വത്തിക്കാന്‍ സിറ്റി: റഷ്യ ഉക്രെയ്‌നില്‍ നടത്തുന്ന അധിനിവേശത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ മോസ്‌കോയിലെത്തി സന്ദര്‍ശിക്കാനുള്ള സന്നദ്ധത അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ. ഇറ്റലിയിലെ ദിനപ്പത്രമായ 'കൊറിയേരെ ദെല്ല സേര'യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്നദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
യുദ്ധമാരംഭിച്ച് ഇരുപതു ദിനം പിന്നിട്ടപ്പോള്‍, താന്‍ മോസ്‌കോയിലേക്കു വരാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് പുടിനെ അറിയിക്കാന്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ മോസ്‌കോയില്‍നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും പാപ്പ വെളിപ്പെടുത്തി. പുടിന്‍ തനിക്കായി വാതില്‍ തുറക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.
ഈ വേളയില്‍ ഇത്തരമൊരു കൂടിക്കാഴ്ച പുടിന്‍ ആഗ്രഹിക്കുന്നില്ല, അല്ലെങ്കില്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഇതില്‍ തനിക്ക് ആശങ്കയുണ്ടെങ്കിലും ഈ കൂടിക്കാഴ്ച്ചയുടെ കാര്യത്തില്‍ താന്‍ നിര്‍ബ്ബന്ധം പിടിക്കുകയാണെന്ന് പാപ്പ പറഞ്ഞു.
ഉക്രെയ്‌നിലെ കീവിലേക്കു പോകുന്നതിനു മുമ്പ് മോസ്‌കോ സന്ദര്‍ശിച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തണം എന്നതാണ് തന്റെ നിലപാടെന്ന് പാപ്പ വ്യക്തമാക്കി. ഉക്രെയ്‌നില്‍ നടക്കുന്ന ക്രൂരത അവസാനിപ്പിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന്, കാല്‍ നൂറ്റാണ്ട് മുന്‍പ് റുവാണ്ടയില്‍ നടന്ന മനുഷ്യക്കുരുതി പാപ്പ അനുസ്മരിച്ചു. ഉക്രെയ്‌നിലെ സാഹചര്യം 1994-ലെ റുവാണ്ടന്‍ വംശഹത്യയുമായാണ് പാപ്പ താരതമ്യം ചെയ്തത്.
റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ മേധാവി പാത്രിയാര്‍ക്കീസ് കിറിലുമായി മാര്‍ച്ചില്‍ വീഡിയോ വഴി സംസാരിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ ഭാഷയ്ക്കു പകരം യേശുവിന്റെ ഭാഷ ഉപയോഗിക്കണമെന്ന് താന്‍ അദ്ദേഹത്തോടു പറഞ്ഞതായും പാപ്പ വെളിപ്പെടുത്തി.
ഫ്രാന്‍സിസ് പാപ്പ ഉക്രെയ്ന്‍ സന്ദര്‍ശിക്കുമെന്ന് ഉക്രെനിലെ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരിന്നു. മാര്‍ച്ച് 22 ന് നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി മാര്‍പാപ്പയെ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.