വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും നീക്കാനും ഇ സൈന്‍ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും നീക്കാനും ഇ സൈന്‍ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: തിരെഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടലും ആപ്പും വഴി ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇ സൈന്‍ നിര്‍ബന്ധമാക്കി. സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ഇനി മുതല്‍ ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തല്‍ വരുത്താനും സാധിക്കൂ.

ഓണ്‍ലൈനിലൂടെ വ്യാപകമായി വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് തിരെഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പരിഷ്‌ക്കാരം. നേരത്തെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ച ശേഷം ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോണ്‍ നമ്പര്‍ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാല്‍ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു.

കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഇത്തരത്തില്‍ 6,000 ത്തിലധികം പേരുകള്‍ നീക്കം ചെയ്തിരുന്നതായി രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രമക്കേട് തടയുന്നതിന് പുതിയ നടപടി ഏര്‍പ്പെടുത്തിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6 പൂരിപ്പിക്കേണ്ടതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് എതിര്‍ക്കുന്നതിനും പേര് നീക്കം ചെയ്യാനും പൂരിപ്പിക്കേണ്ടത് ഫോം 7 ആണ്. തിരുത്തല്‍ വരുത്തുന്നതിന് പൂരിപ്പിക്കേണ്ടത് ഫോം 8 ഉം ആണ്.

ഈ ഫോമുകളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇ സൈന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ബന്ധമാക്കിയത്. അതായത് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ഇനി മുതല്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.