2028 ഓടെ ട്വിറ്റര്‍ വരുമാനം 26.4 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യം; ട്വിറ്ററിന്റെ താല്‍കാലിക സിഇഒ ആയി മസ്‌ക് എത്തിയേക്കും

2028 ഓടെ ട്വിറ്റര്‍ വരുമാനം 26.4 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യം; ട്വിറ്ററിന്റെ താല്‍കാലിക സിഇഒ ആയി മസ്‌ക് എത്തിയേക്കും

ഫ്‌ളോറിഡ: ട്വിറ്ററിന്റെ ഉടമസ്ഥാവകാശം പുതിയ കൈകളില്‍ എത്തുന്നതോടെ വരുമാനത്തില്‍ വലിയ ഉയര്‍ച്ച ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌ക്. 2028 ആകുമ്പോഴേക്കും ട്വിറ്ററിന്റെ വാര്‍ഷിക വരുമാനം 26.4 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടിയുള്ള നീക്കങ്ങള്‍ മസ്‌ക് ആരംഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പരസ്യവരുമാനം കൂട്ടുക, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതല്‍ ഇടം നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ വര്‍ധിപ്പിക്കുക, സബ്‌സ്‌ക്രൈബേഴ്‌സില്‍ നിന്ന് ഫീസ് ഇടാക്കുക തുടങ്ങിയ ധനാഗമ മാര്‍ഗങ്ങളാണ് മസ്‌ക് ആലോചിക്കുന്നത്. ഒപ്പം ചിലവ് ചുരുക്കുന്നതിനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടികള്‍ക്കും നീക്കം നടക്കുന്നുണ്ട്.

പരസ്യവരുമാനത്തില്‍ നിന്ന് 12 ബില്യണ്‍ ഡോളറും സബ്‌സ്‌ക്രിപ്ഷന്‍ വഴി 10 ബില്യണ്‍ ഡോളറുമാണ് പ്രതീക്ഷിക്കുന്നത്. വരുമാനം 2025 ല്‍ 3.2 ബില്യണ്‍ ഡോളറായും 2028 ല്‍ 9.4 ബില്യണ്‍ ഡോളറായും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. തന്റെ പരിഷ്‌കാരങ്ങള്‍ കമ്പനിയില്‍ നടപ്പാക്കാന്‍ താല്‍ക്കാലികമായെങ്കിലും ട്വിറ്ററിന്റെ സിഇഒ ആയി മസ്‌ക് വന്നേക്കുമെന്നും സൂചനയുണ്ട്.

ഏറെ വിലപേശലിനൊടുവില്‍ 44 ബില്യണ്‍ ഡോളറിനാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.  അഭിപ്രായ സ്വാതന്ത്ര്യം കുറേക്കൂടി സുതാര്യവും സുഗമമവും ആക്കാനാവശ്യമായ പരിഷ്‌കാരങ്ങള്‍ക്കാകും പ്രഥമ പരിഗണന നല്‍കുകയെന്ന് മസ്‌ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നോട്ടമിടുന്നത്.

ഉപയോക്താക്കളെ പോലും വരുമാനമാര്‍ഗത്തിനുള്ള ഉപകരണമാക്കുകയാണ് മസ്‌ക്. 2028 ല്‍ 30.22 ഡോളറിന്റെ വരുമാനം ഓരോ ഉപയോക്താക്കള്‍ വഴി നേടിയെടുക്കാനാണ് ലക്ഷ്യം. ഇതിനായി കമ്പനിയുടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂവില്‍ 2025 ഓടെ 69 ദശലക്ഷം ഉപയോക്താക്കളെ ഉള്‍പ്പെടുത്തും.

നിക്ഷേപം സ്വീകരിച്ചും ട്വിറ്ററിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്. ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍, സെക്കോയ ക്യാപിറ്റല്‍ ഗ്രൂപ്പ് എന്നിവരുള്‍പ്പെടെ ഇതിനോടകം തന്നെ 7.14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഉറപ്പാക്കി കഴിഞ്ഞു. 19 നിക്ഷേപകരില്‍ നിന്നായി 27.25 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.