യുദ്ധാനുകൂല നിലപാട്: റഷ്യന്‍ പാത്രിയാര്‍ക്കീസിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍

യുദ്ധാനുകൂല നിലപാട്: റഷ്യന്‍ പാത്രിയാര്‍ക്കീസിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍

ബ്രസല്‍സ്: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കിറിലിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍. പാത്രിയാര്‍ക്കീസ് കിറില്‍ ഉള്‍പ്പെടെ റഷ്യയിലെ 58 വ്യക്തികള്‍ക്കാണ് പുതുതായി ഉപരോധം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്. യൂറോപ്യന്‍ യൂണിയന്റെ നിര്‍വാഹക സമിതിയാണ് യൂറോപ്യന്‍ കമ്മിഷന്‍.

ഉക്രെയ്‌നെ തകര്‍ത്തെറിഞ്ഞ റഷ്യന്‍ ആക്രമണത്തിന് പിന്തുണ നല്‍കുന്നവരില്‍ പ്രധാനിയാണ് പാത്രിയാര്‍ക്കീസ് കിറില്‍. യുദ്ധത്തിന് ഉത്തരവിട്ട പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ദീര്‍ഘകാലമായി ഏറെ അടുപ്പവുമുണ്ട്.

ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം റഷ്യന്‍ പൗരന്മാര്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ഇതിനകം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ആസ്തികള്‍ മരവിപ്പിക്കുകയും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പുതുതായി 58 പേരെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെ അനുമതി ആവശ്യമാണ്.

അതേസമയം, പാത്രിയാര്‍ക്കീസ് കിറില്‍ ഉപരോധം നേരിടേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ വക്താവ് തള്ളിയിരുന്നു. മത നേതാക്കള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് അസംബന്ധവും സാമാന്യബുദ്ധിക്ക് യോജിക്കാത്തതുമാണെന്ന് റഷ്യയിലെ ചര്‍ച്ച്, സൊസൈറ്റി, മീഡിയ റിലേഷന്‍സ് എന്നിവയുടെ സിനഡല്‍ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ വ്ളാഡിമിര്‍ ലെഗോയ്ഡ പറഞ്ഞു.

മാര്‍ച്ച് 16-ന് വീഡിയോ കോളിലൂടെ റഷ്യന്‍ പാത്രിയാര്‍ക്കീസുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ യുദ്ധ നിലപാടിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തിയിരുന്നു.

'പാത്രിയാര്‍ക്കീസ് കിറിലുമായി സൂമിലൂടെ 40 മിനിറ്റ് സംസാരിച്ചു. ആദ്യത്തെ 20 മിനിറ്റ് ഒരു കടലാസില്‍ നോക്കി റഷ്യന്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന കാരണങ്ങള്‍ അദ്ദേഹം വായിക്കുകയായിരുന്നു - പാപ്പ പറഞ്ഞു.

'ഞാന്‍ അദ്ദേഹത്തെ സൂക്ഷ്മമായി ശ്രദ്ധിക്കുകയായിരുന്നു, എന്നിട്ട് ഇങ്ങനെ മറുപടി പറഞ്ഞു. 'എനിക്ക് ഇതൊന്നും മനസിലാകുന്നില്ല. സഹോദരാ, നാം സ്‌റ്റേറ്റിന്റെ പുരോഹിതരല്ല. നാം സംസാരിക്കേണ്ടത് രാഷ്ട്രീയത്തിന്റെ ഭാഷയുമല്ല, പകരം യേശുവിന്റെ ഭാഷയാണ്. നാം ദൈവത്തിന്റെ വിശുദ്ധ ആട്ടിന്‍കൂട്ടത്തിന്റെ ഇടയന്മാരാണെന്ന് ഓര്‍ക്കണം'.

സമാധാനത്തിലേക്കുള്ള പാത നാം മുന്‍കൈയെടുത്ത് തേടണം. ഈ രക്ത രൂക്ഷിത പോരാട്ടം അവസാനിപ്പിക്കണം. പുടിന്റെ അള്‍ത്താര ബാലന്‍ എന്ന നിലയിലേക്ക് ഒരു ആത്മീയ പിതാവിന് ഒരിക്കലും സ്വയം ചെറുതാകാനാകില്ല.

ജൂണ്‍ 14-ന് ജറുസലേമില്‍ നടക്കേണ്ടിയിരുന്ന ഒരു കൂടിക്കാഴ്ച്ച താനും പാത്രിയാര്‍ക്കീസ് കിറിലും റദ്ദാക്കിയതായി പാപ്പ പറഞ്ഞു. ഈ ഘട്ടത്തിലെ കൂടിക്കാഴ്ച്ച തെറ്റായ സന്ദേശം നല്‍കുമെന്ന് തങ്ങള്‍ക്കു ബോധ്യമുണ്ടെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ യൂറോപ്പിലുടനീളമുള്ള കത്തോലിക്കാ ബിഷപ്പുമാര്‍ പാത്രിയാര്‍ക്കീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പോളണ്ടിലെ ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഗഡെക്കി, ജര്‍മ്മനിയിലെ കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്‌സ്, ലക്‌സംബര്‍ഗിലെ കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ച്, ഐറിഷ് ബിഷപ്പുമാര്‍ എന്നിവര്‍ ആവശ്യം ഉന്നയിച്ചവരില്‍ ഉള്‍പ്പെടുന്നു.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ 150 ദശലക്ഷം അംഗങ്ങളുണ്ട്. ഉക്രെയ്ന്‍ യുദ്ധം ഇതര സഭകളുമായുള്ള മോസ്‌കോ പാത്രിയാര്‍ക്കീസിന്റെ ബന്ധം വഷളാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.