വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭം: ന്യൂസിലന്‍ഡ് മുന്‍ ഉപപ്രധാനമന്ത്രി അടക്കം 151 പേര്‍ക്ക് പാര്‍ലമെന്റില്‍ വിലക്ക്

വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭം: ന്യൂസിലന്‍ഡ് മുന്‍ ഉപപ്രധാനമന്ത്രി  അടക്കം 151 പേര്‍ക്ക് പാര്‍ലമെന്റില്‍ വിലക്ക്

മുന്‍ ഉപപ്രധാനമന്ത്രിയുടെ വിലക്ക് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ഭരണകൂടത്തിനു തലവേദനയായി മാറിയ വാക്സിന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ സന്ദര്‍ശിച്ച മുന്‍ ഉപപ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. രണ്ടു വര്‍ഷത്തേക്കാണ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്പീക്കര്‍ ട്രെവര്‍ മല്ലാര്‍ഡാണ് വിലക്ക് സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാല്‍ കുറ്റം ഗൗരവമേറിയതല്ലെന്ന കണ്ടെത്തലിലാണ് വിലക്ക് പിന്‍വലിച്ചത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്നതിന്റെ പേരില്‍ പീറ്റേഴ്സ് ഉള്‍പ്പെടെ 151 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ അഞ്ചു പേരുടെ നോട്ടീസാണു പിന്‍വലിച്ചത്. ബാക്കിയുള്ളവര്‍ക്ക് പാര്‍ലമെന്റ് പരിസരത്ത് വരുന്നതിനുള്ള വിലക്ക് തുടരും.

കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരേ കാനഡയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ പ്രതിഷേധ സമരത്തിനു സമാനമായിരുന്നു ന്യൂസിലന്‍ഡിലെ സമരവും. ഫെബ്രുവരിയിലായിരുന്നു ആഴ്ചകള്‍ നീണ്ട സമരം അരങ്ങേറിയത്. പാര്‍ലമെന്റ് മൈതാനം കൈയേറിയും നഗരം സ്തംഭിപ്പിച്ചും നടന്ന സമരത്തിനിടെ പോലീസും പ്രക്ഷോഭകരും പലതവണ ഏറ്റുമുട്ടുകയും ചെയ്തു.

പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റുമുള്ള റോഡുകളില്‍ നൂറുകണക്കിന് വാഹനങ്ങള്‍ നിര്‍ത്തിയിട്ടശേഷം ടെന്റുകള്‍ സ്ഥാപിച്ചായിരുന്നു സമരം. ഇതിനെതിരേ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഭരണകൂടത്തിന് വലിയ തലവേദന സൃഷ്ടിച്ച പ്രതിഷേധക്കാരെ മുന്‍ ഉപപ്രധാനമന്ത്രി സന്ദര്‍ശിച്ചതാണ് വിലക്കിനു കാരണമായത്. അതേസമയം വിലക്കിനെതിരേ 'സ്വേച്ഛാധിപത്യ സമീപനം' എന്നാണ് വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ആദ്യം പ്രതികരിച്ചത്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് വിലക്ക് പിന്‍വലിച്ചത്.

വിന്‍സ്റ്റണ്‍ പീറ്റേഴ്സ് പ്രക്ഷോഭകരെ നിയമലംഘനത്തിന് പ്രേരിപ്പിട്ടില്ല എന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് നോട്ടീസ് പിന്‍വലിച്ചത്.

ന്യൂസിലാന്‍ഡില്‍ പാര്‍ലമെന്റിന്റെ ഗ്രൗണ്ടുകളുടെയും കെട്ടിടങ്ങളുടെയും ഉത്തരവാദിത്തം സ്പീക്കര്‍ക്കാണ്.

പ്രതിഷേധ സമരം പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ നാല്‍പതോളം പേര്‍ക്കാണ് അന്നു പരിക്കേറ്റത്. പാര്‍ലമെന്റ് മന്ദിരത്തിനു സമീപം പ്രക്ഷോഭകര്‍ കെട്ടിയുയര്‍ത്തിയ ടെന്റുകള്‍ അഗ്നിക്കിരയാകുകയും ചെയ്തിരുന്നു.

ജസീന്ദ ആര്‍ഡേണിന്റെ ആദ്യ സഖ്യസര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു പീറ്റേഴ്സ്. സമരത്തിന്റെ ആദ്യ ദിവസങ്ങളിലാണ് പ്രക്ഷോഭകരെ സന്ദര്‍ശിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്ക് അഞ്ചു ശതമാനം വോട്ട് നേടാനാകാത്തതിനെ തുടര്‍ന്നാണ് പീറ്റേഴ്സിന് പാര്‍ലമെന്റ് സ്ഥാനം നഷ്ടപ്പെട്ടത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പീറ്റേഴ്സ് വ്യക്തമാക്കിയിരുന്നു. നോട്ടീസ് ലഭിച്ചവര്‍ വിലക്ക് ലംഘിച്ചാല്‍ 1,000 വരെ പിഴയോ മൂന്ന് മാസം വരെ തടവോ ലഭിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.