെെറ്റ് ജഗതീ ശ്രീകുമാറിന്റെ തിരിച്ചുവരവ് തന്നെയാണ്. സേതുരാമയ്യരുടെ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന വിക്രമിനെ വെറുതെ ഒരു സീനില്‍ കൊണ്ടുവരികയല്ല ചിത്രത്തില്‍. കഥാഗതിയില്‍ സുപ്രധാന വഴിത്തിരിവാകുന്ന ഒരു കഥാപാത്രമായി വിക്രമിനെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തിനായിട്ടുണ്ട്.
മുഖത്തെ ഭാവങ്ങളും കെെകളുടെ ചലനങ്ങളും സമീപ ഭാവിയില്‍ ജഗതി ശ്രീകുമാറിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്യാമിന്റെ ഐക്കോണിക്ക് പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.