പൈലറ്റിന് മതിയായ യോഗ്യതയില്ല; പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

പൈലറ്റിന് മതിയായ യോഗ്യതയില്ല; പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

ലണ്ടന്‍: വിമാനപ്പറത്തലില്‍ പൈലറ്റിന് മതിയായ യോഗ്യത ഇല്ലാത്തതിനാല്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട വെര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്ന് 40 മിനിറ്റിന് ശേഷമാണ് ഒന്നാം പൈലറ്റിന് ആവശ്യമായ യോഗ്യത ഇല്ല എന്ന് ക്യാപ്റ്റന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് വിമാനം ഹീത്രു എയര്‍പേര്‍ട്ടില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

യോഗ്യനായ മറ്റൊരു പൈലറ്റിനെ പകരം നിയോഗിച്ച ശേഷമാണ് വീണ്ടും വിമാനം പറന്നുയര്‍ന്നത്. ന്യൂയോര്‍ക്കില്‍ വിമാനം എത്തിയപ്പോള്‍ ചാര്‍ട്ട് ചെയ്ത സമയത്തേക്കാള്‍ രണ്ട് മണിക്കൂറും 40 മിനിറ്റും വൈകി. ഇതോടെ യാത്രക്കാര്‍ ബഹളം ഉണ്ടാക്കുകയും വിമാനക്കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. വിമാനം വൈകിയതില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തിയതോടെയാണ് യാത്രക്കാര്‍ അടങ്ങിയത്.

തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വെര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനക്കമ്പനിയുടെ ഫ്‌ളൈറ്റ് വിഎസ് 3 എന്ന വിമാനം നിറയാത്രക്കാരുമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുമ്പോള്‍ എല്ലാം സാധാരണ നിലയിലായിരുന്നു. 45 മിനിറ്റ് കഴിഞ്ഞതോടെ കാര്യങ്ങള്‍ തകിടംമിറിഞ്ഞു. പൈലറ്റ് ക്യാമ്പിനില്‍ 'റോസ്റ്ററിംഗ് പിശക്' കണ്ടെത്തിയതോടെ വിമാനം തിരികെ ഇറക്കുകയാണെന്ന ക്യാപ്റ്റന്റെ സന്ദേശം യാത്രക്കാരിലെത്തി. എന്നാല്‍ കാരണം എന്താണെന്നത് വ്യക്തമായിരുന്നില്ല.



ഈ സമയം വിമാനം അയര്‍ലന്റിന് മുകളിലെത്തിയിരുന്നു. പിന്നീട് ഹീത്രൂ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ ഒന്നാം പൈലറ്റിനെ മാറ്റി പകരം യോഗ്യതയുള്ള പൈലറ്റിനെ നിയമിച്ച ശേഷമാണ് തുടര്‍യാത്രയ്ക്ക് വിമാനം പറന്നുയര്‍ന്നത്.

2017 ല്‍ വെര്‍ജിന്‍ അറ്റ്‌ലാന്റിക്കില്‍ ചേര്‍ന്ന ആളായിരുന്നു ഫസ്റ്റ് ഓഫീസര്‍. വിമാനം പറപ്പിക്കാനുള്ള പൂര്‍ണമായ പരിശീലനം ഇയാള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. വിമാനത്തിന്റെ നിയന്ത്രണം ക്യാപ്റ്റന് ആണെങ്കിലും വിമാനത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ ആത്യന്തിക ഉത്തരവാദിത്തം ഒന്നാം പൈലറ്റിനാണ്. പൂര്‍ണ്ണമായും യോഗ്യത നേടിയവരെ മാത്രമേ ഒന്നാം പൈലറ്റായി നിയമിക്കാറുള്ളു. ഇവിടെ സംഭവിച്ചതിന്റെ യഥാര്‍ഥ കാരണം പരിശോധിച്ചു വരികെയാണെന്ന് വെര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ലൈന്‍സ് പ്രതിനിധികള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.