ഭക്ഷ്യവിഷബാധ: സാമ്പിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

ഭക്ഷ്യവിഷബാധ: സാമ്പിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

കാസര്‍ഗോഡ്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പരിശോധിച്ച കൂള്‍ബാറിലെ ഭക്ഷ്യസാമ്പിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് സാന്നിധ്യം കണ്ടെത്തിയത്. ഷവര്‍മ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്.

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഷിഗെല്ല, സാല്‍മണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള പരിശോധന നടക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാര്‍ത്ഥിനി മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. മുപ്പതിലേറെ പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തു. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ ചെറുവത്തൂരില്‍ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടന്നിരുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഐസ്‌ക്രീം വിതരണകേന്ദ്രം അടപ്പിച്ചു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കൂള്‍ബാറുള്‍പ്പടെയുള്ള കടകള്‍ അടച്ചുപൂട്ടാനും ചെറുവത്തൂര്‍ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. കൂടാതെ കടകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.