വത്തിക്കാന്‍: ജീവിതത്തിന്റെ നിരാശാവേളകളില്‍, പത്രോസിനുണ്ടായ അനുഭവം പോലെ സ്‌നേഹവും സാന്ത്വനവും കൊണ്ട് നമ്മുടെ വലകള്‍ നിറയ്ക്കാന്‍ കഴിയുന്ന കര്‍ത്താവിനെ എപ്പോഴും അന്വേഷിക്കാന്‍ നമുക്കു കഴിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച്ച ദിവ്യബലിക്കു ശേഷം വത്തിക്കാനിലെ സെന്റ് ബസിലിക്ക ചത്വരത്തില്‍ തടിച്ചുകൂടിയ വിവിധ രാജ്യക്കാരായ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
ഉയിര്‍പ്പു ഞായര്‍ മുതല്‍ പെന്തക്കോസ്താ തിരുന്നാള്‍ വരെ ചൊല്ലുന്ന 'സ്വര്‍ലോക രാജ്ഞീ ആനന്ദിച്ചാലും' എന്ന പ്രാര്‍ഥനയ്ക്കു മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണ് യേശുവിനൊപ്പം ജീവിതം പുനഃരാരംഭിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്.
ദിവ്യബലി മദ്ധ്യേ വായിച്ച വിശുദ്ധഗ്രന്ഥ ഭാഗത്തിലെ യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം 1-19 വരെയുള്ള വാക്യങ്ങളാണ് മാര്‍പാപ്പ വിശദീകരിച്ചത്. ഉത്ഥിതനായ യേശു മൂന്നാം തവണയും അപ്പോസ്തലന്മാര്‍ക്ക് പ്രത്യക്ഷനാകുന്ന സംഭവമായിരുന്നു അത്. 'ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു' എന്ന് പത്രോസ് മറ്റ് ശിഷ്യന്മാരോട് പറയുന്നു. യേശുവിനെ അനുഗമിക്കുന്നതിനായാണ് പത്രോസ് താന്‍ മുന്‍പ് ഏര്‍പ്പെട്ടിരുന്ന തൊഴിലും വലയും ഉപേക്ഷിക്കുന്നത്. ഇപ്പോഴാകട്ടെ, നിരാശനായ പത്രോസ് പഴയ ജീവിതത്തിലേക്കു മടങ്ങിപ്പോകാന്‍ എല്ലാവരോടും നിര്‍ദേശിക്കുന്നു. മറ്റുള്ളവര്‍ അത് സ്വീകരിക്കുന്നു. പക്ഷേ ആ രാത്രി അവര്‍ക്ക് മീനൊന്നും ലഭിക്കുന്നില്ല.
സമാനമായ രീതിയില്‍ ജീവിതത്തില്‍ നിരാശ നമ്മെയും ബാധിച്ചേക്കാം. കര്‍ത്താവിനെ മറക്കുകയും ജീവിതത്തിലെ നമ്മുടെ മഹത്തായ തിരഞ്ഞെടുപ്പുകളെ അവഗണിക്കുകയും ചെയ്‌തേക്കാം. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുമ്പോള്‍ കുടുംബത്തില്‍ പരസ്പരം സംസാരിക്കാന്‍ പോലും സമയം ചെലവഴിക്കുന്നില്ല. പ്രാര്‍ത്ഥന വിസ്മരിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുന്നു. പക്ഷേ, അങ്ങനെ സംഭവിക്കുമ്പോള്‍ ഒരുവന്‍ നിരാശയില്‍ മുങ്ങുന്നു. ശൂന്യമായ വലകളുമായി നില്‍ക്കുന്ന പത്രോസിനുണ്ടായത് പോലുള്ള നിരാശ നമ്മെ ബാധിക്കുന്നു.
എന്നാല്‍ ഉത്ഥിതനായ യേശുവാകട്ടെ, പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ തെരഞ്ഞെടുത്ത ആ തടാകത്തിന്റെ തീരത്തേക്കു വീണ്ടും ചെല്ലുന്നു. അവിടുന്ന് അവരെ ശകാരിക്കുന്നില്ല. പകരം ശിഷ്യന്മാരെ ആര്‍ദ്രതയോടെ 'കുഞ്ഞുങ്ങളേ' എന്നു വിളിക്കുന്നു. പഴയതുപോലെ വീണ്ടും വല വീശാന്‍ അവരെ ക്ഷണിക്കുന്നു. വലകള്‍ അവിശ്വസനീയമാംവിധം മത്സ്യങ്ങള്‍ കൊണ്ട് നിറയുന്നു. ജീവിതത്തില്‍ നമുക്ക് ഇതുപോലെ ശൂന്യമായ അവസ്ഥ ഉണ്ടാകുമ്പോള്‍ സ്വയം പരിതപിക്കാനും നിരാശനാകാനും കാര്യങ്ങള്‍ മറക്കാനും ശ്രമിക്കരുത്്. എന്നാല്‍ ധൈര്യത്തോടെ യേശുവിനൊപ്പം വീണ്ടും പുനരാരംഭിക്കാനും സഹായത്തിനായി അവിടുത്തെ അന്വേഷിക്കാനും ഉറച്ച ബോധ്യത്തോടെ പോകാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
നവോന്മേഷത്തിന്റെ പുതിയൊരു അനുഭവത്തിലേക്ക് ഉത്ഥിതനായ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു, എന്തെങ്കിലും നഷ്ടപ്പെടുമെന്ന ഭയമില്ലാതെ, അധികം ആലോചിക്കാതെ, മറ്റുള്ളവര്‍ തുടങ്ങാന്‍ കാത്തിരിക്കാതെ നന്മയിലേക്ക് ഊളിയിടാന്‍ അവിടുന്ന് നമ്മെയെല്ലാം ക്ഷണിക്കുന്നു. ഹൃദയത്തിന്റെ പ്രേരണയെ നിയന്ത്രിക്കാതെയും തന്നിലേക്കു തന്നെ ഉള്‍വലിയാതെയും നല്ലതിനായി കുതിച്ചുചാടാനും ഊളിയിടാനും യേശു ആഹ്വാനം ചെയ്യുന്നുവെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
യേശു പത്രോസിനോട് 'നീ എന്നെ സ്‌നേഹിക്കുന്നുവോ?' എന്ന് മൂന്ന് തവണ ചോദിക്കുന്നു. ക്രിസ്തു നമ്മോടും ഇതേ ചോദ്യം ചോദിക്കുന്നു. നീ എന്നെ സ്‌നേഹിക്കുന്നുവോ? ഉയിര്‍പ്പു ദിനത്തില്‍ നമ്മുടെ ഹൃദയവും ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് യേശു ആഗ്രഹിക്കുന്നു.
നമ്മുടെ ഭയങ്ങളെ മറികടന്ന് ആ സ്‌നേഹത്തിലേക്ക് ധൈര്യത്തോടെ ഊളിയിടാനും പുതുതായി ആരംഭിക്കാനും നമ്മുടെ ഭൂതകാലത്തെ വിസ്മരിക്കാനും യേശു ആഹ്വാനം ചെയ്യുന്നു. ഈ അനുഭവത്തോടെ പത്രോസ് എന്നെന്നേക്കുമായി മത്സ്യബന്ധനം നിര്‍ത്തുകയും ദൈവത്തിന്റെയും സഹോദരന്മാരുടെയും സേവനത്തിനായി സ്വന്തം ജീവന്‍ സമര്‍പ്പിക്കുകയും ചെയ്തു.
'നന്മ ചെയ്യാനുള്ള പ്രേരണ വീണ്ടും കണ്ടെത്താന്‍ അമ്മേ ഞങ്ങളെ സഹായിക്കണമേ എന്ന പ്രാര്‍ഥനയോടെ മാര്‍പാപ്പ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.