തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്. സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് കരട് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച നടന്നത്. 5000 പേജുള്ള ബൃഹത്തായ റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ളത്. നിര്‍ദേശങ്ങള്‍ തയ്യാറാക്കാനായി സാംസ്‌കാരികവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇത് അനുസരിച്ച് അവര്‍ തയാറാക്കിയ കുറിപ്പാണിപ്പോള്‍ പുറത്തു വന്നത്.
ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിംഗസമത്വവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന നിര്‍ദേശങ്ങളാണ് ഇതില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ പരിഗണന നല്‍കണം. തുല്യ വേതനം നല്‍കണം. സിനിമയിലെ എല്ലാ ജോലികള്‍ക്കും കരാര്‍ ഉണ്ടാക്കണം.
സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയില്‍ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളില്‍ സഹകരിപ്പിക്കരുത്. മദ്യവും മയക്കുമരുന്നും സെറ്റുകളില്‍ പാടില്ല തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.