റഷ്യന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തത് അമേരിക്കന്‍ സഹായത്തോടെ; ഉക്രെയ്ന്‍ സേനയ്ക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം

റഷ്യന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തത് അമേരിക്കന്‍ സഹായത്തോടെ; ഉക്രെയ്ന്‍ സേനയ്ക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം

കീവ്: കഴിഞ്ഞ മാസം കരിങ്കടലില്‍ റഷ്യയുടെ യുദ്ധക്കപ്പല്‍ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ തകര്‍ത്തതിന് പിന്നില്‍ അമേരിക്കയുടെ സഹായമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. കപ്പല്‍ തിരിച്ചറിയാനും യഥാര്‍ത്ഥ സ്ഥാനം കണ്ടെത്താനും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചില സഹായങ്ങള്‍ ഉണ്ടായതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വെളിപ്പെടുത്തി.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മെഡിറ്റേറിയന്‍ ഭാഗത്ത് പ്രത്യക്ഷപ്പെട്ട യുദ്ധക്കപ്പല്‍ റഷ്യയുടെ മോസ്‌കോവയാണോ എന്ന് സ്ഥിരീകരിക്കാനായി ഉക്രെയ്ന്‍ യുഎസിനെ സമീപിച്ചു. യുഎസിന്റെ ഇന്റലിജന്റ്‌സ് വിഭാഗം അന്വേഷണം നടത്തി കപ്പല്‍ മോസ്‌കോവ ആണെന്നും കരിങ്കടലിന്റെ ഏതു സ്ഥാനത്തായാണ് കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും കൃത്യമായ വിവരം നല്‍കി.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉക്രെയ്ന്‍ മിസൈല്‍ ആക്രമണം നടത്തി കപ്പല്‍ തകര്‍ത്തത്. അതേസമയം കപ്പല്‍ ഏതാണെന്ന് തിരിച്ചറിയാന്‍ മാത്രമാണ് സഹായം നല്‍കിയതെന്നും കപ്പല്‍ ആക്രമിക്കാന്‍ ഉക്രെയ്ന്‍ സേനയ്ക്ക് ലക്ഷ്യമുണ്ടായിരുന്നതായി അറിയില്ലെന്നുമാണ് യുഎസിന്റെ വിശദീകരണം.

കഴിഞ്ഞ ഏപ്രില്‍ 14 നാണ് ഉക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നത്. റഷ്യയുടെ കപ്പല്‍ നശിപ്പിച്ചതായി ഉക്രെയ്ന്‍ അവകാശപ്പെട്ടപ്പോള്‍ റഷ്യ അതിനെ നിഷേധിച്ചു. കപ്പലിന് സ്വയം തീ പിടിക്കുകയും അങ്ങനെ മുങ്ങി പോകുകയുമായിരുന്നു എന്നായിരുന്നു റഷ്യയുടെ വിശദീകരണം.

ഉക്രെയ്‌നിലേക്കുള്ള റഷ്യന്‍ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ച് യുഎസ് മാസങ്ങളായി ഉക്രെയ്‌ന് രഹസ്യ വിവരങ്ങള്‍ നല്‍കിയിരുന്നു. യുദ്ധ വാഹനങ്ങള്‍, മിസൈല്‍ ലക്ഷ്യങ്ങള്‍, ഹെലികോപ്റ്റര്‍ സഞ്ചാരം എന്നിങ്ങനെ റഷ്യയുടെ ഓരോ നീക്കങ്ങളും യുഎസ് ഇന്റലിജന്റ്‌സ് വിഭാഗം ഉക്രെയ്‌ന് കൈമാറി.

എന്നാല്‍ റഷ്യന്‍ സൈനീക ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുള്ള സ്ഥലങ്ങളെക്കുറിച്ചോ അവരുടെ വ്യക്തി വിവരങ്ങളോ യുദ്ധതന്ത്രങ്ങളോ കൈമാറാന്‍ യുഎസ് വിസമ്മതിച്ചു. റഷ്യന്‍ ജനറല്‍മാരെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ഇന്റലിജന്‍സ് വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയാന്‍ വാട്‌സണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



ഫെബ്രുവരിയില്‍ വ്‌ളാഡിമിര്‍ പുടിന്‍ ഉക്രെയ്ന്‍ അധിനിവേശം ആരംഭിക്കുമ്പോള്‍ അമേരിക്കയ്ക്ക് ഇരു രാജ്യങ്ങളോടും പ്രത്യേക മമത ഉണ്ടായിരുന്നില്ല. നിഷ്പക്ഷ നിലപാടാണ് അമേരിക്ക കൈക്കൊണ്ടത്. യുദ്ധം മുറുകിയതോടെ ഉക്രെയ്‌ന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. തുടര്‍ന്ന് അമേരിക്കയും പരസ്യ സഹായവുമായി രംഗത്തിറങ്ങി. എന്നാല്‍ റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് തങ്ങള്‍ ഇല്ലെന്ന സൂചനയും അമേരിക്ക നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.