'പോളണ്ടിലെ മദര്‍ തെരേസ' ഇപ്പോള്‍ ഉക്രെയ്ന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷക

'പോളണ്ടിലെ മദര്‍ തെരേസ' ഇപ്പോള്‍ ഉക്രെയ്ന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷക

'നമ്മള്‍ രാത്രിയില്‍ കിടക്കയിലേക്ക് പോകുമ്പോള്‍ ഇവര്‍ തെരുവിലെ മാലിന്യ കുമ്പാരത്തിലേക്കാണ് പോകുന്നത്'. സുഹൃത്തിന്റെ ഈ വാക്കുകള്‍ പതിഞ്ഞത് മല്‍ഗോര്‍സത്തയുടെ ഹൃദയത്തിലായിരുന്നു.

വാഴ്‌സാ: സിസ്റ്റര്‍ മല്‍ഗോര്‍സത്ത ചിമിലെവ്‌സ്‌ക... പോളണ്ടുകാര്‍ക്ക് സുപരിചിതമാണ് ഈ പേര്. പ്രത്യേകിച്ച് അശരണരായി തെരുവില്‍ അലയുന്നവര്‍ക്ക്. ഇപ്പോള്‍ ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്കും സിസ്റ്റര്‍ മല്‍ഗോര്‍സത്ത ചിമിലെവ്‌സ്‌കയെ നന്നായറിയാം.

ഈ പേര് കേള്‍ക്കുമ്പോള്‍ ഇതൊരു സന്യാസിനിയാണെന്ന് തോന്നാം. എന്നാല്‍ സമര്‍പ്പിതയായി ജീവിക്കുന്ന ഒരു അല്‍മായ വനിതയാണ് 'പോളണ്ടിലെ മദര്‍ തെരേസ'യെന്ന് അറിയപ്പെടുന്ന സിസ്റ്റര്‍ മല്‍ഗോര്‍സത്ത. തെരുവില്‍ കഴിയുന്ന 300 പേര്‍ക്കാണ് പോളണ്ടിലെ 11 ഭവനങ്ങളിലായി ഇതിനോടകം സിസ്റ്റര്‍ അഭയമൊരുക്കിയത്.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ അഭയാര്‍ത്ഥികളായവരെ സ്വീകരിക്കാനും അവര്‍ക്ക് അഭയമൊരുക്കാനും അവര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. ഉക്രെയ്ന്‍ ഒരു യുദ്ധ ഭൂമിയാകുമെന്ന് സിസ്റ്റര്‍ പ്രതീക്ഷിച്ചിരുന്നില്ല. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24 ന് രാവിലെ ഒരു ഉക്രേനിയന്‍ ജോലിക്കാരന്‍ സിസ്റ്റര്‍ താമസിക്കുന്ന ഭവനത്തിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന് പുറത്തുവന്ന സിസ്റ്ററിനോട് അദ്ദേഹം ഭയന്നുവിറച്ച് പറഞ്ഞത് ഉക്രെയ്‌നില്‍ റഷ്യ യുദ്ധം തുടങ്ങിയിരിക്കുന്നു എന്നാണ്.

ഏതാനും നാളുകള്‍ക്ക് മുമ്പ് സിസ്റ്റര്‍ മല്‍ഗോര്‍സത്ത പോളണ്ടിലെ അവരുടെ ഒരു ഹോസ്റ്റല്‍ അടച്ചു പൂട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കെട്ടിടത്തില്‍ 20 ഉക്രെയ്ന്‍ കുടുംബങ്ങളാണ് താമസിക്കുന്നത്. മാത്രമല്ല, അവരുടെ അനേകം ഭവനങ്ങളിലേക്ക് ധാരാളം അഭയാര്‍ത്ഥികള്‍ എത്തിക്കഴിഞ്ഞു. പലരും പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നത്.

എന്നിരുന്നാലും അവര്‍ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും സിസ്റ്റര്‍ അവിടെ ഒരുക്കിയിട്ടുണ്ട്. വാര്‍സോവിലും ക്രാക്കോവിലും ഉള്ള ഭവനങ്ങളില്‍ താമസിക്കുന്ന ഉക്രെയ്ന്‍കാര്‍ക്ക് പോളണ്ടില്‍ ബന്ധുക്കളുണ്ട്. അവര്‍ വൈകാതെ തന്നെ അവരുടെ അടുത്തേക്ക് പോകും. എന്നാല്‍ പോളണ്ടില്‍ പരിചയക്കാര്‍ ആരുമില്ലാത്ത ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ ദീര്‍ഘനാളുകള്‍ സംരക്ഷിക്കാനാണ് സിസ്റ്റര്‍ മല്‍ഗോര്‍സത്തയുടെ തീരുമാനം.

ഒരിക്കല്‍ ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ പോളണ്ടിന്റെ അതിര്‍ത്തിയില്‍ നിന്ന് സ്വീകരിക്കാനായി ഒരു മിനി ബസിന്റെ ആവശ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ സിസ്റ്റര്‍ അവരുടെ വാഹനം വിട്ടുനല്‍കാന്‍ തയാറായി. അതുപോലെ ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും ബെഡുകള്‍ പോലും നല്‍കി.

1988 ലാണ് സിസ്റ്റര്‍ മല്‍ഗോര്‍സത്തയ്ക്ക് ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധമുണ്ടാകുന്നത്. അക്കാലത്താണ് അവര്‍ ദേവാലയങ്ങളില്‍ അന്തിയുറങ്ങുന്ന മനുഷ്യരെ കണ്ടുമുട്ടുന്നത്. പലപ്പോഴും ദേവാലയ ശുശ്രൂഷകള്‍ കഴിഞ്ഞാല്‍ അക്കൂട്ടര്‍ പുറത്താക്കപ്പെടും.

ഈ ദൃശ്യം കണ്ട സിസ്റ്ററിന്റെ ഒരു സുഹൃത്ത് ഇപ്രകാരം പറയുകയുണ്ടായി: 'നമ്മള്‍ രാത്രിയില്‍ കിടക്കയിലേക്ക് പോകുമ്പോള്‍ ഇവര്‍ തെരുവിലെ മാലിന്യ കുമ്പാരത്തിലേക്കാണ് പോകുന്നത്'. സുഹൃത്തിന്റെ ഈ വാക്കുകള്‍ പതിഞ്ഞത് മല്‍ഗോര്‍സത്തയുടെ ഹൃദയത്തിലായിരുന്നു. അന്നെടുത്ത തീരുമാനമാണ് ഇപ്പോള്‍ സിസ്റ്റര്‍ മല്‍ഗോര്‍സത്ത ചിമിലെവ്‌സ്‌കയെ 'പോളണ്ടിലെ മദര്‍ തെരേസ' ആക്കി മാറ്റിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.